പെരുമ്പാവൂരില്‍ കനത്ത മഴയിലും കാറ്റിലും ലേബര്‍ ക്യാമ്പിലെ ഒരു തൊഴിലാളി മരിച്ചു
Kerala News
പെരുമ്പാവൂരില്‍ കനത്ത മഴയിലും കാറ്റിലും ലേബര്‍ ക്യാമ്പിലെ ഒരു തൊഴിലാളി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th May 2025, 9:39 am

കൊച്ചി: പെരുമ്പാവൂരില്‍ കനത്ത മഴയെ തുടര്‍ന്ന് ഒരു മരണം. അന്യസംസ്ഥാന തൊഴിലാളിയായ രാഹുല്‍ (19) ആണ് മരണപ്പെട്ടത്. ശക്തമായ കാറ്റില്‍ രാഹുല്‍ താമസിച്ചിരുന്ന ലേബര്‍ ക്യാമ്പിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെടുകയായിരുന്നു. രാഹുലിന്റെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. നിലവില്‍ ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.

ഇന്ന് (തിങ്കള്‍) പുലര്‍ച്ചെയാണ് അപകടം നടന്നത്. ഫ്ളൈവുഡ് ഫാക്ടറിയിലെ ജോലി കഴിഞ്ഞെത്തി ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് മരം വീണത്.

മഴ മുന്നറിയിപ്പിലെങ്കിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ വ്യാപകമായി ശക്തമായ കാറ്റും ഇടിമിന്നലും മഴയും തുടരുകയാണ്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Content Highlight: A worker at a labor camp died in heavy rain and wind in Perumbavoor