ക്ലാസ്‌റൂം നിർമാണ അഴിമതി; മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനിനും സമൻസയച്ച് അഴിമതി വിരുദ്ധ ബ്യൂറോ
national news
ക്ലാസ്‌റൂം നിർമാണ അഴിമതി; മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനിനും സമൻസയച്ച് അഴിമതി വിരുദ്ധ ബ്യൂറോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th June 2025, 12:31 pm

ന്യൂദൽഹി: 2000 കോടി രൂപയുടെ ക്ലാസ് റൂം നിർമാണ അഴിമതിയിൽ ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ എന്നിവർക്ക് സമൻസ് അയച്ച് അഴിമതി വിരുദ്ധ ബ്യൂറോ. ജെയ്‌നോട് ജൂൺ ആറിന് ദൽഹിയിലെ ബ്യൂറോ ഓഫീസ് സന്ദർശിക്കാനും സിസോദിയയോട് ജൂൺ ഒമ്പതിന് ബ്യൂറോ ഓഫീസ് സന്ദർശിക്കാനും ബ്യൂറോ ആവശ്യപ്പെട്ടിരിക്കുകയാണ്.

ദൽഹിയിലെ മുൻ ആം ആദ്മി സർക്കാരിന്റെ കാലത്ത് 12,748 ക്ലാസ് മുറികളുടെയും കെട്ടിടങ്ങളുടെയും നിർമാണം ഉയർന്ന ചെലവിൽ നടത്തിയെന്ന് ആരോപിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഏപ്രിൽ 30 ന് രണ്ട് നേതാക്കൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. അന്ന് മനീഷ് സിസോദിയ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. സത്യേന്ദർ ജെയിൻ പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) പോർട്ട്ഫോളിയോ കൈകാര്യം ചെയ്തിരുന്നു.

കെട്ടിട നിർമാണത്തിനെന്ന പേരിൽ വളരെയധികം ചെലവ് ഉണ്ടായിട്ടുണ്ടെങ്കിലും നിർദ്ദിഷ്ട കാലയളവിനുള്ളിൽ ഒരു ജോലി പോലും പൂർത്തിയാക്കിയിട്ടില്ലെന്ന് അഴിമതി വിരുദ്ധ സമിതി എഫ്.ഐ.ആറിൽ പറഞ്ഞു. ‘കൺസൾട്ടന്റിനെയും ആർക്കിടെക്റ്റിനെയും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ നിയമിച്ചു. അവർ വഴി ചെലവ് വർധിപ്പിച്ചു. ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് 17-എ പി.ഒ.സി ആക്ട് പ്രകാരം അനുമതി ലഭിച്ചതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്,’ അഴിമതി വിരുദ്ധ ബ്യൂറോ പറഞ്ഞു.

റെസിഡൻഷ്യൽ ഫ്ലാറ്റുകളുടെ ശരാശരി ചെലവ് ചതുരശ്ര അടിക്ക് ഏകദേശം 1,500 രൂപയാണെന്ന് അറിഞ്ഞിട്ടും, 12,500ലധികം ക്ലാസ് മുറികൾ ചതുരശ്ര അടിക്ക് 8,800 രൂപയെന്ന അധിക നിരക്കിലാണ് നിർമിച്ചതെന്ന് ഏജൻസി ആരോപിച്ചു.

ടെൻഡർ പ്രകാരം ഓരോ ക്ലാസ് മുറിയും നിർമിക്കുന്നതിനുള്ള മൊത്തം ചെലവ് ഏകദേശം 24.86 ലക്ഷം രൂപയാണെന്നും, അതേസമയം സമാനമായ മുറികൾ സാധാരണയായി ദേശീയ തലസ്ഥാനത്ത് ഏകദേശം 5 ലക്ഷം രൂപയ്ക്ക് നിർമിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും എ.എ.പി സർക്കാരിൽ ഉണ്ടായിരുന്ന കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ദൽഹി സർക്കാരിന്റെ വിജിലൻസ് ഡയറക്ടറേറ്റ് ശുപാർശ ചെയ്യുകയും ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് 2022ൽ കേസ് പുറത്തുവന്നത്.

ഈ വർഷം മാർച്ചിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രോസിക്യൂഷന് അനുമതി നൽകിയതിനെത്തുടർന്ന് ഏപ്രിലിൽ അവർക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്തു.

 

Content Highlight: AAP’s Manish Sisodia, Satyendar Jain summoned in classroom construction scam