ന്യൂദല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം എം.പി എ.എ. റഹീം. അനിയന്ത്രിതമായ സ്വകാര്യവത്കരണമാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണമെന്നും ഇത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്നും റഹീം വിമര്‍ശിച്ചു.
നിലവിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനായി എ.ഡി.ടി.എല്‍ (ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍) നിയമങ്ങളില്‍ അയവ് വരുത്തരുതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.
എ.എ. റഹീം. Photo/x.com
‘നിലവിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഒരേയൊരു ഉത്തരവാദി മാത്രമേയുള്ളൂ, അത് കേന്ദ്ര സര്‍ക്കാരാണ്. സര്‍ക്കാരിന്റെ നിയോ ലിബറല്‍ നയങ്ങളുടെയും സ്വകാര്യവത്കരണത്തിന്റെയും ഇന്ത്യന്‍ വ്യോമയാന മേഖലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിന്റെയും നേരിട്ടുള്ള ഫലമാണ് ഇത്,’ റഹീം പറഞ്ഞു.
നിലവില്‍ 65.6 ശതമാനം സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുന്നത് ഇന്‍ഡിഗോയാണെന്നും എയര്‍ ഇന്ത്യയുടേത് 25.7 ശതമാനമാണെന്നും മാര്‍ക്കറ്റ് കോണ്‍സെന്‍ട്രേഷനെ ചൂണ്ടിക്കാട്ടി റഹീം വ്യക്തമാക്കി.
‘ഇന്‍ഡിഗോയും ടാറ്റയും, ഈ രണ്ട് മുതലാളിമാരുടെയും നിയന്ത്രണത്തിലാണ് ഇന്ത്യയുടെ 90 ശതമാനം വരുന്ന വ്യോമയാന മേഖല,’ റഹീം കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം ഇന്ത്യയുടെ വ്യോമയാന മേഖലയെ മാറ്റിമറിക്കുമെന്ന സര്‍ക്കാരിന്റെ പഴയ പ്രസ്താവന തെറ്റാണെന്നും റഹീം പറഞ്ഞു.
നിലവിലെ സാഹചര്യം ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യയുടെ നിലപാടിനെയും റഹീം ചോദ്യം ചെയ്തു.
‘നിലവിലെ സോ കോള്‍ഡ് ഇന്‍ഡിഗോ പ്രതിസന്ധിയുടെ സമയത്ത് എയര്‍ ഇന്ത്യ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? അവര്‍ മനുഷ്യന്റെ സാഹചര്യങ്ങളെ ചൂഷണം ചെയ്തുകൊണ്ട് പണമുണ്ടാക്കുകയാണ്,’ അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം, നിലവിലെ പ്രതിസന്ധി മനപൂര്‍വം സൃഷ്ടിച്ചതാകാമെന്ന സംശയിക്കുന്നതായി വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞിരുന്നു. കൃത്യമായ കൂടിയാലോചനകളും കൂടിയാണ് ഈ ചട്ടം നടപ്പാക്കിയതെന്നും ആവശ്യമെങ്കില്‍ ഇന്‍ഡിഗോയ സി.ഇ.ഒയെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ഡി.ജി.സി.എയുടെ വീഴ്ചയും പരിശോധിക്കുമെന്നും രാം മനോഹര്‍ നായിഡു പറഞ്ഞു.
‘കഴിഞ്ഞ ഏഴ് ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫിസില്‍ ഒന്നിന് പിന്നാലെ ഒന്നായി അവലോകന യോഗങ്ങള്‍ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു’ രാം മനോഹര്‍ നായിഡു പറഞ്ഞു. ഇന്‍ഡിഗോ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണം മാര്‍ച്ചിന് ശേഷം മുന്ന് ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, എയര്‍ ഇന്ത്യയുടേത് ഇരട്ടിയായിട്ടുണ്ട്.