ഇന്ത്യയില്‍ അഞ്ചു നൂറ്റാണ്ടോളം നിലനിന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളില്‍ സവിശേഷമായ അധ്യായമാണ് മലബാര്‍ കലാപം. തികച്ചും വ്യത്യസ്തമായ ഒരു സാമൂഹിക രാഷ്ട്രീയ പരിസരത്തില്‍ നിഷ്‌കളങ്കമായ ദേശസ്നേഹവും പോരാട്ടവീര്യവും സമംചേര്‍ത്ത്, അര്‍ദ്ധ സംഘടിതമായി ഒരു ഗ്രാമീണ ജനത നടത്തിയ ചെറുത്തുനില്‍പിന്റെ ചരിത്രമാണത്. പതിനാറാം നൂറ്റാണ്ടുമുതല്‍ മലബാറിന്റെ തീരപ്രദേശങ്ങളില്‍ രൂപപ്പെട്ട സമരങ്ങള്‍ പത്തൊന്‍പതാം നൂറ്റാണ്ടോടെ വര്‍ദ്ധിത ജനപങ്കാളിത്തം കൈവരിക്കുകയും 1921 മലബാര്‍ കലാപത്തില്‍ കലാശിക്കുകയുമായിരുന്നു.

ഓരോ കാലഘട്ടങ്ങളിലും മാപ്പിള പ്രതിരോധങ്ങള്‍ക്ക് ‘മാതൃ രാഷ്ട്രത്തിന്റെ സംരക്ഷണം’ എന്ന പൊതുവായ കാരണത്തോടൊപ്പം സമകാലികമായ പുതിയൊരു പശ്ചാത്തലം കൂടിയുണ്ടായിരുന്നു. മാപ്പിള ജീവിതത്തിന്റെ സകലമേഖലകളിലുമെന്ന പോലെ അവരുടെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും ബൗദ്ധിക നേതൃത്വം നല്‍കിയത് മതപണ്ഡിതന്മാര്‍ തന്നെയാണ്. മലബാര്‍ കലാപവും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ല. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ പുതിയ മാനങ്ങള്‍ തേടുകയും പുതിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

ബ്രിട്ടീഷ്-ജന്മി കൂട്ടുകെട്ടിനെതിരെ മലബാറില്‍ നടന്ന സംഘടിത ചെറുത്തുനില്‍പ്പു ശ്രമങ്ങള്‍ വികൃതമായും വര്‍ഗീയമായും പുനരവതരിപ്പിക്കാന്‍ കലാപാനന്തരം കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായി. തങ്ങളുടെ കച്ചവട-മിഷിനറി-സാമ്രാജ്യത്വ അജണ്ടകള്‍ക്കെതിരെ പ്രതിരോധ സമരങ്ങള്‍തീര്‍ത്ത തദ്ദേശീയ ജനതക്കെതിരെ ഭരണകൂടം കെട്ടഴിച്ചുവിട്ട മൃഗീയ പീഡനങ്ങളും മനുഷ്യത്വ രഹിതമായ വംശഹത്യകളും വെളുപ്പിച്ചെടുക്കാന്‍ ഭരണകൂടം കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു അത്. എണ്ണമറ്റ കൂട്ടക്കൊലകളും ക്രൂരതകളും നടത്തിയ ബ്രിട്ടീഷ് പട്ടാളത്തിന് നേതൃത്വം നല്‍കിയ
ജി.ആര്‍.എഫ് ടോട്ടന്‍ഹാം(The Mappila Rebellion), ആര്‍.എച്ച് ഹിച്ച്കോക്ക് (A History of Malabar Rebellion), ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രചിച്ചുവച്ച മലബാര്‍ ചരിത്രഗ്രന്ഥങ്ങള്‍ കൊലയാളികളുടെ ആസൂത്രിതമായ മൊഴികളുടെ പകര്‍പ്പുകള്‍ മാത്രമാണ്.

ആര്‍.എച്ച് ഹിച്ച്കോക്ക്

കൊളോണിയല്‍ രചനകള്‍ക്കു ശേഷം അവ പകര്‍ത്തിയെഴുതിയും വിപുലപ്പെടുത്തിയും ആഖ്യാനങ്ങള്‍ നിര്‍മിച്ചത് കലാപത്തിന്റെ പഭോക്താക്കളിലെ രണ്ടാം വിഭാഗമായിരുന്നു സവര്‍ണ ഹിന്ദുക്കള്‍! ബ്രിട്ടീഷുകാര്‍ ചരിത്രാഖ്യാനം കൊണ്ട് അവരുടെ സാമ്രാജ്യത്വ വംശഹത്യകളെ നീതീകരിച്ചതു പോലെ സവര്‍ണ ചരിത്രകാരന്‍മാര്‍ ജന്മിമാരും പ്രഭുക്കളും മാപ്പിളമാരോടും ചെയ്ത ദയാരഹിതമായ അക്രമങ്ങളെയും ചൂഷണങ്ങളെയും നിയമ വല്‍കരിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ജി. ഗോപാലന്‍ നായര്‍ (The Mappila Rebellion), കെ മാധവന്‍ നായര്‍ (മലബാര്‍ കലാപം) പോലെയുള്ളവര്‍ മാപ്പിളമാരെ മത ഭ്രാന്തന്മാരും അക്രമസ്വഭാവമുള്ള വരുമായി ചിത്രീകരിക്കാന്‍ യാഥാര്‍ഥ്യങ്ങള്‍ സൗകര്യപൂര്‍വം മറച്ചുവച്ചും ഊഹാപോഹങ്ങളെ പെരുപ്പിച്ചുകാട്ടിയും രചനകള്‍ നടത്തി.

അതേസമയം, ഇതിനിടയില്‍ സത്യസന്ധമായ ചരിത്രം പറഞ്ഞവരുമുണ്ട്. എം.പി നാരായണമേനോന്‍, മൊഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ചുരുക്കത്തില്‍, ബ്രിട്ടീഷ് രചനകളിലും ഭരണതലത്തില്‍ സ്വാധീനം ഉണ്ടായിരുന്ന സവര്‍ണ രചനകളിലും മലബാര്‍ സമരത്തിലെ മുഖ്യ പങ്കാളികളായ മാപ്പിളമാരുടെ ശബ്ദം പ്രതിഫലിച്ചില്ല.

കെ. കോയട്ടി മൗലവി രചിച്ച ‘1921 മലബാര്‍ ലഹളയുടെ’ ആമുഖത്തില്‍ കോഴിപ്പുറത്ത് മാധവമേനോന്‍ പറയുന്ന ഒരു കാര്യമുണ്ട്. ‘1921 മലബാര്‍ ലഹള ഒരു സാമുദായിക ലഹളയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ഭയങ്കര അനീതിയാണ്. 1857 ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തെ ‘ശിപായിലഹള’ എന്നു ബ്രിട്ടീഷുകാര്‍ വിളിച്ചതു പോലെ തന്നെയായിരിക്കും ഇതിനെ മാപ്പിളലഹള എന്നു വിളിക്കുന്നത്. ഇതില്‍ ഒരു സാമുദായിക ഭ്രാന്തും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ക്രമേണ ഹിന്ദുക്കളില്‍ ഒരു വിഭാഗം ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നു. ഗവണ്‍മെന്റ് കക്ഷിയില്‍ ചേര്‍ന്നവര്‍ ലഹളക്കാരുടെ വിരോധികള്‍ ആയി മാറി. ഇതില്‍ മതപരമെന്നോ സാമുദായികമെന്നോ ഉണ്ടായിരുന്നില്ല.’

കലാപത്തിന്റെ വേരുകള്‍

1921 ലെ മലബാര്‍ കലാപം ഒറ്റപ്പെട്ട ഒരു സംഭവമോ ചരിത്രമോ അല്ല. പതിറ്റാണ്ടുകളായി നിലനിന്ന കാര്‍ഷിക രാഷ്ട്രീയ സംഘട്ടനങ്ങളുടെ ഉജ്വലമായ പരിസമാപ്തിയായിരുന്നു. അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് തങ്ങളുടെ കൃഷിയും ഭൂമിയും പിടിച്ചെടുത്ത ബ്രിട്ടീഷ്-ജന്മി കൂട്ടുകെട്ടിനെതിരെ പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന മാപ്പിള സമര (Mappila Outbreaks) പരമ്പരയുടെ തുടര്‍ച്ചയായിരുന്നു അത്.

ഇന്ത്യന്‍ മുസ്ലിംകള്‍, വിശിഷ്യ മലബാറിലെ മാപ്പിളമാര്‍ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളികളാകാന്‍ ചരിത്രപരമായി തന്നെ നിരവധി കാരണങ്ങളുണ്ട്. പോര്‍ച്ചുഗീസ് കാലംതൊട്ട് മലബാറില്‍ കാലുകുത്തിയ അധിനിവേശ ശക്തികളോട് ഒരിക്കല്‍ പോലും സന്ധിയാവാതെ നിരന്തരമായി കലഹിച്ചു കൊണ്ടിരുന്ന ഒരേയൊരു ജനതയാണവര്‍. പൊന്നാനി മഖ്ദൂമുമാരുടെ നേതൃത്വത്തില്‍ പാരമ്പര്യ മുസ്ലിം പണ്ഡിത നേതൃത്വം ബൗദ്ധികമായ പിന്‍ബലം നല്‍കിയതോടെ വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടം മാപ്പിളമാരുടെ സിരകളില്‍ ചേര്‍ന്ന വികാരമായി.

ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അറബ്-മുസ്ലിം കച്ചവടബന്ധങ്ങള്‍ക്കാണ് പറങ്കികളുടെ വരവ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. കോഴിക്കോട്ടെ തുറമുഖ കച്ചവടത്തില്‍ നിന്ന് ചെങ്കടല്‍ ഭാഗത്തുനിന്നുള്ള അറബികളെ പുറത്താക്കണമെന്ന് അപേക്ഷിച്ച പോര്‍ച്ചുഗീസുകാര്‍ക്ക് സാമൂതിരി രാജാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘വിദേശികളായല്ല, സ്വദേശികളായാണ് അവരിവിടെ ജീവിക്കുന്നത്’. അധികാര വാഴ്ചയും ബലപ്രയോഗവും നടത്താതെ ഹൃദയബന്ധങ്ങള്‍കൊണ്ട് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കിയ പരമ്പരാഗത അറബ് കച്ചവടക്കാര്‍ അപ്രത്യക്ഷമായതോടെ മലബാറിലെ മാപ്പിള ജീവിതത്തിന്റെ സന്തുലിതാവസ്ഥ തന്നെ അപകടത്തിലായി.

പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകളില്‍ ജന്മി-കുടിയാന്‍ കാര്‍ഷിക സമ്പ്രദായത്തോടെയാണ് മലബാറിലെ സാമൂഹ്യ ജീവിതം പൂര്‍ണമായി പ്രക്ഷുബ്ധമാവുന്നത്. നിയമങ്ങള്‍ യഥേഷ്ടം പൊളിച്ചെഴുതാനും കുടിയാന്മാരെ കുടിയൊഴിപ്പിക്കാനുള്ള സമ്പൂര്‍ണ അധികാരവുമായി ജന്മിമാര്‍ സ്വതന്ത്രരായി വിഹരിച്ചു. ഇതത്രയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പിന്തുണയോടെയായിരുന്നു. ‘കോളനി ഭരണം തുടങ്ങുന്നതിനുമുമ്പ് കേട്ടുകേള്‍വി കൂടി ഇല്ലായിരുന്ന കുടിയൊഴിക്കല്‍ പതിവാക്കി തീര്‍ത്തത് കാണനിലത്തിന്റെ കച്ചവടവല്‍കരണത്തിന് ഭൂപ്രഭുക്കളെ സഹായിച്ച ബ്രിട്ടീഷുകാരുടെ റവന്യൂ നീതിയാണ് (കെ. എന്‍.പണിക്കര്‍: മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ, പേജ് 53)

കെ. എന്‍.പണിക്കര്‍  രചിച്ച മലബാര്‍ കലാപം എന്ന പുസ്തകം

ജന്മിമാരില്‍ ഭൂരിഭാഗവും നായന്‍മാരും ബ്രാഹ്മണരും കുടിയാന്മാരില്‍ ഭൂരിഭാഗവും മാപ്പിളമാരും കീഴ്ജാതി ഹിന്ദുക്കളുമായിരുന്നു. അഴിമതിക്കും അനീതിക്കുമെതിരെ പോരാടേണ്ടത് മതപരമായ ബാധ്യതയായി കണ്ട മുസ്ലിംകള്‍ പ്രലോഭനങ്ങളുമായി വന്ന ബ്രിട്ടീഷ് മധ്യസ്ഥ ശ്രമങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ മുസ്ലിങ്ങള്‍ മാത്രമുള്ള പോലീസ് സേന ഉണ്ടാക്കുക, ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന് നേതൃനിരയിലുണ്ടായിരുന്ന എളമ്പുളിശ്ശേരി ഉണ്ണിമൂസക്ക് എളമ്പുളിശ്ശേരി ഗ്രാമത്തിന്റെ കരം ഒഴിവാക്കി കൊടുക്കുക, മഞ്ചേരി ഹസന്‍ കുരിക്കളെ പോലീസ് മേധാവി ആക്കുക തുടങ്ങിയവ ഈ പ്രലോഭനങ്ങളില്‍ ചിലതായിരുന്നു.

1836 നും 1852 നുമിടയില്‍ ചെറുതും വലുതുമായ പതിനെട്ടോളം കലാപങ്ങള്‍ നടന്നിട്ടുണ്ട് എന്നാണു കണക്ക്. ബ്രിട്ടീഷ്-ജന്മി വിരുദ്ധ കലാപങ്ങള്‍ക്ക് പ്രചോദനം നല്‍കി എന്നപേരില്‍ 1852 ല്‍ മമ്പുറം അലവിതങ്ങളുടെ പുത്രന്‍ ഫസല്‍പൂക്കോയ തങ്ങളെ അറേബ്യയിലേക്ക് നാടുകടത്തി. തങ്ങളുടെ പ്രിയ നേതാവിനെ നാടുകടത്തിയ ബ്രിട്ടീഷ് പദ്ധതിക്ക് നേതൃത്വം നല്‍കിയ കലക്ടര്‍ കനോലിയെ 1855 ല്‍ മാപ്പിളമാര്‍ കൊലപ്പെടുത്തി. 19ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും കാര്‍ഷിക സംഘട്ടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. 1885 ല്‍ പാണക്കാട് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ്ചെയ്ത് വെല്ലൂരിലേക്ക് നാടുകടത്തി. ഫസല്‍ തങ്ങളുടേതിനു സമാനമായ കുറ്റം തന്നെയായിരുന്നു ആറ്റക്കോയ തങ്ങള്‍ക്കുമേലും ചുമത്തിയത്.

ഖിലാഫത്തും നിസ്സഹകരണവും

ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയ പോരാട്ടങ്ങളും ജന്മിവിരുദ്ധ കര്‍ഷക സംഘട്ടനങ്ങളും കൊണ്ട് സ്ഫോടനാത്മകമായ മലബാറില്‍ കലാപത്തിന്റെ അഗ്നി കൊളുത്തിയത് ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളാണ്. ഖിലാഫത്ത് മത മുഖമുള്ള ആശയമാണെങ്കിലും അതിനെ ഒരു സംഘടിത സമരമുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ടുവന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു.

1914-18 കാലത്ത് നടന്ന ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ സഖ്യകക്ഷികള്‍ക്കെതിരെ ജര്‍മനി നയിച്ച സഖ്യത്തിന് ഓട്ടോമന്‍ സാമ്രാജ്യം പിന്തുണ നല്‍കി. തങ്ങളുടെ മതരാഷ്ട്രീയ നേതൃത്വമായ ഉസ്മാനിയ്യ ഖിലാഫത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ബ്രിട്ടനെതിരെ ലോക മുസ്ലിങ്ങളുടെ വികാരമുണ്ടായി. വിശുദ്ധ മക്ക, മദീന എന്നിവയുടെ പരിപാലകര്‍ എന്ന നിലയില്‍ ഉസ്മാനിളോട് മുസ്ലിംലോകം പ്രത്യേകമായ അനുഭാവം പ്രകടിപ്പിക്കുകയും അവര്‍ക്ക് വിനാശകരമായ സംഭവങ്ങളില്‍ ആശങ്കപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ മുസ്ലിംങ്ങളുടെ അതൃപ്തി പരിഹരിക്കാനും ലോകയുദ്ധത്തിന് അവരുടെ പിന്തുണ ഉറപ്പാക്കാനുമായി ഉസ്മാനിയ്യ ഖിലാഫത്തിനോ ഹിജാസ് ഉള്‍പ്പെടുന്ന പുണ്യസ്ഥലങ്ങള്‍ക്കോ ദോഷകരമായ ഒന്നും യുദ്ധത്തിലുണ്ടാവില്ല എന്ന ഒരു വിളംബരം ബ്രിട്ടന്‍ നടത്തിയിരുന്നു. എന്നാല്‍, വെള്ളക്കാര്‍ നല്‍കിയ ഉറപ്പ് ജലരേഖ പോലെ മാഞ്ഞു പോകുന്നതാണ് പിന്നീട് കണ്ടത്. യുദ്ധം ഓട്ടോമന്‍ തുര്‍ക്കികളെയും അവരുടെ ഖിലാഫത്ത് സംവിധാനങ്ങളെയും സാരമായി ബാധിച്ചു.

ഹിജാസ് ഉള്‍പ്പെടെയുള്ള അറബ് പ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥയും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ടത് ജര്‍മനിയായിരുന്നെങ്കിലും യുദ്ധം കൊണ്ട് കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടത് ഓട്ടോമാന്‍ സാമ്രാജ്യത്തിനായിരുന്നു. സൈക്സ് പിക്കോ ധാരണ (Sykes-Picot Agreement 1916), സെവ്റസ് കരാര്‍ (Treaty of Sevres 1920) തുടങ്ങിയ ഉടമ്പടികളിലൂടെ മുസ്ലിം ലോകത്തിന്റെ ഹൃദയഭാഗമായ അറബ് ലോകം ഉസ്മാനികളില്‍നിന്ന് അടര്‍ത്തിയെടുത്ത് ബ്രിട്ടീഷ് ഫ്രഞ്ച് കോളനികളാക്കി മാറ്റി.

ഈ ചരിത്രവഞ്ചനക്കെതിരെ മുസ്ലിം ലോകത്ത് ശക്തമായ പ്രതിഷേധം അലയടിച്ചു. അക്കാലത്ത് ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിലെ മുന്‍നിര മുസ്ലിം നേതാക്കളായ മൗലാന മുഹമ്മദലി, അബുല്‍ കലാം ആസാദ്, ഹസ്റത്ത് മൊഹാനി, ഹക്കീം അംജദ്ഖാന്‍ തുടങ്ങിയവര്‍ ആള്‍ ഇന്ത്യ ഖിലാഫത്ത് മൂവ്മെന്റിനു രൂപം നല്‍കി. വിവിധ സ്ഥലങ്ങളില്‍ സമ്മേളനങ്ങള്‍ നടന്നു. മഹാത്മാഗാന്ധിയുടെ അധ്യക്ഷതയില്‍ 1919 ല്‍ ഹിന്ദു-മുസ്ലിം സംയുക്ത സമ്മേളനത്തില്‍ ഇന്ത്യയില്‍ സംഘടിതമായ ഒരു ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ സജീവമായി.

ഖിലാഫത്ത് സമരത്തോടൊപ്പം ഗാന്ധിജി മുന്നോട്ടുവച്ച നിസ്സഹകരണ പ്രസ്ഥാനം കൂടി ചേര്‍ന്നതോടെ ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഹിന്ദു-മുസ്ലിം സഹകരണം ദൃശ്യമായി. 1920 ല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കത്ത സമ്മേളനത്തില്‍ റൗലത്ത് ആക്ട് പിന്‍വലിക്കുക, സ്വരാജ് യാഥാര്‍ഥ്യമാക്കുക, ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്നീ ത്രിമാന ലക്ഷ്യങ്ങളുമായി ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം അവതരിപ്പിച്ചു. തൊട്ടടുത്ത വര്‍ഷത്തെ നാഗ്പൂര്‍ സമ്മേളനത്തോടെ ഖിലാഫത്ത്-നിസ്സഹകരണ മുദ്രാവാക്യങ്ങള്‍ ഇന്ത്യയൊന്നാകെ മാറ്റൊലി കൊണ്ടു.

മലബാറില്‍ ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ ജനകീയാടിത്തറ നേടിയെടുക്കുന്നതില്‍ 1920 ഏപ്രില്‍ 28, 29 തീയതികളില്‍ നടന്ന കോണ്‍ഗ്രസിന്റെ മഞ്ചേരി സമ്മേളനം നിര്‍ണായകമായി. ജന്മിമാരുടെയും മുതലാളിമാരുടെയും പാര്‍ട്ടി എന്ന കോണ്‍ഗ്രസിന്റെ പതിവ് രീതിക്ക് വിരുദ്ധമായി മാപ്പിളമാര്‍, കീഴ്ജാതി ഹിന്ദുക്കള്‍, കൃഷിപ്പണിക്കാര്‍ എന്നിവര്‍ കിഴക്കന്‍ മലബാറിലെ ഉള്‍ഗ്രാമങ്ങളില്‍നിന്ന് ഒഴുകിയെത്തി.(എം. പി നാരായണമേനോന്‍, മലബാര്‍ സമരം).

‘ഇന്ത്യന്‍ മുസ്ലിംകളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് വിഷയത്തില്‍ യുക്തമായ തീരുമാനം ഗവണ്‍മെന്റ് കൈകൊള്ളാത്ത പക്ഷം, ഖിലാഫത്ത് വിഷയത്തില്‍ കോണ്‍ഗ്രസ് തീരുമാനപ്രകാരം ഗവണ്‍മെന്റുമായി നിസ്സഹകരിക്കാന്‍ മുസ്ലിംകളും അവരോടൊപ്പം ഹിന്ദുക്കളും ഒന്നിച്ചിറങ്ങുന്നതാണ്’ എന്ന പ്രമേയം സമ്മേളനം പാസാക്കി. അബുല്‍ കലാം ആസാദിന്റെ തര്‍ക്കെ മുവാലാത് ലേഖനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി യോഗത്തില്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ ജോലി സ്വീകരിക്കല്‍, ബ്രിട്ടീഷ് വിദ്യാലയങ്ങളില്‍ പഠിക്കല്‍, സര്‍ക്കാറിന് നികുതി കൊടുക്കല്‍ എന്നിവ ഹറാമാണെന്നായിരുന്നു അതിന്റെ ഉള്ളടക്കം. (ഇ. മൊയ്തു മൗലവി, മൗലവിയുടെ ആത്മകഥ: പേജ് 115)

കോണ്‍ഗ്രസ് നിര്‍ദ്ദേശപ്രകാരം ഗാന്ധിയും മൗലാന ഷൗക്കത്തലിയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. 1920 ഓഗസ്റ്റ് 18 ന് കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാസമ്മേളനത്തില്‍ അവര്‍ സംബന്ധിച്ചു. കെ.പി രാമന്‍ മേനോന്‍, ഖാന്‍ബഹദൂര്‍ മുത്തുകോയ തങ്ങള്‍, എം.പി നാരായണ മേനോന്‍, കെ.പി കേശവ മേനോന്‍ തുടങ്ങിയവരായിരുന്നു സമ്മേളനത്തിന്റെ സംഘാടകര്‍. സമ്മേളനത്തിലെ വളണ്ടിയര്‍മാര്‍ പച്ചനിറത്തിലുള്ള യൂണിഫോമും ചന്ദ്രക്കലയുള്ള തൊപ്പിയും ബെല്‍റ്റും ധരിച്ചിരുന്നു.(എം. പി. നാരായണമേനോന്‍, മലബാര്‍ സമരം: പേജ് 63 )

സമ്മേളനത്തില്‍ പങ്കെടുത്ത ഗാന്ധി പ്രസംഗിച്ചത് ഇങ്ങനെയാണ് ‘ഏഴുകോടി മുസല്‍മാന്‍മാരോട് ബ്രിട്ടീഷ് ഗവണ്‍മെന്റ് അനീതി കാണിച്ചു. തുര്‍ക്കിയിലെ ഖലീഫമാര്‍ മുഹമ്മദ് നബിയുടെ അനന്തരാവകാശികളാണ്. ലോകത്തിലെ എല്ലാ മുസല്‍മാന്‍മാരുടെയും മതപരവും ആത്മീയവുമായ നേതാവാണ് അദ്ദേഹം. എന്നിരിക്കെ, ഖിലാഫത്ത് നിര്‍ത്തലാക്കല്‍ മുസല്‍മാന്‍മാരുടെ വിശ്വാസത്തിനെതിരായ ചെയ്തിയാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് നിസഹകരിക്കേണ്ടത് എല്ലാ മുസല്‍മാന്‍മാരുടെയും കടമയാണ്. ഹിന്ദുക്കള്‍ തങ്ങളുടെ സഹോദരന്മാരായ മുസല്‍മാന്‍മാരോട് തോളോടുതോള്‍ ചേര്‍ന്ന് ഖിലാഫത്ത് പ്രസ്ഥാനത്തെ വിജയിപ്പിക്കണം. (ദ ഹിന്ദു 1920 ഓഗസ്റ്റ് 19,20 ഓഗസ്റ്റ്. 19,21 )

ഗാന്ധിയുടെയും ഷൗക്കത്തലിയുടെയും വികാരഭരിതമായ പ്രസംഗങ്ങള്‍ മാപ്പിളമാരെ സായുധ സമരത്തിന് ഇളക്കിവിടാന്‍ പാകത്തില്‍ പ്രകോപനപരവും തെറ്റിദ്ധാരണാജനകവുമായിരുന്നു. മുസല്‍മാന്മാര്‍ക്ക് ഖുര്‍ആനില്‍ പറഞ്ഞ പ്രത്യേക ഉത്തരവാദിത്വമുണ്ട്. അതിനാല്‍ അഹിംസാപരമായ സഹകരണം കൊണ്ട് പ്രസ്ഥാനം വിജയിക്കുന്നില്ലെങ്കില്‍ മുസല്‍മാന്മാര്‍ ഇസ്‌ലാമിലെ പണ്ഡിതന്മാര്‍ കാണിച്ചുകൊടുക്കുന്ന പാതയിലൂടെ സഞ്ചരിക്കാനും അവര്‍ ഉപദേശിക്കുന്ന ഏതുവിധ സമരത്തിലും ചേര്‍ന്ന് അവരുടെ മതത്തിനേറ്റ അപമാനത്തെ തുടച്ചുനീക്കാനും ബാധ്യസ്ഥരാണ്. (എം.പി നാരായണമേനോന്‍, മലബാര്‍ സമരം: പേജ് 53,54).

കലാപം വര്‍ഗീയമോ? ആഖ്യാനവും വസ്തുതയും

മലബാര്‍ കലാപത്തിന്റെ ഉള്ളറകളിലേക്കെത്തിനോക്കുമ്പോള്‍ ചരിത്രത്തോളം പ്രധാനമാണ് അതിന്റെ ചരിത്രരചനാ ചരിത്രം എന്ന വസ്തുത ബോധ്യമാകും. ബ്രിട്ടീഷ്-ഭൂവുടമ കൂട്ടുകെട്ടിനെതിരെ നടന്ന ഈ പടയോട്ടത്തിന്റ ചരിത്രം പ്രധാനമായും രേഖപ്പെടുത്തിയത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരുടെ സില്‍ബന്ധികളായ സവര്‍ണ ഉദ്യോഗസ്ഥരുമാണെന്നത് ചരിത്രത്തിന്റെ വസ്തുതാന്വേഷണത്തില്‍ പ്രധാനമാണ്. പില്‍ക്കാലത്ത് രചിക്കപ്പെട്ട ‘നിഷ്പക്ഷ ചരിത്രം’ പോലും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളോ ആദ്യകാല രചനകളോ അധികരിച്ച് എഴുതപ്പെട്ടതാണ്.

നിഷ്‌കളങ്കരായ സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ നടത്തിയ കിരാതമായ നടപടികളെ സാധൂകരിക്കാന്‍ കലാപകാരികളെ സ്വഭാവഹത്യ നടത്തുകയാണുണ്ടായത്. കലാപവേളയിലെ അരാജകത്വം മുതലെടുത്ത് സാമൂഹ്യ ദ്രോഹികള്‍ നടത്തിയ നീചകൃത്യങ്ങള്‍ മാപ്പിളമാര്‍ക്കു മേല്‍ കെട്ടിവച്ചും ഊഹാപോഹങ്ങളെ പൊലിപ്പിച്ചു കാട്ടിയും കല്‍പിത കഥകള്‍ മെനഞ്ഞും ചരിത്രത്തെ വികലമാക്കാന്‍ ശ്രമങ്ങളുണ്ടായി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കൊളോണിയല്‍ അജണ്ടയുടെ ഭാഗമായി ഹിന്ദു-മുസ്ലിം ഐക്യത്തിന് കടക്കല്‍ കത്തിവക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

കിഴക്കന്‍ ഏറനാട്ടിലെ സായുധ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ കുഞ്ഞഹമ്മദ് ഹാജിയാണ് ‘ഹിന്ദുവിരുദ്ധ’മെന്ന കെട്ടുകഥയിലെ പ്രധാന പ്രതിനായകന്‍. വടക്കന്‍ മലബാറില്‍ അധിനിവേശ ശക്തികളോട് ഒരിക്കല്‍പോലും സന്ധിചെയ്യാതെ ബ്രിട്ടീഷ്-ജന്മി കൂട്ടുകെട്ടിന്റെ ഉറക്കം കെടുത്തിയ ആ ധീരനായ പോരാളിയുടെ ചരിത്രത്തെ പോലും അവര്‍ അത്രമേല്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍, കലാപത്തിന്റെ ദൃക്സാക്ഷി വിവരണത്തില്‍ കുഞ്ഞഹമ്മദ് ഹാജിയെ നീതിമാനും സത്യസന്ധനും സര്‍വോപരി ഹിന്ദുക്കളോടും മുസ്ലിംകളോടും മമതയില്‍ വര്‍ത്തിച്ചവരുമെന്നും ശത്രുക്കള്‍ പോലും അനുസ്മരിക്കുന്നുണ്ട്.

കെ. മാധവന്‍ നായര്‍ എഴുതുന്നത് ഇങ്ങനെയാണ് ‘ഖിലാഫത്തിനു വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് യുദ്ധം ചെയ്യാന്‍ ഒന്നാമതായി ഒരുങ്ങിപ്പുറപ്പെട്ടത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് എന്നതില്‍ സംശയമില്ല. ലഹളത്തലവന്മാരില്‍ ഏറ്റവും പ്രധാനിയും കുഞ്ഞഹമ്മദ് ഹാജി തന്നെയായിരുന്നു. ലഹളയുടെ ആരംഭത്തില്‍ അയാള്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍നിന്ന് ഹിന്ദുക്കളെ രക്ഷിച്ചു. കൊള്ള ചെയ്തിരുന്ന മാപ്പിളമാരെ ശിക്ഷിച്ചു. ഗവണ്‍മെന്റിനു സഹായമേകിയ മാപ്പിളമാരെ അയാള്‍ ദ്രോഹിക്കുകയും കൊല്ലുകയും ചെയ്തു. അക്കാലങ്ങളില്‍ അയാള്‍ മതപരിവര്‍ത്തനത്തിനു വലിയ വിരോധിയായിരുന്നു’ (കെ. മാധവന്‍നായര്‍, മലബാര്‍ കലാപം: പേജ് 162)

പോരാട്ടം വിപുലപ്പെടുകയും പല വിദൂര സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതോടെ ചിലയിടങ്ങളില്‍ അത് സമര നേതാക്കള്‍ ഉദ്ദേശിക്കാത്ത വഴികളിലേക്കു വഴുതിപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ഇതുണ്ടായിരുന്നത്. ഒന്ന്, സമരത്തെ അക്രമാസക്തമാക്കാനും ഗതിമാറ്റി വിടാനും ഭരണകക്ഷി ധാരാളമായി അകത്തുകയറി പ്രവര്‍ത്തിച്ചിരുന്നു. ലോയല്‍ (ബ്രിട്ടീഷ് അനുകൂല) മാപ്പിളമാരും ലോയല്‍ ഹിന്ദുക്കളും ഇതിലുണ്ടായിരുന്നു. പലയിടത്തും സമരം ചോരക്കളമാക്കി മാറ്റാന്‍ ഇത്തരം അജണ്ടയിലൂടെ അവര്‍ക്കു കഴിഞ്ഞു.