മലപ്പുറം: മുസ്‌ലിം ലീഗ് നേതൃത്വവുമായുള്ള അതൃപ്തിയെത്തുടര്‍ന്ന് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി.
താന്‍ ആത്യന്തികമായി ഒരു മുസ്‌ലിം ലീഗുകാരനാണെന്നും പാണക്കാട് കുടുംബത്തിന്റെ തീരുമാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തന്റെ പ്രയാസങ്ങള്‍ നേതൃത്വത്തെ അറിയിച്ചതായും അതില്‍ അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി പാണക്കാട്ടെത്തി സയ്യിദ് ശിഹാബ് തങ്ങളുമായും മുനവ്വറലി ശിഹാബ് തങ്ങളുമായും രണ്ടത്താണി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് രണ്ടത്താണി പാണക്കാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട തന്റെ വിയോജിപ്പുകള്‍ അദ്ദേഹം നേതൃത്വത്തെ നേരിട്ട് അറിയിച്ചു.
‘ഇന്നലെ പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ ഞാന്‍ കണ്ടിരുന്നു. ശിഹാബ് തങ്ങള്‍ അടക്കമുള്ളവരുമായി സംസാരിച്ചു. എന്റെ പ്രയാസങ്ങള്‍ അവരുടെ മുന്‍പില്‍ അവതരിപ്പിച്ചു, അവര്‍ അത് അതീവ ഗൗരവപൂര്‍വ്വം തന്നെയാണ് കേട്ടത്.
പാര്‍ട്ടിയില്‍ ഇനിയും നേതാക്കളുണ്ട്. ആ നേതാക്കളുമായും ആശയവിനിമിയം നടത്തുന്നുണ്ട്. പാര്‍ട്ടിക്കകത്തുള്ള വിഷയം എന്ന രീതിയിലാണ് ഞാന്‍ ഇതിനെ കാണുന്നത്. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് എന്റെ വിഷയമല്ല. ഞാന്‍ എന്റെ അതൃപ്തി നേതൃത്വത്തെ അവതരിപ്പിച്ചു.
ഒരു സ്ഥാനാര്‍ത്ഥിത്വത്തിന്റെ അതൃപ്തി മാത്രമല്ല. അതിനപ്പുറം വേറെയും കാര്യമുണ്ടാകും. ആത്യന്തികമായി ഞാനൊരു മുസ് ലിം ലീഗുകാരനാണ്. ഇന്നും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്ന ആളാണ്. പാണക്കാട് കുടുംബത്തിന്റെ തീരുമാനം സത്യസന്ധമായിരിക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ചില വിഷയങ്ങളില്‍ ഒരു സംശയദൂരീകരണം നടത്തുക മാത്രമാണ് ചെയ്തത്,’ രണ്ടത്താണി പറഞ്ഞു.
തിരൂരങ്ങാടിയില്‍ പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതായിരുന്നു രണ്ടത്താണിയെ ചൊടിപ്പിച്ചത്. താന്‍ താത്പര്യപ്പെട്ടിരുന്ന സീറ്റില്‍ മറ്റൊരാളെ പരിഗണിച്ചതിലുള്ള അതൃപ്തി അദ്ദേഹം പരസ്യമാക്കുകയും ചെയ്തിരുന്നു.
രണ്ടത്താണി പാര്‍ട്ടി വിടുമെന്ന സൂചനകള്‍ വന്നതോടെ അദ്ദേഹത്തെ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ സി.പി.ഐ.എം നീക്കം നടത്തിയതയുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. താനൂരോ തിരൂരങ്ങാടിയോ രണ്ടത്താണിയ്ക്ക് നല്‍കിയേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
Content Highlight: Abdurahiman Randathani about his Discussion with muslim League leaders