രാജിവെക്കേണ്ടത് വി. മുരളീധരന്‍; അത് പറയാനുള്ള ധൈര്യം ലീഗിനും കോണ്‍ഗ്രസിനുമില്ലെന്ന് എ.എ റഹീം
Gold Smuggling
രാജിവെക്കേണ്ടത് വി. മുരളീധരന്‍; അത് പറയാനുള്ള ധൈര്യം ലീഗിനും കോണ്‍ഗ്രസിനുമില്ലെന്ന് എ.എ റഹീം
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 5:01 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി വി. മുരളീധരനാണ് രാജിവെക്കേണ്ടതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. മുരളീധരന്‍ രാജിവെക്കണമെന്ന് പറയാനുള്ള ധൈര്യം കോണ്‍ഗ്രസിനും ലീഗിനുമില്ലെന്നും റഹീം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സ്വര്‍ണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജന്‍സികളും, മറുവശത്ത് ലീഗിനും കോണ്‍ഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അതുകൊണ്ടാണ്, വി. മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോണ്‍ഗ്രസും മിണ്ടാത്തത്’, റഹീം പറഞ്ഞു.

ഒരു തെറ്റും ചെയ്യാത്ത കെ.ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത കലാപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി. മുരളീധരനെതിരായ പ്രതിഷേധം ഡി.വൈ.എഫ്.ഐ ശക്തമാക്കുമെന്നും റഹീം പറഞ്ഞു.

നേരത്തെ സ്വര്‍ണ്ണം കടത്തിയത് നയതന്ത്രബാഗേജിലൂടെയല്ലെന്ന് വി. മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തള്ളി എന്‍.ഐ.എയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തിയിരുന്നു.

അതേസമയം നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വര്‍ണ്ണം കടത്തിയെന്നു തന്നെയാണ് താന്‍ മുമ്പ് പറഞ്ഞതെന്നായിരുന്നു ഇതിന് പിന്നാലെ അദ്ദേഹം നല്‍കിയ വിശദീകരണം.

എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

രാജി വയ്‌ക്കേണ്ടത്
കെ ടി ജലീല്‍ അല്ല,
വി മുരളീധരനാണ്.
അത് പറയാനുള്ള ധൈര്യം
കോണ്‍ഗ്രസ്സിനും ലീഗിനുമില്ല.
ഇരുപത്തി ഒന്ന് തവണ നയതന്ത്ര ചാനലിലൂടെ സ്വര്‍ണ്ണം കടത്തി.

കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത് നടന്നത്. കള്ളക്കടത്ത് നടത്തിയത് തീവ്രവാദത്തിനായി .

അതായത്, സ്വര്‍ണ്ണക്കടത്തിന്റെ
ഒരു വശത്ത് കേന്ദ്ര ഏജന്‍സികളും, മറുവശത്ത് ലീഗിനും കോണ്‍ഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അത് കൊണ്ടാണ്,
വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോണ്‍ഗ്രസ്സും മിണ്ടാത്തത്.

ഒരു തെറ്റും ചെയ്യാത്ത കെ ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആര്‍എസ്എസ് ആസൂത്രണം ചെയ്ത കലാപമാണ്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനും
ക്രമസമാധാനം തകര്‍ക്കുന്നതിനും ബിജെപി ആവിഷ്‌കരിച്ച ഗൂഢ പദ്ധതിയില്‍ കോണ്‍ഗ്രസ്സും ലീഗും ഭാഗമാവുകയാണ്.

മന്ത്രിയെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താന്‍ വരെ ശ്രമം നടന്നു.
ഒരു അടിസ്ഥാനവുമല്ലാതെ ആരോപണവും, കലാപവുമാണ് സംസ്ഥാനത്ത് നടക്കുന്നത്.

വി മുരളീധരനെതിരായ പ്രതിഷേധം ഡിവൈഎഫ്‌ഐ ശക്തമാക്കും. നിരപരാധിയായ മന്ത്രി കെ ടി ജലീലിനെ അക്രമ സമരം നടത്തി ഇറക്കി വിടാമെന്ന് കോലീബി അക്രമി സംഘം കരുതണ്ട.

അധികാരത്തിനായി നടത്തുന്നതാണ് കോലീബി മുന്നണിയുടെ രാഷ്ട്രീയ നാടകങ്ങള്‍ എന്ന് നാടിനറിയാം.
ജനം നിങ്ങള്‍ക്കെതിരെ വിധിയെഴുതും.


ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A.A Rahim V.Muralidharan Gold Smuggling Muslim League Congress