'ആ കുട്ടി വേട്ടയാടപ്പെടുകയാണ്'; ഉദയനിധി സ്റ്റാലിനെ കുറിച്ച് കമൽ ഹാസൻ
national news
'ആ കുട്ടി വേട്ടയാടപ്പെടുകയാണ്'; ഉദയനിധി സ്റ്റാലിനെ കുറിച്ച് കമൽ ഹാസൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd September 2023, 1:48 pm

കോയമ്പത്തൂർ: തമിഴ്നാട് യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ സനാതന ധർമം പരാമർശത്തിന്റെ പേരിൽ വേട്ടയാടുകയാണെന്ന് നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ.

കോയമ്പത്തൂരിൽ നടന്ന പാർട്ടി യോഗത്തിൽ ഉദയനിധി സ്റ്റാലിന്റെയോ ബി.ജെ.പിയുടെയോ മറ്റേതെങ്കിലും സംഘടനയുടെയോ പേര് പരാമർശിക്കാതെയാണ് “ഒരു കുട്ടിയെ” സനാതന ധർമത്തിനെ കുറിച്ച് സംസാരിച്ചതിന് ലക്ഷ്യമിടുകയാണ് എന്ന് കമൽ ഹാസൻ പറഞ്ഞത്.

സനാതന ധർമത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പുതുതായി ഒന്നുമില്ലെന്നും ഉദയനിധിയുടെ മുത്തച്ഛനും അന്തരിച്ച ഡി.എം.കെ നേതാവ് എം. കരുണാനിധിയെ പോലെ ദ്രാവിഡ മുന്നേറ്റത്തിലെ നിരവധി നേതാക്കന്മാർ മുമ്പും ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.

നവോത്ഥാന നേതാവായിരുന്ന പെരിയാർ വി. രാമസ്വാമിക്ക് സാമൂഹിക അനാചാരങ്ങളോട് എത്രത്തോളം വെറുപ്പുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് മനസിലാക്കാമെന്നും നടൻ പറഞ്ഞു. തന്നെ പോലുള്ളവർക്ക് ‘സനാതന’ എന്ന വാക്ക് എന്താണെന്ന് മനസിലായത് പോലും പെരിയാർ കാരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പെരിയാർ ഒരു ക്ഷേത്രത്തിന്റെ ഭരണാധികാരി ആയിരുന്നു. കാശിയിൽ പൂജ പോലും ചെയ്തിട്ടുള്ള ആളായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ച് അദ്ദേഹം തന്റെ ജീവിതം മുഴുവൻ മറ്റുള്ളവരെ സേവിക്കാനായി സമർപ്പിച്ചു,’ അദ്ദേഹം പറഞ്ഞു.

‘ഞാൻ പെരിയാറിനെ ആദരിക്കുന്ന ആളുകളിൽ ഒരാളാണ്. ഡി.എം.കെക്കോ മറ്റേതെങ്കിലും പാർട്ടിക്കോ പെരിയാർ അവരുടേത് മാത്രമാണെന്ന് അവകാശപ്പെടാനാകില്ല. തമിഴ്നാട് മുഴുവൻ അദ്ദേഹത്തെ തങ്ങളുടെ നേതാവായി ആഘോഷിക്കണം,’ കമൽ ഹാസൻ പറഞ്ഞു.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് താൻ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കമൽ ഹാസൻ അറിയിച്ചിരുന്നു.

Content Highlight: A “Young Child” Being Targeted: Kamal Haasan about Udayanidhi Stalin On ‘Sanatana’ Remark Row