മലേഷ്യയെ ചാരമാക്കിയ ഡബിള്‍ സെഞ്ച്വറി; കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ!
Sports News
മലേഷ്യയെ ചാരമാക്കിയ ഡബിള്‍ സെഞ്ച്വറി; കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ!
ശ്രീരാഗ് പാറക്കല്‍
Tuesday, 16th December 2025, 2:55 pm

അണ്ടര്‍-19 ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കിടിലന്‍ ഡബിള്‍ സെഞ്ച്വറിയടിച്ച് അഭിഗ്യാന്‍ അഭിഷേക് കുണ്ടു. മലേഷ്യക്കെതിരെ അഞ്ചാമനായി ഇറങ്ങി 125 പന്തില്‍ 17 ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെ 209 റണ്‍സ് നേടി പുറത്താകാതെയാണ് അഭിഗ്യാന്‍ തിളങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ താരം 167.20 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് എതിരാളികളെ തല്ലിത്തകര്‍ത്തത്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ബോയ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സാണ് അടിച്ചെടുത്തത്. അഭിഗ്യാന് പുറമെ 90 റണ്‍സ് നേടി വേദാന്ത് ത്രിവേണിയും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. 106 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അര്‍ധ സെഞ്ച്വറി നേടി സൂപ്പര്‍ കിഡ് വൈഭവ് സൂര്യവംശിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 26 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 50 റണ്‍സ് നേടിയാണ് വൈഭവ് കൂടാരം കയറിയത്.
ക്യാപ്റ്റനും ഓപ്പണറുമായ ആയുഷ് മാത്രെ 14 റണ്‍സ് നേടിയപ്പോള്‍ ഏഴാമന്‍ കനിഷ്‌ക് ചൗഹാനും 14 റണ്‍സിന്റെ സംഭാവന നല്‍കി.

അതേസമയം മലേഷ്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ചത് അക്രം മാലിക്കാണ്. 10 ഓവറില്‍ 89 റണ്‍സ് വഴങ്ങിയെങ്കിലും അഞ്ച് ഇന്ത്യന്‍ താരങ്ങളെ കൂടാരം കയറ്റിയാണ് താരം മികവ് തെളിയിച്ചത്. നഗിനേശ്വരന്‍ സത്‌നകുമാരന്‍, ജാഷ്‌വിന്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും ടീമിനായി നേടി.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലേഷ്യ മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സാണ് നേടിയത്. ടീമിന് വേണ്ടി ക്രീസിലുള്ളത് മുഹമ്മദ് ഹൈരില്‍ ഹൈരിസനും മുഹമ്മദ് അസിറഫ് റൈഫിയുമാണ്.

Content Highlight: Abhigyan Abhishek Kundu hits a stunning double century for India in the U-19 Asia Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ