വയനാട്ടില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ആം ആദ്മി
Kerala
വയനാട്ടില്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ആം ആദ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th December 2025, 4:01 pm

കല്‍പ്പറ്റ: വയനാട്ടില്‍ അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. മുള്ളന്‍കൊല്ലി പഞ്ചായത്തിലാണ് എ.എ.പിയുടെ അട്ടിമറി വിജയം. എ.എ.പിയുടെ സിനി ആന്റണി എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ 16ാം വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു.

190 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിനി ആന്റണി വിജയിച്ചത്. കോണ്‍ഗ്രസിന്റെ മേരി ജെയിംസ് കണ്ടത്തിന്‍കരയെ പരാജയപ്പെടുത്തിയാണ് സിനിയുടെ വിജയം.

465 വോട്ടാണ് സിനിയ്ക്ക് ലഭിച്ചത്. മേരി ജെയിംസിന് 274 വോട്ടും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഷനിത സനില്‍ 106 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഷെറീന സുനില്‍കുമാര്‍ 91 വോട്ടും നേടി.

സാധാരണക്കാരന്റെ പാര്‍ട്ടിയാണ് എ.എ.പി. തന്റെ വിജയത്തിന് പിന്നില്‍ സാധാരണക്കാരായ മനുഷ്യരുടെ പിന്തുണയാണെന്ന് സിനി ആന്റണി പറഞ്ഞു. യു.ഡി.എഫിന് വലിയ സ്വാധീനമുള്ള പഞ്ചായത്ത് കൂടിയാണ് മുള്ളന്‍കൊല്ലി.

ജില്ലയിലെ 450 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 249ഉം യു.ഡി.എഫാണ് നേടിയത്. 59 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ 45 എണ്ണവും യു.ഡി.എഫ് നേടി. 17 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ 15 എണ്ണവും നേടി യു.ഡി.എഫ് ആധിപത്യം പുലര്‍ത്തി.

103 മുന്‍സിപ്പാലിറ്റി വാര്‍ഡുകളില്‍ 48 എണ്ണം യു.ഡി.എഫ് നേടിയപ്പോള്‍ 43 എണ്ണത്തില്‍ എല്‍.ഡി.എഫ് ഭരണം പിടിച്ചു. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി പിടിച്ചെടുത്ത എല്‍.ഡി.എഫ് ശക്തമായ മത്സരം കാഴ്ചവെക്കുകയും ചെയ്തു.

Content Highlight: Aam Aadmi Party captures LDF’s sitting seat in Wayanad