അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അന്തരിച്ചു
Obituary
അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2018, 4:56 pm

കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി (70) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു.

ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരുനാഗപ്പള്ളി മൈനാഗപ്പള്ളി വേങ്ങ തോട്ടുവാല്‍ മന്‍സിലില്‍ ടി.എ അബ്ദുസമദ് മാസ്റ്ററുടെ ഭാര്യയാണ്.

അര്‍ബുദ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവിനെ കാണാന്‍ മഅ്ദനി കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. മാതാവിനെ സന്ദര്‍ശിക്കുന്നതിന് വേണ്ടി മഅ്ദനിക്ക് വിചാരക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നു.


പ്രത്യേക എന്‍.ഐ.എ കോടതിയുടെ അനുമതി തേടിയാണ് മഅ്ദനി കേരളത്തില്‍ എത്തിയത്. കര്‍ശന വ്യവസ്ഥകളാണ് ജാമ്യവ്യവസ്ഥയില്‍ ഇളവുവരുത്താന്‍ കോടതി മുന്നോട്ട് വെച്ചിരുന്നത്.

മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടില്ല, കേസുമായി ബന്ധപ്പെട്ട് കക്ഷികളെ കാണാന്‍ പാടില്ല, എന്നിവയ്‌ക്കൊപ്പം പി.ഡി.പി പ്രവര്‍ത്തകരുമായി മറ്റേതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേരളത്തില്‍ വരാനുള്ള ചെലവും മഅ്ദനിയായിരുന്നു വഹിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവിന് മുന്‍കൂറായി 1,76,600 രൂപ കെട്ടിവെച്ചിരുന്നു. മഅ്ദനിയ്‌ക്കൊപ്പം വന്ന ഉദ്യോഗസ്ഥരുടെ ഭക്ഷണവും താമസും മഅ്ദനിയാണ് വഹിക്കുന്നത്.


ക്യാന്‍സര്‍ ബാധിച്ച് കൊല്ലം ജില്ലയിലെ അന്‍വാര്‍ശേരിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഉമ്മയെ കാണുന്നതിന് പലതവണ മഅ്ദനി ജാമ്യം നേടി കേരളത്തില്‍ വന്നിരുന്നു.

 

ഫോട്ടോ കടപ്പാട്: മാധ്യമം