എ.എ. റഹീം സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ഥി
Kerala
എ.എ. റഹീം സി.പി.ഐ.എം രാജ്യസഭാ സ്ഥാനാര്‍ഥി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th March 2022, 11:33 am

തിരുവനന്തപുരം: എ.എ. റഹീം സി.പി.ഐ.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായ റഹീമിനെ സി.പി.ഐ.എം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സി.പി.ഐ.എം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് റഹിമിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ. റഹീമിനെ ഒരു സീറ്റിലേക്കും പരിഗണിച്ചിരുന്നില്ല. 2011ല്‍ വര്‍ക്കലയില്‍ നിന്ന് മത്സരിച്ചത് മാത്രമാണ് റഹീമിന് പാര്‍ലമെന്ററി രംഗത്ത് പാര്‍ട്ടി നല്‍കിയ പരിഗണന.
അന്ന് യു.ഡി.എഫിലെ വര്‍ക്കല കഹാറിനോട് റഹീം പരാജയപ്പെട്ടിരുന്നു.

തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്. മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയതോടെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ പകരം ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷനായി തെരഞ്ഞെടുത്തത്.

എ.എ റഹീമിനൊപ്പം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ്, എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി. സാനു എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു

ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടാമത്തെ സീറ്റില്‍ പി. സന്തോഷ്‌കുമാറിനെ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. കേരളത്തില്‍ നിന്നും മൂന്നു പേരാണ് രാജ്യസഭയില്‍ നിന്നും വിരമിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, എല്‍.ജെ.ഡി നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സി.പി.ഐ.എമ്മിലെ കെ. സോമപ്രസാദ് എന്നിവരാണ് ഒഴിയുന്നത്. ഈ മാസം 31 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.