സഹജീവനക്കാരോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് ആലപ്പുഴയില്‍ യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചു
Kerala News
സഹജീവനക്കാരോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് ആലപ്പുഴയില്‍ യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th June 2025, 8:54 am

മാന്നാര്‍: ആലപ്പുഴയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനെ ബൈക്കില്‍ വലിച്ചിഴച്ച് ക്രൂരത. ഒപ്പം ജോലി ചെയ്യുന്ന യുവതികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് യുവാവിനെ ബൈക്കില്‍ വലിച്ചിഴച്ചത്. ആലപ്പുഴയിലെ മാന്നാറില്‍ ഇന്നലെ (ഞായര്‍) വൈകീട്ടാണ് സംഭവം.

സാരമായി പരിക്കേറ്റ യുവാവ് നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ തലവടി സ്വദേശിയായ ബൈജു (40)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം.

മാന്നാറിലെ എന്‍.ആര്‍.സി സൂപ്പര്‍ മാര്‍ക്കറ്റില്‍ ബ്ലീച്ചിങ് പൗഡര്‍ അന്വേഷിച്ചെത്തിയ ബൈജു യുവതികളോട് അപമര്യാദയായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് വനിതാ ജീവനക്കാര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചു.

ഇതിനിടെ ബൈജു സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് കടയുടെ പുറത്തേക്കെത്തി സംഭവം ചോദിച്ചറിയാന്‍ ശ്രമിച്ച ജീവനക്കാരനെയും കൊണ്ട് ഇയാള്‍ ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു.

Content Highlight: A young man was dragged on a bike in Alappuzha