എഡിറ്റര്‍
എഡിറ്റര്‍
ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശം; പി.സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് ആഷിഖ് അബു
എഡിറ്റര്‍
Tuesday 15th August 2017 11:07am

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരെയും വനിതാ കമ്മീഷനെതിരെയും നിരന്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ആഷിഖ് അബു.

നാലഞ്ചുപേര്‍ ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത ‘ധൈര്യശാലി ‘യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ്. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ലെന്നും ആഷിഖ് അബു പറയുന്നു.

ടി.വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും ‘തോക്ക് ‘ നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു.

ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണെന്നും ആഷിഖ് പറയുന്നു.


Dont Miss ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല മോഹന്‍ഭഗവതിന്റേതെന്ന് മനസിലായില്ലേ; പരിഹാസവുമായി കെ. സുരേന്ദ്രന്‍


നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്ന വനിതാ കമ്മീഷന്റെ നിലപാടിനെ പരിഹസിച്ച് പി.സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു.

വനിതാ കമ്മീഷന്‍ തന്നെ തൂക്കിക്കൊല്ലുമോ എന്നായിരുന്നു പി.സി.ജോര്‍ജ്ജിന്റെ പ്രതികരണം. വനിതാ കമ്മീഷന്‍ എന്ന് കേട്ടാല്‍ പേടിയാണെന്നും അല്‍പം ഉള്ളി കാട്ടിയാല്‍ കരയാമായിരുന്നു എന്നും പരിഹസിച്ച പി.സി ജോര്‍ജ് തനിക്ക് നോട്ടീസയച്ചാല്‍ സൗകര്യമുള്ള സമയത്ത് ഹാജരാകുമെന്നു പറഞ്ഞു. അവര്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും പി.സി പറഞ്ഞിരുന്നു.

നിയമസഭാംഗം കൂടിയായ പി.സി ജോര്‍ജ്ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്ന സാഹചര്യത്തില്‍ അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതുകയും ചെയ്തിരുന്നു. പി.സി ജോര്‍ജ്ജിന്റെ പേരെടുത്ത് പറഞ്ഞും അദ്ദേഹം തനിക്കെതിരെ നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാണിച്ചുമായിരുന്നു കത്ത്.

അമ്മയും സഹോദരനുമടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതല്ല എന്റെ ജീവിതത്തില്‍ സംഭവിച്ചത്. പി സി ജോര്‍ജിനെ പോലുള്ളവര്‍ ഞാന്‍ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ? ഞാനെന്ത് തെറ്റാണ് ചെയ്തത് എന്ന് ആരെങ്കിലും ബോധ്യപ്പെടുത്തി തന്നിരുന്നേല്‍ നന്നായിരുന്നു -നടി കത്തില്‍ പറഞ്ഞിരുന്നു.
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നാലഞ്ചുപേര്‍ ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത ‘ധൈര്യശാലി ‘യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ്. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടി വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും ‘തോക്ക് ‘ നിരന്തരം, നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു.

ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുക തന്നെ !

Advertisement