'കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍ ഗുണം ചെയ്തു, കേരളം രണ്ട് തവണയും മടങ്ങുന്നതില്‍ എതിര്‍പ്പില്ലന്ന് അറിയിച്ചു'
Kerala News
'കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍ ഗുണം ചെയ്തു, കേരളം രണ്ട് തവണയും മടങ്ങുന്നതില്‍ എതിര്‍പ്പില്ലന്ന് അറിയിച്ചു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th August 2023, 12:28 am

കോഴിക്കോട്: ബെംഗളൂരു കേസില്‍ ജാമ്യത്തില്‍ ഇളവ് ലഭിച്ച് തിരികെ കേരളത്തില്‍ വന്നതിന് ശേഷം മാനസികമായ സ്വതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി.

താരതമ്യം ചെയ്തുനോക്കുമ്പോള്‍ കൊയമ്പത്തൂരുള്ളതിനേക്കാള്‍ മോശം ചികിത്സ ലഭിച്ചത് ബെംഗളൂരുവില്‍ നിന്നായിരുന്നുവെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ചികിത്സക്ക് ചെല്ലുമ്പോള്‍ എന്തോ പ്രശ്‌നക്കാരനെ ട്രീറ്റ് ചെയ്യുമ്പോലെയായിരുന്നു ഡോക്ടര്‍മാരുടെ സമീപനം. അതിനിടയില്‍ മലയാളിയായ ഒരു ഡോക്ടറെ സേവനം കിട്ടിയപ്പോഴാണ് നല്ല ചികിത്സ ലഭിച്ചത്. നിലവില്‍ കേരളത്തില്‍ വന്ന ശേഷം കൂടുതലും ആശുപത്രിയിലാണ് ചെലവഴിച്ചതെങ്കിലും, മാനസികമായി ഒരു സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്.

കേരള പൊതുസമൂഹത്തില്‍ നിന്ന് ബെഗംളൂരു കേസില്‍ ജയിലിലായ ശേഷവും പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നല്‍ ജാമ്യത്തിലിരിക്കെയുള്ള ചികിത്സ അടക്കം അത്രവലിയ ചര്‍ച്ചയായില്ല,’ മഅ്ദനി പറഞ്ഞു.

കേരളാ സര്‍ക്കാര്‍ രണ്ട് തവണയും താന്‍ മടങ്ങുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് അറിയിച്ചു. കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍ വഴി സുപ്രീം കോടതിയിലെ കര്‍ണാടക
സര്‍ക്കാരിന്റെ എതിര്‍പ്പിന്റെ കാഠിന്യം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സമീപ കാലത്ത് കോണ്‍ഗ്രസ് അടക്കമുള്ള മതേതര ചേരികള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ബാബരി മസ്ജിദ് വിഷയം അടക്കമുള്ള വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച തെറ്റായ നിലപാടിന്റെ ഭാഗമായിട്ടാണ് അവര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. രണ്ട് തോണിയിലും കാലിടുക എന്നത് സമീപകാല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചേര്‍ന്നതാണെന്ന് തോന്നുന്നില്ല.

എന്നാല്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ സമീപകാലങ്ങളില്‍ ഇച്ഛാശക്തിയുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ പ്രതീക്ഷയുണ്ട്. ഇടതുപക്ഷം എല്ലാക്കാലത്തും സ്വീകരിക്കുന്ന മതനിരപേക്ഷ നിലപാടിനൊപ്പമാണ്,’ മഅ്ദനി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ മുസ്‌ലിങ്ങള്‍ മാത്രമായി നിന്നാല്‍, രാജ്യത്ത് മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘മുസ്‌ലിങ്ങള്‍ മാത്രമായി ഉണ്ടാകുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെ ശ്ലാകിക്കപ്പടേണ്ടതില്ല എന്നാണ് നിലപാട്. രാഷ്ട്രയപരമായി മുസ്‌ലിങ്ങള്‍ മതേതര നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ ഗുണം ചെയ്തു. ഇക്കാലത്ത് മതേതരപക്ഷത്തോട് ചേര്‍ന്ന് ഉറച്ചുനിന്ന് ഫാസിസത്തിന് എതിരെ പോരാടുകയാണ് വേണ്ടത്. സ്വന്തം നിലയ്ക്കുള്ള രാഷ്ട്രീയ പോരാട്ടത്തോട് യോജിക്കുന്നില്ല,’ മഅ്ദനി പറഞ്ഞു.

ബെംഗളൂരു സ്ഫോടനക്കേസില്‍ നിന്ന് കുറ്റമുക്തനാക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പ്രോസിക്യൂഷന് ഇതുവരെ തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Content Highlight: Abdul Nazer Mahdani says he feels free of mind after returning to Kerala after getting bail in the Bengaluru case