തിയേറ്ററില്‍ ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയതിന് ശേഷം ഒ.ടി.ടിയിലെത്തുകയും പിന്നീട് ട്രോളന്മാര്‍ വലിച്ചുകീറുകയും ചെയ്ത ചിത്രമാണ് സുമതി വളവ്. മാളികപ്പുറം ഒരുക്കിയ വിഷ്ണു ശശിശങ്കറും അഭിലാഷ് പിള്ളയുമാണ് സുമതി വളവിന്റെയും സൃഷ്ടാക്കള്‍. 80കളില്‍ പുറത്തിറങ്ങേണ്ട ചിത്രം 2025ല്‍ റിലീസ് ചെയ്തു എന്നാണ് ഒ.ടി.ടി റിലീസിന് ശേഷം ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
ഒ.ടി.ടി റിലീസിന് പിന്നാലെ ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ട സീനായിരുന്നു ചിത്രത്തിന്റെ ഇന്റര്‍വെല്‍. വളരെ സീരിയസായി പോകുന്ന സീനിനെ മനോജ് കെ.യുവിന്റ ഒരൊറ്റ ഡയലോഗ് വെറും കോമഡി പീസാക്കി മാറ്റി. ‘നീ ഇവിടെ നിക്കുവാണോ, നിനക്ക് പ്രസവിക്കയൊന്നും വേണ്ടേ’ എന്ന ഡയലോഗ് ട്രോള്‍ പേജുകള്‍ ഏറ്റെടുത്തു.
എന്നാല്‍ സ്‌ക്രിപ്റ്റില്‍ താന്‍ ഈ ഡയലോഗ് എഴുതിയിട്ടില്ലെന്നും ആ സീനില്‍ അഭിനയിച്ച മനോജ് കെ.യു കൈയില്‍ നിന്ന് ഇട്ടതാണെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഷൂട്ടിന്റെ സമയത്ത് ആ ഡയലോഗ് കേട്ട് എല്ലാവരും ചിരിച്ചെന്നും എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷമാണ് ആ ഡയലോഗിന് പ്രശ്‌നമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടതെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അഭിലാഷ് പിള്ളയുടെ വാക്കുകള്‍ ട്രോളന്മാര്‍ക്ക് കൂടുതല്‍ പ്രചോദനമായിരിക്കുകയാണ്. ആ ഡയലോഗ് ഒഴികെ ബാക്കിയെല്ലാം നല്ലതാണല്ലോ എന്നാണ് പലരും ട്രോളുന്നത്. തിയേറ്റര്‍ റിലീസിന്റെ സമയത്ത് ഈ ഡയലോഗ് ആരെങ്കിലും ട്രെന്‍ഡാക്കിയിരുന്നെങ്കില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി കളക്ഷന്‍ കിട്ടിയേനെയെന്നും പരിഹസിക്കുന്നവരുണ്ട്.
‘ലോകോത്തര നിലവാരത്തില്‍ എത്തേണ്ട സിനിമയെ ഒരൊറ്റ ഡയലോഗ് കൊണ്ട് ഇല്ലാതാക്കിയ മനോജിന് മാപ്പില്ല’, ‘ആര് കൈയില്‍ നിന്ന് ഇട്ടാലും എഡിറ്റിന്റെ സമയത്ത് ആ ഡയലോഗ് മാറ്റാന്‍ വേണ്ടിയല്ലേ സംവിധായകന്‍’, ‘ഒരൊറ്റ ഡയലോഗ് കൊണ്ട് സീരിയസ് സിനിമയെ മൊത്തം കോമഡിയാക്കി,’ എന്നിങ്ങനെയാണ് പരിഹാസങ്ങള്‍. ചിത്രത്തിന്റെ കഥയെയും അഭിലാഷ് പിള്ളൈയുടെ അഭിനയത്തെയും ട്രോളുന്നവരുണ്ട്.