മുന്നാക്ക സംവരണ വിധി ഭരണഘടനയുടെ അന്തഃസത്തയോടുള്ള വെല്ലുവിളി: മഅ്ദനി
national news
മുന്നാക്ക സംവരണ വിധി ഭരണഘടനയുടെ അന്തഃസത്തയോടുള്ള വെല്ലുവിളി: മഅ്ദനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th November 2022, 7:02 pm

ബെംഗളൂരു: മുന്നാക്ക സംവരണം ശരിവെച്ച സുപ്രീം കോടതി വിധി ഭരണഘടനാ ശില്‍പികളോടും ഭരണഘടനയുടെ അന്തഃസത്തയോടുമുള്ള വെല്ലുവിൡയെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി.

‘സംവരണം: കോടതി വിധി ഭരണഘടനാ ശില്‍പികളോടും ഭരണഘടനയുടെ അന്തഃസത്തയോടുമുള്ള വെല്ലുവിളി…’ മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, തിങ്കളാഴ്ച രാവിലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം മുന്നാക്ക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണത്തെയും 103ാം ഭരണഘടനാ ഭേദഗതിയെയും പൂര്‍ണമായും ശരിവെച്ചു.

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഭരണഘടനാപരമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. സംവരണ വിഷയത്തില്‍ നാല് വിധികളാണ് ബെഞ്ച് പുറപ്പെടുവിച്ചത്.

നിലവില്‍ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ ഭരണഘടന ഭേദഗതി അംഗീകരിച്ചു. എന്നാല്‍, ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവര്‍ സംവരണ വിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിച്ചു.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

Content Highlight: Abdul Nasir Maudani’s Reaction on Supreme Court Verdict on Economic Reservation