എന്തായാലും ബ്രിട്ടീഷുകാര്‍ ഉപ്പുകുറുക്കാന്‍ സമ്മതിക്കില്ല, എന്നാല്‍ പിന്നെ ഉപ്പുസത്യാഗ്രഹം വേണ്ടെന്നുവെച്ചേക്കാം; കശ്മീര്‍ വിഷയത്തില്‍ യൂത്ത് ലീഗിനെ പരിഹസിച്ച് അഭിലാഷ് മോഹന്‍
Kashmir Turmoil
എന്തായാലും ബ്രിട്ടീഷുകാര്‍ ഉപ്പുകുറുക്കാന്‍ സമ്മതിക്കില്ല, എന്നാല്‍ പിന്നെ ഉപ്പുസത്യാഗ്രഹം വേണ്ടെന്നുവെച്ചേക്കാം; കശ്മീര്‍ വിഷയത്തില്‍ യൂത്ത് ലീഗിനെ പരിഹസിച്ച് അഭിലാഷ് മോഹന്‍
ന്യൂസ് ഡെസ്‌ക്
Thursday, 29th August 2019, 12:02 pm

കോഴിക്കോട്: കശ്മീരില്‍ പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം രാഷ്ട്രീയനാടകമായിരുന്നെന്ന യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സാബിര്‍ ഗഫാറിന്റെ പ്രതികരണത്തെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍. മീഡിയ വണ്ണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചക്കിടെയായിരുന്നു അഭിലാഷിന്റെ പ്രതികരണം.

നേതാക്കളെ കടത്തിവിടില്ലെന്ന് അറിയാമായിരുന്നതിനാലാണ് ലീഗ് നേതാക്കള്‍ കശ്മീരിലേക്ക് പോകാതിരുന്നതെന്നായിരുന്നു സാബിര്‍ ഗഫാര്‍ മീഡിയ വണ്ണിനോട് പറഞ്ഞിരുന്നത്.

‘ഒന്നാലോചിച്ച് നോക്കൂ ഇനി ഉപ്പുസത്യാഗ്രഹം നടന്ന കാലത്തെങ്ങാനും ലീഗ് ആണ് അത് നടത്തിയിരുന്നതെങ്കില്‍ എന്തായാലും ബ്രട്ടീഷുകാര്‍ ഉപ്പുകുറുക്കാന്‍ സമ്മതിക്കില്ല. അതുകൊണ്ട് ഞങ്ങളത് വേണ്ടെന്ന് വെച്ചേക്കാം എന്നത് പോലെയുള്ള നിലപാടല്ലേ അത്’- ഇതായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ലീഗ് പ്രതിനിധി അബ്ദുറഹ്മാന്‍ രണ്ടത്താണിയോട് അഭിലാഷിന്റെ ചോദ്യം.


നാളെ (വ്യാഴാഴ്ച) സീതാറാം യെച്ചൂരി കശ്മീരിലേക്ക് പോകുകയാണ്. ആഗസ്റ്റ് 4 ന് ശേഷം കശ്മീരിലെത്തുന്ന സര്‍ക്കാരിന്റെ ഭാഗമല്ലാത്ത ആദ്യ ജനനേതാവ് കൂടിയായിരിക്കും സീതാറാം യെച്ചൂരി. അങ്ങനെയൊരു ഇടപെടല്‍ നടത്താന്‍ കഴിയും എന്ന് തെളിയിച്ചല്ലോ സീതാറാം യെച്ചൂരി.

അത് മറ്റ് രാഷ്ട്രീയകക്ഷികള്‍ക്കും ആകാമായിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികള്‍ അങ്ങോട്ട് പോകാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തു. മുസ്ലീം ലീഗ് ഈ പറയുന്ന ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല- ഇതായിരുന്നു അഭിലാഷിന്റെ ആദ്യ ചോദ്യം.

എന്നാല്‍ കശ്മീര്‍ വിഷയത്തെ ഒരിക്കലും രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നമായി അല്ല കാണുന്നത്. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ പോയതിനോട് ലീഗ് പൂര്‍ണ്ണമായി പിന്തുണയ്ക്കുകയാണെന്നായിരുന്നു അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ മറുപടി.

‘ലീഗിന്റെ എം.പിമാരില്‍ ഏറെ പേരും കേരളത്തില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ വലിയൊരു ദുരന്തം നടക്കുകയാണ്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടവരാണ് ആ നേതാക്കന്‍മാരൊക്കെ. അവിടെ നിന്ന് ദല്‍ഹിയില്‍ ആ സമയത്ത് എത്തിച്ചേരാന്‍ കഴിയാത്തതിന് കാലതാമസമുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മതേതരകക്ഷി നേതാക്കളെടുത്ത തീരുമാനത്തില്‍ ലീഗ് അടിയുറച്ച പിന്തുണ നല്‍കുന്നുണ്ട്’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് ശേഷമായിരുന്നു ഉപ്പുസത്യാഗ്രഹത്തെ പരാമര്‍ശിച്ചുകൊണ്ടുള്ള അഭിലാഷിന്റെ ചോദ്യം

താങ്കള്‍ നേരത്തെ സൂചിപ്പിച്ച പോലെ പ്രളയം ഉണ്ടായി ദുരന്തമുഖത്തായിരുന്നു നേതാക്കള്‍ എന്നുള്ളത് കൊണ്ടാണ് ലീഗ് ആ സംഘത്തിലുണ്ടായിരുന്നത് എന്ന അഭിപ്രായമല്ല പക്ഷേ ദേശീയ നേതൃത്വത്തിന്. ഇന്ന് യൂത്ത് ലീഗിന്റെ ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാര്‍ പറഞ്ഞത് എന്തായാലും ശ്രീനഗറില്‍ നിന്ന് തിരിച്ചയക്കും അത് ഞങ്ങള്‍ക്കറിയാമായിരുന്നു അതുകൊണ്ടാണ് പോകാതിരുന്നത് എന്നാണ്. അപ്പോള്‍ അതാണ് ന്യായം.

ഒന്നാലോചിച്ച് നോക്കൂ ഇനി ഉപ്പുസത്യാഗ്രഹം നടന്ന കാലത്തെങ്ങാനും ലീഗ് ആണ് അത് നടത്തിയിരുന്നതെങ്കില്‍ എന്തായാലും ബ്രട്ടീഷുകാര്‍ ഉപ്പുകുറുക്കാന്‍ സമ്മതിക്കില്ല. അതുകൊണ്ട് ഞങ്ങളത് വേണെന്ന് വെച്ചേക്കാം എന്നത് പോലെയുള്ള നിലപാടല്ലേ അത് എന്നായിരുന്നു അഭിലാഷ് മോഹന്റെ ചോദ്യം.

എന്നാല്‍ ആ പരാമര്‍ശത്തിലേക്ക് മാത്രമായി വിഷയത്തെ ഒതുക്കരുതെന്നായിരുന്നു രണ്ടത്താണിയുടെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അങ്ങനെ അതിനെയൊരു പരിഹാസ്യമായി കാണേണ്ട വിഷയമല്ല അത്. ഗൗരവമുള്ള ഒരു വിഷയത്തെ നിങ്ങള്‍ വീണ്ടും ചെറിയ ട്വിസ്റ്റിലേക്ക് കൊണ്ടുപോകുകയാണ്. നമ്മുടെ രാജ്യത്തിന്റെ വളരെ ഗുരുതരമായ വിഷയമായാണ് കശ്മീര്‍ കാണേണ്ടത്. ഗൗരവമായ വിഷയത്തെ ഒരു നേതാവിന്റ കൊച്ചുപ്രസ്താവനയുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഞങ്ങളുടെ നേതൃത്വം യോഗം ചേര്‍ന്ന് തീരുമാനമെടുത്തല്ലോ.. അപ്പോള്‍ യൂത്ത് ലീഗിന്റെ ഏതെങ്കിലും ഒരു നേതാവ് പറഞ്ഞ സ്റ്റേറ്റുമെന്റും ഇതും തമ്മില്‍ ഏറ്റുമുട്ടുന്നത് എന്നുള്ള രീതിയില്‍ വ്യാഖ്യാനിക്കപ്പെടേണ്ട വിഷയമല്ല കശ്മീര്‍.’

നേരത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചത് രാഷ്ട്രീയ നാടകമാണെന്നായിരുന്നു ഗഫാര്‍ പറഞ്ഞത്. കശ്മീര്‍ സന്ദര്‍ശനത്തില്‍ ലീഗ് എം.പിമാര്‍ പങ്കെടുക്കാത്തതിനെതിരെ അണികള്‍ക്കിടയില്‍ സാമൂഹ്യമാധ്യങ്ങളില്‍ വിമര്‍ശനം ശക്തമായിരിക്കെയാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റിന്റെ പ്രതികരണം.

‘കശ്മീര്‍ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ എടുത്ത തീരുമാനം ഒട്ടും ജനാധിപത്യപരമല്ല. ഭരണഘടനാ സംവിധാനത്തെ തകര്‍ക്കുന്നതാണിത്.’

അതേസമയം യൂത്ത് ലീഗ് നിലപാട് തള്ളി ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പെട്ടെന്ന് തീരുമാനിച്ച യാത്രയായതിനാലാണ് കശ്മീര്‍ സന്ദര്‍ശനത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ആ സമയത്ത് ദല്‍ഹിയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളാണ് യാത്രയില്‍ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

WATCH THIS VIDEO: