ന്യൂദൽഹി: കുട്ടികളുടെ ആധാർ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണമെന്ന അറിയിപ്പുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ഏഴ് വയസിന് ശേഷമുള്ള ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികൾ ബയോമെട്രിക് അപ്‌ഡേറ്റ് ചെയ്യാത്ത പക്ഷം അവരുടെ യുണീക്ക് ഐ.ഡി നിർജീവമാകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അക്ഷയ സെന്റർ, ആധാർ സേവാ കേന്ദ്രം എന്നിവ വഴി കുട്ടികളുടെ രക്ഷിതാക്കൾക്ക് ആധാർ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.
എം.ബി.യു (നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ്) പൂർത്തിയാക്കുന്നതിനായി കുട്ടികളുടെ ആധാറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകളിലേക്ക് യു.ഐ.ഡി.എ.ഐ എസ്. എം. എസ് അയക്കാൻ തുടങ്ങിയിട്ടുണ്ട്.
‘ബയോമെട്രിക് ഡാറ്റയുടെ കൃത്യതയും വിശ്വാസ്യതയും നിലനിർത്തുന്നതിന് കുട്ടികളുടെ എം.ബി.യു സമയബന്ധിതമായി പൂർത്തിയാക്കണം. ഏഴ് വയസിന് ശേഷവും പൂർത്തിയാക്കിയില്ലെങ്കിൽ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ആധാർ നിർജീവമാകുന്നതാണ്’ യു. ഐ.ഡി.എ.ഐ പ്രസതാവനയിൽ പറഞ്ഞു.
അപ്‌ഡേറ്റ് ചെയ്തിട്ടുള്ള ആധാറിന് മാത്രമേ സാധുത ഉണ്ടാവുകയുള്ളു. അല്ലാത്ത പക്ഷം, ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ പേര്, ജനനത്തീയതി, ഫോട്ടോ, വിലാസം, ലിംഗഭേതം എന്നിവ നൽകി ആധാർ എടുക്കണം. എന്നാൽ ഇവരുടെ വിരലടയാളമോ ഐറിസ് ബയോമെട്രിക്‌സോ ആധാറിൽ ഉൾപ്പെടുത്തില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോൾ വിരലടയാളം, ഐറിസ്, ഫോട്ടോ എന്നിവ നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണം.
അഞ്ച് വയസ് മുതൽ ഏഴ് വയസ് വരെയുള്ള കുട്ടികൾക്ക് എം.ബി.യു സൗജന്യമായി നടത്താം. എന്നാൽ ഏഴ് വയസിന് മുകളിലുള്ള കുട്ടികൾക്ക് ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് 100 രൂപ ഈടാക്കുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.
സ്‌കൂൾ പ്രവേശനം, പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിന്, സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് ബയോമെട്രിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത ആധാറുകൾ മാത്രമാണ് പരിഗണിക്കുക. അതുകൊണ്ട് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യണമെന്നും യു.ഐ.ഡി.എ.ഐ കൂട്ടിച്ചേർത്തു.
Content Highlight: Aadhaar update mandatory for children above seven years of age