ആധാര്‍ ഇനി ജനന സര്‍ട്ടിഫിക്കറ്റായോ ജനനത്തീയതി തെളിയിക്കുന്ന രേഖയായോ സ്വീകരിക്കില്ല: ഉത്തരവിറക്കി യു.പി-മഹാരാഷ്ട്ര സര്‍ക്കാരുകള്‍
India
ആധാര്‍ ഇനി ജനന സര്‍ട്ടിഫിക്കറ്റായോ ജനനത്തീയതി തെളിയിക്കുന്ന രേഖയായോ സ്വീകരിക്കില്ല: ഉത്തരവിറക്കി യു.പി-മഹാരാഷ്ട്ര സര്‍ക്കാരുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th November 2025, 9:08 pm

മുംബൈ: ആധാര്‍ ഇനിമുതല്‍ ജനന സര്‍ട്ടിഫിക്കറ്റായോ ജനനത്തീയതി തെളിയിക്കുന്ന രേഖയായോ സ്വീകരിക്കില്ലെന്ന് ഉത്തര്‍പ്രദേശ്-മഹാരാഷ്ട്ര സര്‍ക്കാരുകള്‍. ആധാര്‍ കാര്‍ഡ് ജനനസര്‍ട്ടിഫിക്കറ്റുമായി ലിങ്ക് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇരുസര്‍ക്കാരുകളും ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ വകുപ്പുകള്‍ക്കും കൈമാറി. തീരുമാനം അനധികൃത കുടിയേറ്റം തടയാനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആധാര്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ മാത്രം നല്‍കുന്ന വ്യാജ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ റദ്ദാക്കണമെന്നാണ് മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമായി 2023ലെ ജനന-മരണ രജിസ്ട്രേഷന്‍ ഭേദഗതി നിയമത്തിന് ശേഷം ആധാര്‍ കാര്‍ഡ് മുഖേന രജിസ്റ്റര്‍ ചെയ്തിട്ടിട്ടുള്ള മുഴുവന്‍ ജനന സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കുമെന്നാണ് വിവരം.

ജനന സര്‍ട്ടിഫിക്കറ്റിലെയും ആധാറിലെയും വിവരങ്ങള്‍ തമ്മില്‍ ഏതെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ കേസെടുക്കണമെന്നും ഉത്തരവുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആധാര്‍ കാര്‍ഡ് ജനന സര്‍ട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് യു.പി ആസൂത്രണ വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി അമിത് സിങ് ബന്‍സാലും നിര്‍ദേശിച്ചു.

യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌ക്കരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ബി.ജെ.പി സര്‍ക്കാരുകളുടെ പുതിയ നീക്കം.

നേരത്തെ 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായി ആധാറിനെ പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. ബീഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം.

എന്നാല്‍ ഇതിനെ മറികടന്നുകൊണ്ടാണ് യു.പി-മഹാരാഷ്ട്ര സര്‍ക്കാരുകളുടെ ഉത്തരവ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ യു.പിയിലെ മുഴുവന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനുപുറമെ കഴിഞ്ഞ ദിവസം ഡാറ്റ പുതുക്കുന്നതിന്റെ ഭാഗമായി രണ്ട് കോടി ആളുകളുടെ ആധാര്‍ നമ്പറുകള്‍ യു.ഐ.ഡി.എ.ഐ നീക്കം ചെയ്തിരുന്നു. മരിച്ച വ്യക്തികളുടെ ആധാര്‍ നമ്പറുകളാണ് നീക്കം ചെയ്തതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം.

Content Highlight: Aadhaar will no longer be accepted as a birth certificate, UP and Maharashtra govts issue order