പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ഇന്ത്യ രണ്ടാം ദിവസം തന്നെ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റും വീഴ്ത്തിയാണ് ആതിഥേയരെ സമ്മര്‍ദത്തിലേക്ക് തള്ളിയിടാന്‍ ഒരുങ്ങുന്നത്.
ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ രണ്ടാം ദിവസത്തെ ഹൈലൈറ്റ്. ടെസ്റ്റ് ഫോര്‍മാറ്റിലെ ഏഴാം സെഞ്ച്വറിയാണ് പന്ത് ലീഡ്‌സില്‍ കുറിച്ചത്. ഇതില്‍ അഞ്ചും വിദേശ പിച്ചുകളിലാണ് എന്നതും ശ്രദ്ധേയമാണ്.
ഇപ്പോള്‍ റിഷബ് പന്തിനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. പന്ത് തന്റേതായ ശൈലിയില്‍ സിക്‌സറടിച്ചുകൊണ്ട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത് ഏറെ മനോഹരമായിരുന്നു എന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്.
ഐ.പി.എല്ലിലെ പ്രകടനം വിലയിരുത്തി റിഷബ് പന്തിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് പറഞ്ഞവരുണ്ടെന്നും ചോപ്ര വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റിഷബ് പന്ത് സെഞ്ച്വറി നേടി, അതും തന്റെതായ ശൈലിയില്‍ സിക്‌സറടിച്ചുകൊണ്ട്. അതിന് ശേഷം അവന്‍ മറ്റൊരു സിക്‌സര്‍ കൂടി സ്വന്തമാക്കി. ആദ്യ ദിവസത്തിന്റെ അവസാന ഭാഗങ്ങളിലേക്ക് സെക്കന്‍ഡ് ന്യൂബോളില്‍ അവന്‍ ചെയ്ത കാര്യങ്ങള്‍, അത് അവനെക്കൊണ്ട് മാത്രം ചെയ്യാന്‍ സാധിക്കുന്നതാണ്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ഐ.പി.എല്ലിനിടെ സീരിയസായ ചില ചര്‍ച്ചകളുണ്ടായിരുന്നു. ഞങ്ങള്‍ ജിയോ ഹോട്‌സ്റ്റാറില്‍ മത്സരം അനലൈസ് ചെയ്യുകയായിരുന്നു, ആ സമയം ഒരാള്‍ ചോദിച്ചത് നിലവിലെ ഫോം കണക്കിലെടുത്ത് റിഷബ് പന്തിനെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ എന്നാണ്. ഇത് രണ്ടും രണ്ട് കാര്യങ്ങളാണ്, ദയവ് ചെയ്ത് കൂട്ടിക്കുഴയ്ക്കരുത് എന്നാണ് ഞാന്‍ അവരോട് പറഞ്ഞത്.
മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ആരംഭിച്ചത്. രണ്ടാം ദിവസം 20 റണ്‍സ് കൂടി സ്വന്തമാക്കിയ ശേഷം ക്യാപ്റ്റന്‍ പുറത്തായി. 227 പന്ത് നേരിട്ട് 147 റണ്‍സുമായാണ് ശുഭ്മന്‍ ഗില്‍ പുറത്തായത്.
എട്ട് വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കരുണ്‍ നായര്‍ നിരാശപ്പെടുത്തി. പൂജ്യത്തിനാണ് താരം മടങ്ങിയത്.
കരുണിന് പിന്നാലെ റിഷബ് പന്തിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. എന്നാല്‍ പുറത്താകും മുമ്പ് തന്നെ പന്ത് കരിയറിലെ മറ്റൊരു സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 178 പന്ത് നേരിട്ട് 134 റണ്‍സുമായാണ് പന്ത് തിരിച്ചുനടന്നത്. ജോഷ് ടംഗിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു പന്തിന്റെ മടക്കം.
പിന്നാലെയെത്തിയവര്‍ക്കൊന്നും ചെറുത്തുനില്‍ക്കാന്‍ പോലും സാധിക്കാതെ വന്നതോടെ ഇന്ത്യ 471ന് പുറത്തായി.
Rain 🌧️stops at Headingley!
Play to resume at 02.55 PM Local Time (07.25 PM IST).
ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടംഗും നാല് വിക്കറ്റ് വീതം സ്വന്തമാക്കി. ഷോയ്ബ് ബഷീറും ബ്രൈഡന്‍ കാര്‍സുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ബുംറയെറിഞ്ഞ ഓവറിലെ അവസാന പന്തില്‍ കരുണ്‍ നായരിന് ക്യാച്ച് നല്‍കി സാക്ക് ക്രോളി മടങ്ങി. നാല് റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.
എന്നാല്‍ വണ്‍ ഡൗണായെത്തിയ വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പിനൊപ്പം ചേര്‍ന്ന് ബെന്‍ ഡക്കറ്റ് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 126ല്‍ നില്‍ക്കവെ ബെന്‍ ഡക്കറ്റിനെ കൂടാരം കയറ്റി ജസ്പ്രീത് ബുംറ വീണ്ടും ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 94 പന്തില്‍ 62 റണ്‍സുമായാണ് ഡക്കറ്റ് മടങ്ങിയത്.
ജോ റൂട്ടാണ് ശേഷം ക്രീസിലെത്തിയത്. റൂട്ടിനെ ഒപ്പം കൂട്ടി പോപ്പ് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നതിനിടെ റൂട്ടിനെ മടക്കി ബുംറ അടുത്ത ബ്രേക് ത്രൂവും സമ്മാനിച്ചു. 58 പന്തില്‍ 28 റണ്‍സ് നേടിയാണ് റൂട്ട് മടങ്ങിയത്.
ഒടുവില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 എന്ന നിലയില്‍ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. 131 പന്തില്‍ 100 റണ്‍സുമായി ഒലി പോപ്പും 12 പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
Content Highlight: Aakash Chopra says some people said Rishabh Pant should not be included in the England tour based on his performance in the IPL