കൂറുമാറിയ ഏഴ് പേരെയും അയോഗ്യരാക്കണം; രാജ്യസഭാ അധ്യക്ഷന് പരാതിയുമായി ആം ആദ്മി പാര്‍ട്ടി
national news
കൂറുമാറിയ ഏഴ് പേരെയും അയോഗ്യരാക്കണം; രാജ്യസഭാ അധ്യക്ഷന് പരാതിയുമായി ആം ആദ്മി പാര്‍ട്ടി
ആദര്‍ശ് എം.കെ.
Sunday, 26th April 2026, 3:54 pm

 

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എം.പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്. ഇത് സംബന്ധിച്ച് രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന് ഔദ്യോഗികമായി പരാതി നല്‍കി.

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമം ഇവര്‍ ലംഘിച്ചുവെന്നും അതിനാല്‍ അവരുടെ അംഗത്വം റദ്ദാക്കണമെന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം.

എം.പിമാരായ രാഘവ് ചദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്.

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അതിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും തത്വങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ ബി.ജെ.പിയില്‍ ലയിച്ചത്

രാജ്യസഭയില്‍ എ.എ.പിക്ക് ആകെ പത്ത് സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരും നിലവില്‍ പാര്‍ട്ടി വിട്ടു.

എന്നാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത നേരിടേണ്ടി വരില്ല എന്നാണ് പാര്‍ട്ടി വിട്ട എം.പിമാരുടെ വിശദീകരണം. മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങള്‍ മറ്റൊരു സംഘടനയില്‍ ലയിച്ചാല്‍ അയോഗ്യത നേരിടേണ്ടി വരില്ലെന്ന ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് രാഘവ് ചദ്ദ ഈ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന നീക്കത്തെ ന്യായീകരിച്ചത്.

എന്നാല്‍ മുതിര്‍ന്ന നേതാവും സീനിയര്‍ അഡ്വക്കറ്റുമായ കപില്‍ സിബല്‍, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി തുടങ്ങിയ വിദഗ്ധരുമായി നടത്തിയ ആലോചന പ്രകാരം ഈ എം.പിമാര്‍ അയോഗ്യരാക്കപ്പെടാന്‍ ബാധ്യസ്ഥരാണെന്ന് സഞ്ജയ് സിങ് വ്യക്തമാക്കി.

ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

ഈ കൂറുമാറ്റം ജനവിധിക്ക് എതിരെയുള്ള വഞ്ചനയാണിതെന്നും പ്രത്യേകിച്ച് പഞ്ചാബിലെ ജനങ്ങളെയാണ് ഇത് ബാധിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

കൂറുമാറിയ ഏഴ് പേരില്‍ ആറ് പേരും പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന രാജ്യസഭാ അംഗങ്ങളാണ്. ഈ കൂറുമാറ്റം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബാധിക്കുമോ എന്ന ആശങ്കയും എ.എ.പിക്കുണ്ട്.

ബി.ജെ.പിയും വിമത നേതാക്കളും തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഇവര്‍ക്കെതിരെ പഞ്ചാബില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ എത്രയും വേഗം വാദം കേട്ട് നീതിയുക്തമായ തീരുമാനം എടുക്കണമെന്ന് എ.എ.പി രാജ്യസഭാ അധ്യക്ഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

Content Highlight: AAP Petitions Disqualification for Seven Defecting Rajya Sabha MPs

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.