കേരളത്തില്‍ മന്ത്രി നേരിട്ട ജാതി വിവേചനം പാര്‍ലമെന്റിലും ചര്‍ച്ച; വിഷയം ഉന്നയിച്ചത് അബ്ദുല്‍ വഹാബ് എം.പി.
national news
കേരളത്തില്‍ മന്ത്രി നേരിട്ട ജാതി വിവേചനം പാര്‍ലമെന്റിലും ചര്‍ച്ച; വിഷയം ഉന്നയിച്ചത് അബ്ദുല്‍ വഹാബ് എം.പി.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2023, 8:08 pm

ന്യൂദല്‍ഹി: ദേവസ്വം മന്ത്രി കെ. രാധാകൃഷണന്‍ പയ്യന്നൂരില്‍ നേരിട്ട അയിത്തത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും ചര്‍ച്ചയായി. മുസ്‌ലിം ലീഗ് എം.പി അബ്ദുല്‍ വഹാബാണ് വിഷയം രാജ്യസഭയിലെ ചര്‍ച്ചക്കിടെ പരാമര്‍ശിച്ചത്. ഇക്കാലത്ത് ജാതി വ്യവസ്ഥ എത്രത്തോളം ശക്തമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു അബ്ദുല്‍ വഹാബ് എം.പി. കേരളത്തിലെ ദേവസ്വം മന്ത്രി ജാതി വിവേചനം നേരിട്ടുവെന്നും ഇവിടെ ഇതാണ് അവസ്ഥയെന്നും അദ്ദേഹം വിശദീകരിച്ചു.

ജാതി വിവേചനത്തില്‍ മന്ത്രി കെ. രാധാകൃഷ്ണനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ സംസാരിച്ചിരുന്നു. സംഭവത്തില്‍ യുക്തമായ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രാധാകൃഷ്ണനുമായി നേരിട്ട് സംസാരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ കൂടി അഭിപ്രായം ആരാഞ്ഞ് യുക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജാതി വിവേചനമെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും കേരളത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയത്ത് ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് താന്‍ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് മന്ത്രി തുറന്നുപറഞ്ഞത്.

ജനുവരിയില്‍ കണ്ണൂര്‍ പയ്യന്നൂരിലെ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രത്തില്‍ ഒരു പരിപാടിയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ പൂജാരിമാര്‍ കത്തിച്ച വിളക്ക് തനിക്ക് തരാതെ നിലത്തുവച്ചെന്നും താന്‍ അതെടുക്കാതെ ആ വേദിയില്‍ വച്ചുതന്നെ ആ പ്രവൃത്തിക്കെതിരെ പ്രതികരിച്ചുവെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

‘ഞാന്‍ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എനിക്ക് അയിത്തം കല്‍പിക്കുന്നു. ഏത് പാവപ്പെട്ടവനും നല്‍കുന്ന പൈസക്ക് അവിടെ അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ട് തന്നെ ഞാന്‍ മറുപടി നല്‍കി,’ മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlights: Abdul Vahab MP raised k Radhakridhnan caste discrimination issue in Indian Parliament