ഇതും ലോലിപോപ്പാണോ? കിങ് ഓഫ് കൊത്ത ട്രോളുകള്‍ക്ക് മറുപടിയുമായി സംവിധായകന്‍
Movie Day
ഇതും ലോലിപോപ്പാണോ? കിങ് ഓഫ് കൊത്ത ട്രോളുകള്‍ക്ക് മറുപടിയുമായി സംവിധായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2023, 3:26 pm

അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ദുല്‍ഖറിനെ നായകനാക്കി ഓണം റിലീസായി എത്തിയ ചിത്രമാണ് കിങ് ഓഫ് കൊത്ത. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ ലഭിച്ചത്.

കൊത്ത എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലെ രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ രണ്ട് ഗെറ്റപ്പിലാണ് എത്തുന്നത്. രണ്ട് കൈകളും മുകളിലേക്ക് പിടിച്ചുള്ള പ്രത്യേകതരം നില്‍പ്പ് അടക്കം ഈ കഥാപാത്രത്തെ മാസ് ആന്‍ഡ്
സ്റ്റൈലിഷാക്കാന്‍ ഒരുപിടി എലമെന്റുകള്‍ സംവിധായകന്‍ അഭിലാഷ് ജോഷി ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.

ദുല്‍ഖറിന്റെ സ്റ്റൈലിനെ എന്‍ഹാന്‍സ് ചെയ്യാന്‍അവതരിപ്പിച്ച മറ്റൊരു ഘടകം സിഗററ്റായിരുന്നു. സിഗററ്റ് വായില്‍ വെച്ച് നടക്കുന്ന നായകനെ ഒരുപാട് സീനില്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇത് ചിത്രത്തില്‍ വേണ്ടവിധം വര്‍ക്കായില്ലെന്ന വിമര്‍ശനവും ട്രോളുകളുമുണ്ട്. ഇതിനെ ലോലി പോപ്(കോലുമിഠായി) സീന്‍ ആയിട്ടാണ് ട്രോളുകള്‍ വിശേഷിപ്പിച്ചത്. റിവ്യൂവര്‍ അശ്വന്ത് കോക്ക് കൊത്തയുമായി ബന്ധപ്പെട്ട തന്റെ റിവ്യു തുടങ്ങുന്നതും കോലുമിഠായി കടിച്ച് പിടിച്ച് സിനിമയിലെ ഒരു ഡയലോഗ് പറഞ്ഞ് പരിഹസിച്ചായിരുന്നു. ഇങ്ങനെയുള്ള ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്ക് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി പറയുകയാണിപ്പോള്‍ സംധായകന്‍ അഭിലാഷ് ജോഷി.

അഭിലാഷ് ജോഷി

വിക്രം എന്ന ചിത്രത്തില്‍ കമല്‍ ഹാസനും, രജനി ചിത്രം ജയിലറില്‍ ബോളിവുഡ് നടന്‍ ജാക്കി ഷ്‌റോഫും സിഗററ്റ് ചുണ്ടത്ത് വെച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഇതും ലോലി പോപ്പ് ആണോ എന്നാണ് അഭിലാഷ് ജോഷി ചോദിക്കുന്നത്. ലോലിപോപ്പ് എന്ന് എഴുതി ചോദ്യചിഹ്നത്തോടെയാണ് സംവിധായകന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഓഗസ്റ്റ് 24നായിരുന്നു കിങ് ഓഫ് കൊത്ത തിയേറ്ററില്‍ എത്തിയിരുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിക്കുന്നത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

Content Highlight: Abhilash Joshiy’s responds  about King of Kotha trolls