ഡാക്കാര്‍: സെനഗല്‍ പ്രസിഡന്റ് അബ്ദുള്ള വഡെ തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് അധാകരമൊഴിയുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ എത്താനുള്ള വഡെയുടെ മോഹം എതിര്‍സ്ഥാനാര്‍ത്ഥിയും മുന്‍ പ്രധാനമന്ത്രികൂടിയായ മാക്കി സള്‍ ആണ് ഇല്ലാതാക്കിയത്.
കഴിഞ്ഞ 12 വര്‍ഷമായി വഡെയുടെ ഭരണത്തിന്‍ കീഴിലായിരുന്നു സെനഗല്‍. അബ്ദുള്ള വഡെ സെനഗലില്‍ നടപ്പാക്കിയ പല ഭരണ പരിഷ്‌കാരങ്ങളും വലിയ എതിര്‍പ്പിന് വഴിയൊരുക്കിയിരുന്നു. ഇതേത്തുര്‍ന്ന് ഒരു വര്‍ഷം മുമ്പ് കലാപം പൊട്ടിപ്പുറപ്പെടുകയും നിരവധി പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതാണ് പെട്ടെന്നുള്ള തിരഞ്ഞെടുപ്പിന് വഴിവെച്ചത്.
അബ്ദുള്ള വഡെ വീണ്ടും അധികാരത്തില്‍ കയറുന്നതിനെതിരെ രാജ്യത്തു ശക്തമായ പ്രക്ഷോഭം ഉയര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ കനത്ത തോല്‍വിയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അബ്ദുള്ള വഡെക്കുണ്ടായത്. വഡെയുടെ പരാജയം സ്ഥിരീകരിച്ചപ്പോള്‍ തന്നെ തലസ്ഥാനമായ ഡാക്കാറില്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയും ആഹ്ലാദം പങ്കുവെയ്ക്കുകയും ചെയ്തു.
ജനഹിതം അംഗീകരിക്കുന്നുവെന്നും ശക്തമായി തിരിച്ചുവരുമെന്നും എണ്‍പത്തഞ്ചുകാരനായ വഡെ പറഞ്ഞു. സള്‍ളിനെ വാഡെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിജയത്തെക്കുറിച്ച് മാക്കി സള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
