ഈ പടത്തിന് എങ്ങനെ 100 കോടി കിട്ടി? ഫ്രാഞ്ചൈസിയിലെ ഏറ്റവും മോശം സിനിമ, ഒ.ടി.ടി റിലീസിന് പിന്നാലെ ആട് 3ക്ക് വിമര്‍ശനം
Malayalam Cinema
ഈ പടത്തിന് എങ്ങനെ 100 കോടി കിട്ടി? ഫ്രാഞ്ചൈസിയിലെ ഏറ്റവും മോശം സിനിമ, ഒ.ടി.ടി റിലീസിന് പിന്നാലെ ആട് 3ക്ക് വിമര്‍ശനം
അമര്‍നാഥ് എം.
Monday, 4th May 2026, 8:58 am

മോളിവുഡില്‍ ഈ വര്‍ഷം ആദ്യമായി 100 കോടി നേടിയ ചിത്രമാണ് ആട് 3. മലയാളത്തില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ആദ്യഭാഗം പരാജയപ്പെട്ടെങ്കിലും പിന്നീട് വന്ന രണ്ട് ഭാഗങ്ങളും തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.

സീ ഫൈവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. തിയേറ്ററില്‍ മികച്ച വിജയം നേടിയെങ്കിലും ഒ.ടി.ടിയില്‍ സമ്മിശ്ര പ്രതികരണമാണ് ആട് 3 സ്വന്തമാക്കുന്നത്. മുന്‍ ഭാഗങ്ങളെ അപേക്ഷിച്ച് കോമഡിയുടെ കാര്യത്തില്‍ ചിത്രം വളരെ പിന്നോട്ട് പോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലെ പല കോമഡികളും വര്‍ക്കായിട്ടില്ലെന്നും കമന്റുകളുണ്ട്.

ഈ സിനിമക്ക് എങ്ങനെ 100 കോടി കളക്ഷന്‍ കിട്ടിയെന്നാണ് പലരുടെയും ചോദ്യം. ഫ്രാഞ്ചൈസിയിലെ ഏറ്റവും മോശം സിനിമയെന്ന് ചിലര്‍ ആട് 3യെ വിശേഷിപ്പിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത ടൈംലൈന്‍ കാണിക്കുന്ന ചിത്രത്തില്‍ പാസ്റ്റിലെ കോമഡികളൊന്നും വര്‍ക്കായില്ലെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അവസാനത്തെ അര മണിക്കൂര്‍ മാത്രമാണ് ചിത്രം പീക്കിലേക്ക് എത്തിയതെന്നും കമന്റുകളുണ്ട്.

പാസ്റ്റില്‍ ധര്‍മജന്‍ അവതരിപ്പിച്ച കാര്യസ്ഥന്‍ കേളു നായര്‍ എന്ന കഥാപാത്രം ഏറ്റവും വലിയ കല്ലുകടിയായി മാറിയെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. കോമഡിയെന്ന പേരില്‍ ഈ കഥാപാത്രം പറഞ്ഞ പല ഡയലോഗുകളും വര്‍ക്കായില്ലെന്നും സിനിമയുമായി സിങ്കായില്ലെന്നും തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു. പാപ്പനും ടീമും പണിക്കരെ കാണാന്‍ പോകുന്ന സീന്‍ മാത്രമാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ചിരിപ്പൂരമൊരുക്കിയത്.

വിനായകന്‍ അവതരിപ്പിച്ച ഡ്യൂഡിന്റെ സെക്കന്‍ഡ് എന്‍ട്രി മുതല്‍ സിനിമ അതിന്റെ ട്രാക്കില്‍ കയറിയെന്നും കമന്റുകളുണ്ട്. അതുവരെ ആവറേജ് ലെവലില്‍ പോയിക്കൊണ്ടിരുന്ന ചിത്രം ഈ സീനിന് ശേഷം ടോപ് ഗിയറിലായെന്നും എന്നാല്‍ പെട്ടെന്ന് തീര്‍ന്നത് നിരാശ സമ്മാനിക്കുകയും ചെയ്‌തെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ടൈംലൈന്‍ സ്വാപ്പിലൂടെ വലിയ കോമഡി പൂരത്തിനുള്ള സൂചനയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ നല്‍കിയതെന്നും അടുത്ത ഭാഗത്തില്‍ ഇത് കൃത്യമായി ഉപയോഗിക്കണമെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഷാജി പാപ്പന്‍, ഡ്യൂഡ്, സാത്താന്‍ സേവ്യര്‍ തുടങ്ങി ഓരോ കഥാപാത്രത്തിനുമുള്ള പ്രത്യേക ഫാന്‍ ബേസാണ് ആട് 3യുടെ വിജയത്തിന് കാരണമെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു. തിയേറ്ററില്‍ ഹിറ്റാവുകയും ഒ.ടി.ടിയില്‍ വിമര്‍ശനം നേരിടുകയും ചെയ്ത സിനിമകളുടെ ലിസ്റ്റില്‍ ആട് 3യും ഉള്‍പ്പെട്ടിരിക്കുകയാണ്.

Content Highlight: Aadu 3 getting mixed response after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം