ദ്യശ്യം 3 ഹിന്ദി പതിപ്പിന് ആശീര്‍വാദിന്റെ വിലക്ക്; മലയാളത്തിന് മുമ്പ് ഹിന്ദി റീമേക്ക് ഉണ്ടാകില്ല
Malayalam Cinema
ദ്യശ്യം 3 ഹിന്ദി പതിപ്പിന് ആശീര്‍വാദിന്റെ വിലക്ക്; മലയാളത്തിന് മുമ്പ് ഹിന്ദി റീമേക്ക് ഉണ്ടാകില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th October 2025, 11:49 am

മലയാളത്തിന് മുമ്പ് ദ്യശ്യം സിനിമയുടെ ഹിന്ദി റീമേക്കുണ്ടാകില്ല. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ തൊടുപുഴയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 3 യ്ക്ക് മുന്നേ അജയ് ദേവ്ഗണിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യില്ല.

മലയാളം പതിപ്പിന്റെ ചിത്രീകരണവും റിലീസും തീരാതെ റീമേക്ക് സിനിമകളെക്കുറിച്ചുള്ള വിവരങ്ങളോ പ്രൊമോകളോ പുറത്തുവിടരുത് എന്ന നിബന്ധന മുന്നോട്ട് വെച്ചാണ് ആശിര്‍വാദ് സിനിമാസും സംവിധായകന്‍ ജീത്തു ജോസഫും ഹിന്ദി നിര്‍മാതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദി ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ ഒക്ടോബര്‍ 2ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആരാധകരിലേക്ക് എത്തിയില്ല. ദൃശ്യം 3 യുടെ പ്രഖ്യാപനം വന്നതുമുതല്‍ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കള്‍ ആദ്യം തങ്ങളുടെ പതിപ്പ് പുറത്തിറക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ മലയാളത്തില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ അനുമതിയില്ലാതെ ഹിന്ദി പതിപ്പുമായി മുന്നോട്ട് പോയാല്‍, നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജീത്തു ജോസഫ് ഹിന്ദി ടീമിന് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പനോരമ സ്റ്റുഡിയോസാണ് ഹിന്ദി ചിത്രം നിര്‍മിക്കുന്നത്.

മലയാളം ഇന്‍ഡസ്ട്രിയില്‍ ഒരു ബെഞ്ച് മാര്‍ക്കായി തീര്‍ന്ന ദ്യശ്യം ഹിന്ദി ഉള്‍പ്പടെ ആറ് ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. സിനിമയുടെ ആദ്യ ഭാഗവും രണ്ടാം ഭാഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ആകാംഷയിലായിരുന്നു. സെപ്റ്റംബര്‍ 22 നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

Content highlight:  Aashirvaad bans Hindi version of Drishyam3; There will be no Hindi remake before Malayalam