കോഴിക്കോട്: യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കാന്‍ തയ്യാറാണെന്ന് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ കുടുംബം. ദയാധനം സ്വീകരിച്ച് യെമന്‍ പൗരന്റെ കുടുംബം മാപ്പ് നല്‍കുമെങ്കില്‍ പണം നല്‍കാന്‍ തയ്യാറാണെന്നാണ് അബ്ദുള്‍ റഹീമിന്റെ കുടുംബം അറിയിച്ചിരിക്കുന്നത്.
റഹീം നിയമസഹായ ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ കെ.കെ. ആലിക്കുട്ടി മാസ്റ്റര്‍ ട്വിന്റി ഫോര്‍ ന്യൂസിനോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘മാപ്പ് നല്‍കാന്‍ തയ്യാറായിട്ടുണ്ടോ എന്ന കാര്യമാണ് ആദ്യം അറിയേണ്ടത്. അങ്ങനെയൊരു സാധ്യതയുണ്ടെങ്കില്‍ അതില്‍ ഒരു ഷെയര്‍ നല്‍കി പങ്കാളികളാവാന്‍ ഞങ്ങള്‍ തയ്യാറാണ്. നേരത്തെ കമ്മിറ്റി കൂടി ഒരു ധാരണയില്‍ എത്തിയിട്ടുണ്ട്.
പ്രധാനമായും ഞങ്ങള്‍ക്ക് രണ്ട് കമ്മറ്റിയാണുള്ളത്. ഒന്ന് ലീഗല്‍ അഡൈ്വസറി കോഡ് എന്ന പേരില്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയാണ്. അവരാണ് പണമൊക്കെ പിരിച്ചത്. അതുപോലെ ഗള്‍ഫില്‍ മറ്റൊരു കമ്മിറ്റിയുണ്ട്. ഈ രണ്ട് കമ്മിറ്റിയും കൂടി ചേര്‍ന്നിട്ട് വേണം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാന്‍,’ കെ.കെ. ആലിക്കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ഒറ്റയ്ക്ക് ഒരു തീരുമാനം പറയാന്‍ സാധിക്കില്ലെന്നും താന്‍ ആ കമ്മിറ്റിയുടെ കണ്‍വീനര്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മളെ സംബന്ധിച്ച് റഹീമിനെപ്പോലെ തന്നെയാണ് നിമിഷ പ്രിയയെന്നും എല്ലാം മനുഷ്യ ജീവന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
ജീവന്‍ രക്ഷിക്കുക എന്ന കാര്യമാണ് പ്രധാനമെന്നും ആലിക്കുട്ടി മാസ്റ്റര്‍ പ്രതികരിച്ചു. ഏകദേശം 48 കോടി രൂപയാണ് റഹീമിനെ രക്ഷിക്കാനായി പിരിച്ചെടുത്തത്. 37 കോടി ഇതിനകം ചെലവായിട്ടുണ്ട്.
തങ്ങളെ സംബന്ധിച്ച് പണം കൈമാറാന്‍ അധികം സമയം എടുക്കേണ്ട ആവശ്യമില്ലായെന്നും ബാങ്കിലെ നടപടികള്‍ പൂര്‍ത്തിയാക്കി അര മണിക്കൂറിനുള്ളില്‍ പണം കൈമാറാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലും വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കറിനും മുഖ്യമന്ത്രി കത്തയച്ചിരുന്നു.
ജൂലൈ 16നാണ് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷയുടെ വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. നിമിഷയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവ് ജയില്‍ മേധാവിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.