'ഈ ചിത്രത്തെ ചരിത്രം ദയയോടെ നോക്കില്ല'; ധനുഷ് ചിത്രത്തിനെതിരെ നടന്‍ അഭയ് ഡിയോള്‍
Movie Day
'ഈ ചിത്രത്തെ ചരിത്രം ദയയോടെ നോക്കില്ല'; ധനുഷ് ചിത്രത്തിനെതിരെ നടന്‍ അഭയ് ഡിയോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th August 2020, 11:05 am

മുംബൈ: നടന്‍ ധനുഷിന്റെ ബോളിവുഡ് ചിത്രമായിരുന്നു രജ്ജന. ആനന്ദ് എല്‍. രാജ് സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ധനുഷിനൊപ്പം ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, അഭയ് ഡിയോള്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഇപ്പോള്‍ ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ചിത്രത്തില്‍ ധനുഷിനൊപ്പം  മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഭയ് ഡിയോള്‍. ചിത്രം ലൈംഗികാക്രമത്തെ മഹത്വവല്‍ക്കരിക്കുന്നു എന്നാണ്  അഭയ് ഡിയോള്‍  പറയുന്നത്.

ഓള്‍ഡ് സ്‌കൂള്‍ റിബല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ചിത്രത്തെക്കുറിച്ചു വന്ന വിശകലനം പരാമര്‍ശിച്ചു കൊണ്ടാണ്  നടന്റെ അഭിപ്രായ പ്രകടനം.

‘ വ്യക്തവും സാധുതയുള്ളതുമായ ഉള്‍ക്കാഴ്ച. ചരിത്രം ഈ സിനിമയെ അതിന്റെ പിന്തിരിപ്പന്‍ സന്ദേശം കാരണം ദയയോടെ കാണില്ല. ഇത്  പതിറ്റാണ്ടുകളായി ബോളിവുഡിലെ ഒരു തീം ആണ്. അവിടെ ഒരു ആണ്‍കുട്ടിക്ക്  ഒരു പെണ്‍കുട്ടിയുടെ മനസ്സലിയുന്നതു വരെ പിന്തുടരാനാവും, സിനിമയില്‍ മാത്രമാണ് അവള്‍ ഇതിന് സമ്മതിക്കുന്നത്.  യഥാര്‍ത്ഥത്തില്‍ ഇത് ഒരു തരത്തില്‍ ലൈംഗിക അതിക്രമത്തിലേക്ക് നയിക്കുന്നതായാണ് നാം കാണുക. ഇത് സ്‌ക്രീനില്‍ മഹത്വവല്‍ക്കരിക്കുന്നത് ഇരയെ കുറ്റപ്പെടുത്തുന്നതിലേക്കാണ് നയിക്കുക,’ അഭയ് ഡിയോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തെ ബോളിവുഡിലെ സ്വജനപക്ഷപാതം വിവാദമായപ്പോള്‍ അഭയ് ഡിയോള്‍ രംഗത്തെത്തിയിരുന്നു. ഹൃതിക് റോഷനൊപ്പം അഭിനയിച്ച സിന്തഗി നാ മിലേഗി ദൊബാര വിജയമായതിനു പിന്നാലെ ചിത്രത്തിനു ലഭിച്ച അവാര്‍ഡുകളില്‍ ഹൃതിക് റോഷനെ മാത്രമേ കേന്ദ്ര കഥാപാത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചതെന്നും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രങ്ങളായ തനിക്കും ഫര്‍ഹാന്‍ അക്തറിനും സഹതാരത്തിനുള്ള നോമിനേഷന്‍ മാത്രമാണ് ലഭിച്ചതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ