'വിമാനത്താവളങ്ങള്‍ അടച്ചു, രജൗരിയില്‍ ചാവേറാക്രമണം'; ആദ്യമാര് കൊടുക്കുമെന്ന വൃത്തികെട്ട കിടമത്സരം, റെസ്‌പോണ്‍സിബിള്‍ അല്ലാത്ത മാധ്യമ പ്രവര്‍ത്തനം; വ്യാജ വാര്‍ത്തകളിൽ എ.എ. റഹീം
Kerala News
'വിമാനത്താവളങ്ങള്‍ അടച്ചു, രജൗരിയില്‍ ചാവേറാക്രമണം'; ആദ്യമാര് കൊടുക്കുമെന്ന വൃത്തികെട്ട കിടമത്സരം, റെസ്‌പോണ്‍സിബിള്‍ അല്ലാത്ത മാധ്യമ പ്രവര്‍ത്തനം; വ്യാജ വാര്‍ത്തകളിൽ എ.എ. റഹീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th May 2025, 12:38 pm

തിരുവനന്തപുരം: മലയാള മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം രാജ്യസഭാ എം.പി എ.എ. റഹീം. ഇന്നലെ (വ്യാഴം) വൈകുന്നേരത്തോടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചുവെന്നത് ഉള്‍പ്പെടെയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെയാണ് എ.എ. റഹീമിന്റെ വിമര്‍ശനം. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാധ്യമങ്ങള്‍ക്കെതിരെ എം.പി രംഗത്തെത്തിയത്.

വ്യാജ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഭീതി വിതക്കരുതെന്ന് എ.എ. റഹീം പറഞ്ഞു. വ്യാജ വാര്‍ത്തകളും ഉദ്വേഗ ജനകമായ റിപ്പോര്‍ട്ടിങ്ങും നടത്തി ദൂരെയുള്ള ഉറ്റവരുടെ കാര്യത്തില്‍ അനാവശ്യമായ ആശങ്കയിലേക്ക് മലയാളികളെ തള്ളിവിടുകയാണ് നമ്മുടെ മാധ്യമങ്ങളെന്നും എ.എ. റഹീം വിമര്‍ശിച്ചു.

ഇന്നലെ ദല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനായി ദല്‍ഹി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്ന സമയം നേരില്‍ കണ്ട ചില അനുഭവങ്ങളുടെയും വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് എ.എ. റഹീമിന്റെ വിമര്‍ശനം.

എയര്‍പോര്‍ട്ടുകള്‍ അടച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്താതെ യാത്രക്കാരുടെ ഫോണ്‍ വിളികള്‍ ആയിരുന്നുവെന്ന് തന്നോട് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായും എ.എ. റഹീം കൂട്ടിച്ചേര്‍ത്തു. ഇത് തൊട്ടുപിന്നാലെയുള്ള മണിക്കൂറുകളില്‍ യാത്ര നിശ്ചയിച്ചിരുന്ന ആളുകളുടെ ഉറക്കം കെടുത്തിയ വാര്‍ത്തയുടെ പ്രത്യാഘാതമായിരുന്നുവെന്നും എ.എ. റഹീം എം.പി പറഞ്ഞു.

മനുഷ്യരുടെ മനസില്‍ എത്ര മാത്രം ആശങ്കയാണ് മിസൈലുകളെക്കാള്‍ വേഗതയില്‍ ഊതിപ്പെരുപ്പിച്ച വാര്‍ത്തകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്നതെന്നും എ.എ. റഹീം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയുടെയും ഏഷ്യാനെറ്റ് ന്യൂസിന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു സി.പി.ഐ.എം എം.പിയുടെ വിമര്‍ശനം.

‘മറ്റൊരു വാര്‍ത്ത നോക്കൂ… ഏഷ്യാനെറ്റില്‍ വന്ന വാര്‍ത്തയിങ്ങനെ, ‘രജൗരിയില്‍ ഒരു ചാവേര്‍ ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്’ എന്നാണ്. സ്ഥിരീകരിക്കാത്തത് എന്നുറപ്പുള്ള വാര്‍ത്തയാണെങ്കില്‍ പിന്നെ എന്തിനാണ് അത് കൊടുക്കുന്നത്? ധൃതി എന്തിന്? സ്ഥിരീകരിക്കട്ടെ, എന്നിട്ട് കൊടുത്താല്‍ പോരെ..? ആദ്യം ആര് കൊടുക്കും എന്ന വൃത്തികെട്ട കിടമത്സരമാണ് ഈ ദൃശ്യ മാധ്യമങ്ങള്‍ ഈ സമയത്തുപോലും നടത്തുന്നത്. തീരെ റെസ്‌പോണ്‍സിബിള്‍ അല്ലാത്ത മാധ്യമ പ്രവര്‍ത്തനം,’ എ.എ. റഹീം ചൂണ്ടിക്കാട്ടി.

കൂടാതെ ‘നമ്മുടെ സൈന്യം വളരെ പ്രശംസനീയമായാണ് ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്. വിവരങ്ങള്‍ സൈന്യവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും യഥാസമയം നമ്മളെ അറിയിക്കും. ഏത് അക്രമത്തെയും നേരിടാനുള്ള ശേഷി നമ്മുടെ സൈന്യത്തിന് ഉണ്ട്. ഇനി അതിനുമപ്പുറം എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ ഒരുമിച്ച് ആ സാഹചര്യത്തെയും നേരിടും. ഔദ്യോഗിക വാര്‍ത്തകള്‍ അല്ലാതെ സ്ഥിരീകരിക്കാത്തതും ആശങ്കയും ഭയവും പരത്തുന്നതുമായ വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കണം,’ എ.എ. റഹീം ആവശ്യപ്പെട്ടു.

സ്ഥിരീകരിക്കാത്തതും പര്‍വതീകരിച്ചതുമായ വാര്‍ത്തകള്‍ നല്‍കി മനുഷ്യരുടെ മനസമാധാനം കെടുത്തി വാര്‍ത്തകള്‍ വിറ്റ് കച്ചവടം നടത്തുന്ന ‘ദൃശ്യ മാധ്യമ കമ്പനികള്‍’ ആത്മപരിശോധന നടത്തണമെന്നും എം.പി പറഞ്ഞു. ബിസിനസിന് പറ്റിയ നല്ല ഇവന്റായി ദയവായി ഈ അവസരത്തെ കാണരുത്. ഇതല്ല റേറ്റിങ് കൂട്ടാനും ബിസിനസ് കിടമത്സരം നടത്താനും പറ്റിയ സമയമെന്നും എ.എ. റഹീം പറഞ്ഞു.

ഉത്തരവാദിത്തം ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കരുതെന്നും തൃശൂര്‍ പൂരം റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ ആവേശ കമന്ററികള്‍ അല്ല ജനത്തിന് മുന്നില്‍ വിളിച്ചുപറയേണ്ടതെന്നും റഹീം ചൂണ്ടിക്കാട്ടി. ഔദ്യോഗികമായ സ്ഥിരീകരണം ഇല്ലാതെ വാര്‍ത്തകള്‍ ‘മാര്‍ക്കറ്റ്’ ചെയ്യുന്നത് കടുത്ത ദ്രോഹമാണെന്നും എ.എ. റഹീം കൂട്ടിച്ചേര്‍ത്തു.

Content Highlight: AA Rahim against fake news in malayalam channels based on india-pak issue