ഇമ്മാതിരി പ്രൊമോഷന്‍ ഒരു സൂപ്പര്‍സ്റ്റാറും ചെയ്യില്ല, ഹാപ്പി പട്ടേലിന് വ്യത്യസ്ത പ്രൊമോഷനുമായി ആമിര്‍ ഖാന്‍
Indian Cinema
ഇമ്മാതിരി പ്രൊമോഷന്‍ ഒരു സൂപ്പര്‍സ്റ്റാറും ചെയ്യില്ല, ഹാപ്പി പട്ടേലിന് വ്യത്യസ്ത പ്രൊമോഷനുമായി ആമിര്‍ ഖാന്‍
അമര്‍നാഥ് എം.
Monday, 12th January 2026, 3:22 pm

ബോളിവുഡിലെ മികച്ച താരങ്ങളിലൊരാളാണ് ആമിര്‍ ഖാന്‍. അഭിനയത്തിന് പുറമെ മികച്ച സിനിമകള്‍ നിര്‍മിക്കാനും ആമിര്‍ ഖാന്‍ തന്റെ പ്രൊഡക്ഷന്‍ ഹൗസ് മുന്‍കൈ എടുക്കാറുണ്ട്. ഇന്ത്യയിലെ മുന്‍നിര സ്റ്റാന്‍ഡപ്പ് കൊമേഡിയനായ വീര്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഹാപ്പി പട്ടേലിന്റെ നിര്‍മാണവും ആമിര്‍ ഖാന്‍ തന്നെയാണ്.

ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമയുടെ ഓരോ അപ്‌ഡേറ്റും മാക്‌സിമം തമാശയുടെ രൂപത്തിലാണ് അവതരിപ്പിച്ചത്. കോംപ്ലക്‌സ് നിറഞ്ഞ നിര്‍മാതാവായി ആമിറും കണ്‍ഫ്യൂസ്ഡായ സംവിധായകനായി വീര്‍ ദാസും പ്രത്യക്ഷപ്പെട്ട പ്രൊമോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രൊമോ വീഡിയോയാണ് പുതിയ ചര്‍ച്ച.

ആമിറിന്റെ ഡ്യൂപ്പായി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ബോളിവുഡ് താരം സുനില്‍ ഗ്രോവറാണ് പുതിയ പ്രൊമോ വീഡിയോയില്‍ കൈയടി നേടുന്നത്. ആമിറിന്റെ ഗെറ്റപ്പും മാനറിസവും പെര്‍ഫക്ടായി അനുകരിക്കുന്ന സുനില്‍ ഗ്രോവര്‍ താന്‍ ആമിറാണെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നത് വീഡിയോയില്‍ കാണാനാകും.

ഒടുവില്‍ യഥാര്‍ത്ഥ ആമിര്‍ ഖാന്‍ രംഗപ്രവേശം ചെയ്യുകയും സുനിലുമായി ഉടക്കുന്നതും ചിരിയുണര്‍ത്തുന്നുണ്ട്. ആമിറിനെ സുനില്‍ ഗ്രോവര്‍ എന്നാണ് എല്ലാവരും തെറ്റിദ്ധരിക്കുന്നത്. ആമിര്‍ ഖാന്റെ സെക്യൂരിറ്റികള്‍ അദ്ദേഹത്തെ തൂക്കിയെടുത്ത് വെളിയില്‍ കളയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും മികച്ച പ്രൊമോയാണ് ഹാപ്പി പട്ടേലിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

യഥാര്‍ത്ഥ ആമിര്‍ ആരാണ് ? ആമിറോ ഗ്രോവറോ എന്നാണ് വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍. ആമിര്‍ ഖാന്റെ മാര്‍ക്കറ്റിങ് തന്ത്രത്തെയാണ് പലരും അഭിനന്ദിക്കുന്നത്. അടുത്തിടെ സുനില്‍ ഗ്രോവര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ അയാളെ പ്രൊമോഷന് ഉപയോഗിച്ചത് മികച്ച ഓപ്ഷനായെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഡാര്‍ക്ക് കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രമാണ് ഹാപ്പി പട്ടേല്‍. ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നത് സംവിധായകന്‍ വീര്‍ ദാസ് തന്നെയാണ്. ലണ്ടനില്‍ നിന്ന് ഒരു സീക്രട്ട് മിഷന് വേണ്ടി ഗോവയിലെത്തുന്ന ഹാപ്പി പട്ടേല്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥ. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇമ്രാന്‍ ഖാന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഹാപ്പി പട്ടേലിനുണ്ട്. നിര്‍മാതാവായ ആമിര്‍ ഖാനും ചിത്രത്തില്‍ അതിഥിവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഡിസംബര്‍ 16ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Aamir Khan’s new movie Happy Patel’s promotion viral

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം