കോഴിക്കോട്: ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് വീണ്ടുമൊരു ആദിവാസി മരണവാര്‍ത്ത. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ചികിത്സ കിട്ടാതെ മധ്യവയസ്‌കനായ ആദിവാസി മരിച്ചത്.
നിലമ്പൂര്‍ പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടനാണ് (50) മരിച്ചത്. തെങ്ങില്‍ നിന്നു വീണു പരിക്കേറ്റ കണ്ടനെ ആശുപത്രിയിലെത്തിച്ച് മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ആരോപണം. ഗുരുതരമായി പരിക്കറ്റ രോഗിയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കണ്ടന്റെ മൃതദേഹം അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റിക്കിടത്താന്‍ വിമുഖത കാട്ടിയതായും ആരോപണമുണ്ട്. നാലു മണിക്കൂറിലേറെയാണ് മൃതദേഹം അത്യാഹിത വിഭാഗത്തില്‍ കിടത്തിയത്. മൃതദേഹം കൊണ്ടുപോകാന്‍ പോലും ആരും സഹായിക്കാനില്ലാതെ നിസഹായാവസ്ഥയിലായിരുന്നു ഈ സമയമത്രയും കണ്ടന്റെ ഭാര്യ.
തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ കണ്ടനെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കണ്ടനെ ഡോക്ടര്‍മാര്‍ പ്രാഥമിക പരിശോധന നടത്തി മുറിവുകള്‍ കെട്ടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മറ്റ് ചികിത്സകളൊന്നും നല്‍കിയില്ലെന്നാണ് കണ്ടന്റെ കുടുംബം പരാതിപ്പെടുന്നത്.
ആശുപത്രിയിലെത്തിയശേഷവും കണ്ടന്‍ ഭാര്യയോടും മറ്റുള്ളവരോടും സംസാരിച്ചിരുന്നു. വേദനകൊണ്ട് കണ്ടന്‍ നിലവിളിച്ചിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് കണ്ടന്റെ ഭാര്യ പറഞ്ഞത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു മരണം.

മാതു
“ആശുപത്രിയിലെത്തിച്ചപ്പോ ഡോക്ടര്‍ നോക്കി, മുറിവൊക്കെ കെട്ടിക്കൊടുത്തു, പിന്നീട് കാലുകെട്ടാന്‍ നോക്കിയപ്പോ മരിച്ചേക്കണ്” കണ്ടന്റെ ഭാര്യ മാതു മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സിക്കാന്‍ കാട്ടിയ വിമുഖത അധികൃതര്‍ കണ്ടന്റെ മൃതദേഹത്തോട് കാട്ടുകയായിരുന്നു. വൈകീട്ട് അഞ്ചോടെ മരണപ്പെട്ട കണ്ടന്റെ മൃതദേഹത്തെ ക്യാഷ്വാലിറ്റിയില്‍ നിന്നു മാറ്റാനോ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യമൊരുക്കാനോ ആരും തയ്യാറായിരുന്നില്ലെന്നും കണ്ടന്റെ കുടുംബം പറയുന്നു.
കണ്ടന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാതെ മണിക്കൂറുകളോളം അത്യാഹിത വിഭാഗത്തിനടുത്ത് കിടത്തുകയായിരുന്നു. മൃതദേഹം കൊണ്ടുപോകാന്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ മാതു നിസ്സഹായയായി ഇരിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചപ്പോളാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തയ്യാറായത്.
“അഞ്ച് മണിക്കാണ് അയാള്‍ മരിച്ചത് വൈകീട്ട് വരെ മൃതദേഹം ക്യാഷ്വാലിറ്റിയില്‍ കിടത്തിയിരിക്കുകയായിരുന്നു. റിലീസ് ചെയ്യാനുള്ള നടപടിയോ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനോ ഒന്നും തയ്യാറായില്ല. ആളുകള്‍ വന്ന പ്രതിഷേധിക്കാന്‍ തുടങ്ങിയപ്പോള്‍ ഏഴരയോടെയാണ് മൃതദേഹം മാറ്റിയത്.” പൊതുപ്രവര്‍ത്തകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പൊതുപ്രവര്‍ത്തകന്‍
ആദിവാസികളെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുമ്പോള്‍ സഹായത്തിനെത്തേണ്ട പ്രമോട്ടര്‍ ഇവര്‍ക്കൊപ്പം എത്തിയിയില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ടു ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എല്ലുരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ അരുണ്‍ പ്രകാശ്, സര്‍ജറി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോ. വൈശാഖ് റെമിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രാഥമിക അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെടേതാണ് തീരുമാനം. സംഭവ ദിവസം ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരാണ് അരുണ്‍ പ്രകാശും വൈശാഖ് റെമിനും.
തെങ്ങില്‍ നിന്നു വീണു പരിക്കേറ്റ കണ്ടന്‍ ആശുപത്രിയില്‍ നിന്ന് വേദനകൊണ്ട് നിലവിളിച്ചിട്ടും മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന കണ്ടന്റെ ഭാര്യയുള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. രോഗിയ്ക്ക് മതിയായ ചികിത്സ നല്‍കാന്‍ തയ്യാറാകാത്ത ഡോക്ടര്‍മാരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് ഇവരെ സസപെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
