'എന്റെ സഹോദരൻ ചെയ്ത തെറ്റ് അദ്ദേഹം ഒരു മുസ്‌ലിമായി എന്നതാണ്'; രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്ന് ഗോരക്ഷകർ
India
'എന്റെ സഹോദരൻ ചെയ്ത തെറ്റ് അദ്ദേഹം ഒരു മുസ്‌ലിമായി എന്നതാണ്'; രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്ന് ഗോരക്ഷകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 7:24 pm

ഭിൽവാര: രാജസ്ഥാനിലെ ഭിൽവാരിയിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിയായ ആസിഫ് ബാബു മുൾട്ടാണി എന്ന 35 കാരനാണ് കൊല്ലപ്പെട്ടതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പശുക്കടത്ത് ആരോപിച്ച് മറ്റൊരു കേസ് ഫയൽ ചെയ്യുകയും ചെയ്തു.

കൊല്ലപ്പെട്ടയാളുടെ സഹോദരൻ മൻസൂർ പെംലെ നൽകിയ പരാതിയിൽ കൊലപാതക ശ്രമം, നിയമവിരുദ്ധമായ സംഘം ചേരൽ, കൊള്ളയടിക്കൽ, തടഞ്ഞുവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു.

സെപ്റ്റംബർ 16 ന് പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. ഭിൽവാരയിലെ ലംബിയാ കന്നുകാലിമേളയിൽ നിന്ന് കാളയെ വാങ്ങി തിരിച്ചു വരുമ്പോൾ അക്രമികൾ പിന്തുടർന്ന് വരികയും പശുക്കടത്ത് ആരോപിച്ച് ആസിഫിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദിക്കുകയായിരുന്നെന്ന് മൻസൂർ പെംലെ പരാതിയിൽ പറയുന്നു. കാളയെ നിയമപരമായി വാങ്ങിയതാണെന്ന് പറഞ്ഞെങ്കിലും അക്രമികൾ അത് കേട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസിഫ് ബാബുവിന്റെ കയ്യിലുണ്ടായിരുന്ന 36000 രൂപ അക്രമികൾ മോഷ്ടിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. ദേവ ഗുർജാർ, കുനാൽ മാൽപുര, പ്രദീപ് രാജ്‌പുരോഹിത്, നിതേഷ് സൈനി എന്നിവരുൾപ്പെടെ നിരവധിപേർ ആക്രമണത്തിൽ ഉൾപ്പെട്ടതായി പരാതിയിൽ പറയുന്നു. ആസിഫിനൊപ്പമുണ്ടായിരുന്ന മൊഹ്‌സിൻ എന്നയാൾ അക്രമികളിൽ നിന്നും ഓടി രക്ഷപ്പെട്ടെന്നും ആസിഫ് ബാബുവിനെ ക്രൂരമായി മർദിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

പുലർച്ചെ 3:30 ഓടെ ആസിഫിന്റെ ഫോണിൽ നിന്നും അക്രമികൾ കുടുംബത്തെ വിളിച്ച് അദ്ദേഹത്തെ ജീവനോടെ കാണണമെങ്കിൽ 50,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും പണം എത്തിക്കാൻ മറ്റാരെയെങ്കിലും ഏർപ്പാട് ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൻസൂർ പറഞ്ഞു. പിന്നീട് ആസിഫിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും മൻസൂർ പറഞ്ഞു.

അടുത്ത ദിവസം കുടുംബത്തിന് ആസിഫിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ശേഷം ഗുരുതരമായി പരിക്കേറ്റ ആസിഫിനെ ഭിൽവാരയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ബനേര പോലീസ് സ്റ്റേഷനിൽ നിന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു.

ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും, ന്യൂറോ സർജിക്കൽ ചികിത്സയ്ക്കായി അദ്ദേഹത്തെ ജയ്പൂ‌രിലെ എസ്.എം.എസ് ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. തലക്ക് പരിക്കേറ്റതായി ആശുപത്രിക്കാർ പറഞ്ഞു. തുടർന്ന് 3 ദിവസത്തിനു ശേഷമാണ് ആസിഫ് മരിക്കുന്നത്.

‘എന്റെ സഹോദരൻ ചെയ്ത തെറ്റ് അദ്ദേഹം ഒരു മുസ്‌ലിം ആയിരുന്നു എന്നതാണ്. അദ്ദേഹത്തിന്റെ വാഹനത്തിൽ പശുക്കൾ ഉണ്ടായിരുന്നില്ല. കാളകളും എരുമകളും മാത്രമേ ഉണ്ടായിരുന്നുള്ളു,’ മൻസൂർ പെംലെ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

Content Highlight: A young man was beaten to death in Bhilwari, Rajasthan, on suspicion of cow smuggling