''ഇങ്ങനെ ഒരു പോസ്റ്റില്‍ വാപ്പിച്ചിയുടെ ഫോട്ടോ ഇട്ടതിന്റെ ഗൂഢോദ്ദേശം മനസ്സിലാകുന്നില്ല''; വി.ടി ബല്‍റാമിനോട് ചോദ്യവുമായി മഅദനിയുടെ മകന്‍
Kerala News
''ഇങ്ങനെ ഒരു പോസ്റ്റില്‍ വാപ്പിച്ചിയുടെ ഫോട്ടോ ഇട്ടതിന്റെ ഗൂഢോദ്ദേശം മനസ്സിലാകുന്നില്ല''; വി.ടി ബല്‍റാമിനോട് ചോദ്യവുമായി മഅദനിയുടെ മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 10:57 am

തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനും മന്ത്രി കെ.ടി ജലീലും ഒന്നിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത കൂട്ടത്തില്‍ തന്റെ പിതാവും പി.ഡി.പി ചെയര്‍മാനുമായ മഅദനിയെ സന്ദര്‍ശിച്ച ഫോട്ടോയും ഉള്‍പ്പെടുത്തിയ വി.ടി. ബല്‍റാം എം.എല്‍.എയുടെ നടപടിക്കെതിരെ മഅദ്‌നിയുടെ മകന്‍ സലാഹുദ്ധീന്‍ അയ്യൂബി.

പൊതുവെ മാന്യവും പുരോഗമനപരവുമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ താങ്കള്‍ ഈ പോസ്റ്റില്‍ തന്റെ വാപ്പിച്ചിയുടെ ഫോട്ടോ ഇട്ടതിന്റെ ഔചിത്യം എന്താണെന്നാണ് സലാഹുദ്ധീന്‍ അയ്യൂബിയുടെ ചോദ്യം.

നിരവധി പ്രമുഖ വ്യക്തികള്‍ രാഷ്ട്രീയ-ജാതി-മത-സംഘടനാ ഭേദമന്യേ സന്ദര്‍ശിക്കുന്ന വ്യക്തിയാണ് തന്റെ പിതാവെന്നും അവരോടൊപ്പം ആരൊക്കെ അനുഗമിക്കുന്നു എന്ന് നോക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നിരിക്കെ ഇങ്ങനെ ഒരു പോസ്റ്റില്‍ വാപ്പിച്ചിയുടെ ഫോട്ടോ ഇടുന്നതിന്റെ ഗൂഢോദ്ദേശം മനസ്സിലാകുന്നില്ലെന്നും അയ്യൂബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

”പ്രിയ MLA, VT Balram

ഞാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ധീന്‍ അയ്യൂബി.
താങ്കളോട് ചില എളിയ ചോദ്യങ്ങളുണ്ട് _

പൊതുവെ മാന്യവും പുരോഗമനപരവുമായി പ്രവര്‍ത്തിക്കുന്ന താങ്കള്‍ ഈ പോസ്റ്റില്‍ എന്റെ വാപ്പിച്ചിയുടെ ഫോട്ടോ ഇട്ടതിന്റെ ഔചിത്യം എന്താണ്?

നിരവധി പ്രമുഖ വ്യക്തികള്‍ രാഷ്ട്രീയ-ജാതി-മത-സംഘടനാ ഭേദമന്യേ സന്ദര്‍ശിക്കുന്ന വ്യക്തിയാണ് എന്റെ പ്രിയ വാപ്പിച്ചി (ചുവടെ ചില ഫയല്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നു). അവരോടൊപ്പം ആരൊക്കെ അനുഗമിക്കുന്നു എന്ന് നോക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. എന്നിരിക്കെ ഇങ്ങനെ ഒരു പോസ്റ്റില്‍. വാപ്പിച്ചിയുടെ ഫോട്ടോ ഇടുന്നതിന്റെ ഗൂഡോദ്ദേശം മനസ്സിലാകുന്നില്ല.

എന്റെ വാപ്പിച്ചിക്ക് ആരോപണ വിധേയനായ വ്യക്തിയുമായി എന്ത് ബന്ധം?

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നിരന്തര ഭരണകൂട-ഉദ്യോഗസ്ഥ പീഡനങ്ങള്‍ക്ക് വിധേയനായി കൊണ്ടിരിക്കുന്ന എന്റെ വാപ്പിച്ചിയുടെ ഫോട്ടോ എന്തിന് ഇവിടെ താങ്കള്‍ പോസ്റ്റ് ചെയ്തു???

മന്ത്രി ശ്രീ.കെ ടി ജലീല്‍ ആരോപണ വിധേയനായ വ്യക്തിയോടൊപ്പം സന്ദര്‍ശിച്ച കേരളത്തില്‍ അറിയപ്പെടുന്ന ഏക വ്യക്തി എന്റെ വാപ്പിച്ചി മാത്രമോ???

20 ഓളം വര്‍ഷങ്ങള്‍ തടവറയിലും സമാനമായ അവസ്ഥയിലും കഴിഞ്ഞ എന്റെ പ്രിയ വാപ്പിച്ചിക്ക് ഈ വിഷയവുമായി എന്ത് ബന്ധം.???

വിചാരണ കഴിഞ്ഞ മുഴുവന്‍ കേസുകളിലും ‘നിരപരാധി’ എന്ന് നീതിപീഠങ്ങള്‍ സെര്‍ട്ടിഫൈ ചെയ്ത, വിചാരണ നടന്ന് കൊണ്ടിരിക്കുന്ന ഒരു കേസിലും ഇത് വരെ പ്രോസിക്യൂഷന് ഒരു കുറ്റവും തെളിയിക്കാനാകാത്ത എന്റെ വാപ്പിച്ചിയെ എന്തിന്റെ പേരില്‍ ഇതിലേക്ക് വലിച്ചിഴക്കുന്നു???

പുരോഗമനപരമായും ബൗദ്ധികമായും ചിന്തിക്കുന്ന താങ്കള്‍ , അനവധി നീതി നിഷേധങ്ങള്‍ നേരിടുന്ന ഒരു ‘പ്രതീകമായ’ എന്റെ വാപ്പിച്ചിയെ വീണ്ടും ഒരു അനീതിക്ക് ഇരയാക്കുന്നത് എന്തിന് ??????

നിയമം പഠിച്ച വ്യക്തി എന്ന നിലയിലും ഇപ്പോള്‍ നിയമനിര്‍മ്മാണത്തില്‍ പങ്കാളിയാകുന്ന വ്യക്തി എന്ന നിലയിലും താങ്കള്‍ ഒരു എളിയ നിയമ വിദ്യാര്‍ത്ഥിയായ എനിക്ക് ഈ സംശയങ്ങള്‍ക്ക് മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

എന്ന് നീതിപൂര്‍വ്വം

മഅ്ദനിയുടെ മകന്‍ വി.ടി ബല്‍റാം എം.എല്‍.എ യോട്.”

സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിക്കെതിരെയാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു മൈനര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും പോക്‌സോ കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലറെ സുഹൃത്തായ മന്ത്രി തന്റെ അധികാരമുപയോഗിച്ച് സംരക്ഷിക്കുകയാണെന്നുമായിരുന്നു പ്രസ്തുത പോസ്റ്റില്‍ ബല്‍റാം പറഞ്ഞത്.

മന്ത്രിയുമായി പ്രതിയുടെ അടുത്ത ബന്ധം തെളിയിക്കുന്ന നിരവധി ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ടെന്നും മന്ത്രിയുടെ സന്തത സഹചാരിയാണ് പ്രതി എന്ന് ബോധ്യമാവുന്ന തരത്തില്‍ വ്യത്യസ്ത അവസരങ്ങളിലെടുത്ത ഫോട്ടോകളാണ് കാണപ്പെടുന്നത് എന്നും പറഞ്ഞായിരുന്നു ബല്‍റാം മഅദ്‌നിയെ കെ.ടി ജലീല്‍ സന്ദര്‍ശിച്ച ഫോട്ടോയും ഷെയര്‍ ചെയ്തത്.