ഡിവില്ലിയേഴ്സിനെ മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ 360 ഡിഗ്രി ബാറ്റിങ് ശൈലി തന്നെയായിരുന്നു. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും അനായാസം പന്ത് അടിക്കാനുള്ള അപൂര്‍വ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും ക്രിക്കറ്റിന്റെ ഡിക്ഷണറിയില്‍ പോലുമില്ലാത്ത ഷോട്ടുകളിയുന്നു അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. റിവേഴ്സ് സ്വീപ്പുകളും, വിക്കറ്റ് കീപ്പറിന് മുകളിലൂടെയുള്ള റാംപ് ഷോട്ടുകളും, കവറിലൂടെയുള്ള ക്ലാസിക് ഡ്രൈവുകളും ഉള്‍പ്പെടെ ബാറ്റിങ്ങിന്റെ പുതിയ പാതയിലൂടെ സഞ്ചരിച്ച താരമായിരുന്നു എ.ബി
അയാള്‍ കളി മറന്നിട്ടില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്… എക്കാലവും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച അദ്ദേഹത്തിന്, താന്‍ മൈതാനം വിട്ട് എങ്ങും പോയിട്ടില്ലെന്ന് വിളിച്ചുപറയാന്‍ വെറും 41 പന്തുകള്‍ മാത്രം മതിയായിരുന്നു. അതെ… 41ാം വയസിലും പൂപറിക്കുന്ന ലാഘവത്തോടെ സെഞ്ച്വടിയടിച്ച് സൗത്ത് ആഫ്രിക്കയുടെ വെടിക്കെട്ട് വീരന്‍ എ.ബി. ഡിവില്ലിയേഴ്സ് ഒരിക്കല്‍ കൂടി തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ്.
ബൗണ്‍സറുകളും യോര്‍ക്കറുകളുമടക്കം തലങ്ങും വിലങ്ങും അടിച്ചുപറത്തി എതിരാളികളെ ഊതിപ്പറപ്പിക്കുന്ന അഗ്രസീവ് സ്‌റ്റൈലിഷ് ബാറ്റിങ് വീണ്ടും കണ്ടപ്പോള്‍ രോമം എഴുന്നേറ്റു നിന്നെന്ന് പറയാം. ഇത്തവണ എ.ബി.ഡിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത് ഇയോണ്‍ മോര്‍ഗണിന്റെ ഇംഗ്ലണ്ടാണ്.
സംഭവം നടക്കുന്നത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെതിരെ നടന്ന മത്സരത്തിലാണ്. ഇംഗ്ലണ്ടിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മോര്‍ഗണേയും കൂട്ടരേയും അടിച്ചുപറത്തി 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിന് വേണ്ടി എ.ബി.ഡിയും ഹാഷിം അംലയും നേടിക്കൊടുത്തത്.
ഗ്രേസ് റോഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് എ.ബി.ഡിയുടെ ബാറ്റിങ് കരുത്തില്‍ വെറും 12.2 ഓവറില്‍ 153 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
പ്രായം മറന്ന് വെറും 51 പന്തുകളില്‍ നിന്ന് 15 ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 116 റണ്‍സ് നേടി പുറത്താകാതെയാണ് ഡിവില്ലിയേഴ്‌സ് ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ടത്.
തന്റെ 360 ഡിഗ്രി അഗ്രസീവ് സ്റ്റൈലിന് മുന്നില്‍ എരിഞ്ഞടങ്ങുകയല്ലാതെ ഇംഗ്ലണ്ടുകാര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിച്ചില്ല. ത്രീ ലയണ്‍സിന് വേണ്ടി പന്തെറിഞ്ഞ എല്ലാവരേയും 227.45 എന്ന പ്രഹരശേഷിയില്‍ അടിച്ചുപറത്തിയാണ് എ.ബി.ഡി തന്റെ ബാറ്റ് ഒരിക്കല്‍ കൂടെ ആകാശത്തേക്കുയര്‍ത്തിയത്. മത്സരത്തില്‍ ഓപ്പണര്‍ ഹാഷിം അംല 25 പന്തില്‍ 29 റണ്‍സ് നേടി എ.ബി.ഡിയെ മികച്ച രീതിയില്‍ സപ്പോര്‍ട്ട് ചെയ്തു.
ഡിവില്ലിയേഴ്സിനെ മറ്റു താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ 360 ഡിഗ്രി ബാറ്റിങ് ശൈലി തന്നെയായിരുന്നു. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും അനായാസം പന്ത് അടിക്കാനുള്ള അപൂര്‍വ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
പലപ്പോഴും ക്രിക്കറ്റിന്റെ ഡിക്ഷണറിയില്‍ പോലുമില്ലാത്ത ഷോട്ടുകളിയുന്നു അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. റിവേഴ്സ് സ്വീപ്പുകളും, വിക്കറ്റ് കീപ്പറിന് മുകളിലൂടെയുള്ള റാംപ് ഷോട്ടുകളും, കവറിലൂടെയുള്ള ക്ലാസിക് ഡ്രൈവുകളും ഉള്‍പ്പെടെ എ.ബി.ഡി ബാറ്റിങ്ങിന്റെ പുതിയ പാതയിലൂടെ സഞ്ചരിച്ച താരമായിരുന്നു. 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെറും 31 പന്തില്‍ നിന്ന് സെഞ്ച്വറി നേടി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കാനും താരത്തിന് സാധിച്ചു.
2018ല്‍ ഓസീസിനെതിരെയുള്ള മത്സരത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ നിരാശരായ ആരാധതകര്‍ക്ക് വേണ്ടി ലോകമെമ്പാടുമുള്ള ടി-20 ക്രിക്കറ്റിലും എ.ബി.ഡി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ടി-20 എന്നു പറഞ്ഞാല്‍ തന്നെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജേഴ്‌സിയില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്ന എ.ബി.ഡിയുടെ മുഖമാണ് ഏതൊരാള്‍ക്കും മുന്നില്‍ വരിക. വിരാട് കോഹ്‌ലിയും ക്രിസ് ഗെയ്‌ലും എ.ബി.ഡിയുമൊക്കെ ഐ.പി.എല്‍ ഭരിച്ച ആ സുവര്‍ണ കാലം കൂടിയാണ് ‘ഒരു സെഞ്ച്വറി കൊണ്ട്’ ആരാധകരുടെ മനസില്‍ വീണ്ടും ഇടം നേടിയത്.
ഐ.പി.എല്ലില്‍ 184 മത്സരങ്ങള്‍ കളിച്ച എ.ബി.ഡി 5162 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറികളായിരുന്നു താരം നേടിയതും. അന്ന് പൂവണിയാത്ത കിരീട നേട്ടത്തില്‍ 2025ല്‍ പങ്കാളിയായും ഡിവില്ലിയേഴ്‌സ് ഉണ്ടായിരുന്നു. അതിനെല്ലാം പുറമെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും എ.ബി.ഡിയുടെ നേട്ടങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. മാത്രമല്ല ഇനി ഒരിക്കല്‍ കൂടി ഐ.പി.എല്ലിലേക്ക് തിരിച്ചെത്താനുള്ള കെല്‍പ്പ് തന്റെ കൈക്കും ബാറ്റിനുമുണ്ടെന്ന് തെളിയിക്കുകയാണ് പ്രോട്ടിയാസ് പടവീരന്‍.
ടെസ്റ്റില്‍ 22 സെഞ്ച്വറികളുള്‍പ്പെടെ 8765 റണ്‍സും ഏകദിനത്തില്‍ 25 സെഞ്ച്വറികളടക്കം 9577 റണ്‍സും ടി-20യില്‍ 10 അര്‍ധ സെഞ്ച്വറികടക്കം 1672 റണ്‍സും എ.ബി.ഡി നേടി. ഇനിയും അയാള്‍ കളത്തില്‍ നിറഞ്ഞാടുമെന്നതില്‍ ഒരു സംശയവും വേണ്ടെന്ന് ആര്‍ക്കും പറയാവുന്ന തരത്തിലാണ് തന്റെ 41ാം വയസിലും എ.ബി.ഡിയുടെ വെടിക്കെട്ട്.
അതേസമയം വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്‍ഡ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍ ഫില്‍ മസ്താര്‍ഡാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 33 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് താരം നേടിയത്. സമിത് പട്ടേല്‍ 24 റണ്‍സും നേടിയിരുന്നു. പ്രോട്ടിയാസിന് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് വൈന്‍ പാര്‍ണറും ഇമ്രാന്‍ താഹിറുമാണ്. ഇരുവരും രണ്ട് വിക്കറ്റുകളാണ് നേടിയത്.
ഇനി ടൂര്‍ണമെന്റില്‍ ഇന്ന് നടക്കുന്ന (വെള്ളി) മത്സരത്തില്‍ പാകിസ്ഥാനെതിരെയാണ് പ്രോട്ടിയാസ് ലെജന്‍ഡ്സ് കളത്തിലിറങ്ങുന്നത്. പാകിസ്ഥാനെതിരെയും എ.ബി.ഡി തന്റെ മിന്നും ബാറ്റിങ് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: AB de Villiers makes a huge comeback by scoring a century in the World Championship of Legends