2026 ടി – 20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്ക് എതിരായ ഇന്ത്യയുടെ സൂപ്പർ 8 മത്സരത്തിൽ നിര്‍ണായകമാവുക രണ്ട് ഇന്ത്യന്‍ ബൗളര്‍മാരാണെന്ന് ക്രിക്കറ്റ് നിരീക്ഷകനായ ആകാശ് ചോപ്ര. വരുണ്‍ ചക്രവര്‍ത്തിയുടെയും ജസ്പ്രീത് ബുംറയുടെയും ഓവറുകളായിരിക്കും കളിയുടെ ഗതി തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ബാറ്റര്‍മാര്‍ സമ്മര്‍ദത്തിലാണെന്നും അവര്‍ സ്വതന്ത്രമായി ബാറ്റ് ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
ആകാശ് ചോപ്ര. Photo: Shebas/x.com
‘രണ്ട് ബൗളര്‍മാരാണ് ഈ കളിയുടെ ഗതി നിര്‍ണയിക്കുക. ബാറ്റര്‍മാര്‍ ഇപ്പോള്‍ സമ്മര്‍ദത്തിലാണെന്നതിനാല്‍ ഞാന്‍ അവരെ തെരഞ്ഞെടുക്കുന്നില്ല. അവര്‍ ഭയമില്ലാതെയും സ്വതന്ത്രമായും ബാറ്റ് ചെയ്യുന്നില്ല. അതിനാല്‍ തന്നെ വരുണ്‍ ചക്രവര്‍ത്തിയുടെയും ജസ്പ്രീത് ബുംറയുടെയും നാല് ഓവറുകള്‍ നിര്‍ണായകമാകും.
ഇരുവരുടെയും എട്ട് ഓവറുകള്‍ സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള കളി ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ സഹായിക്കും. നേരത്തെ ഇതേ വേദിയില്‍ സൗത്ത് ആഫ്രിക്കയോട് വരുണ്‍ 53 റണ്‍സ് വഴങ്ങിയെങ്കിലും നാല് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ബുംറയാകട്ടെ എക്കോണമിക്കലായായിരുന്നു പന്തെറിഞ്ഞത്,’ ആകാശ് ചോപ്ര പറഞ്ഞു.
അതേസമയം, വരുണ്‍ ഈ ലോകകപ്പില്‍ മിന്നും ഫോമിലാണ്. താരം ഇതുവരെ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ താരം രണ്ടാമതാണ്. ബുംറയാകട്ടെ മൂന്ന് മത്സരങ്ങളില്‍ നാല് വിക്കറ്റുകളാണ് നേടിയത്.
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള സൂപ്പര്‍ 8 മത്സരം നാളെയാണ് (ഫെബ്രുവരി 22) നടക്കുക. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുന്നത്. അപരാജിത കുതിപ്പ് നടത്തുന്ന ഇന്ത്യ ഈ മത്സരത്തിലും വിജയമെന്നതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മറുവശത്ത് പ്രോട്ടിയാസും വിജയം തേടിയാണ് ഇറങ്ങുന്നത്.
Content Highlight: Aakash Chopra says Varun Chakravarthy and Jasprit Bumrah will be key players against South Africa in super 8 clash of T20 World cup 2026