പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കും; എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ വിമോചന സമരത്തിന്റെ മാതൃകയില്‍ യു.ഡി.എഫ് ശ്രമിച്ചെന്ന് വിജയരാഘവന്‍
Kerala News
പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കും; എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ വിമോചന സമരത്തിന്റെ മാതൃകയില്‍ യു.ഡി.എഫ് ശ്രമിച്ചെന്ന് വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 6:05 pm

തിരുവനന്തപുരം: മെയ് ഏഴ് വെള്ളിയാഴ്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിജയം ആഘോഷിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. എല്‍.ഡി.എഫിന്റേത് ചരിത്ര വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് കടുത്ത നിരാശയിലേക്ക് വീഴുകയാണെന്നും എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നിറവേറ്റുമെന്നും വിജയരാഘവന്‍ പറഞ്ഞു.

മെയ് ഏഴ് വെള്ളിയാഴ്ച എല്‍.ഡി.എഫിന്റെ വിജയ ദിവസം ആഘോഷിക്കും. വെള്ളിയാഴ്ച വൈകുന്നേരം വീടുകളില്‍ ദീപം തെളിയിച്ചാവും വിജയം ആഘോഷിക്കുക എന്നും അദ്ദേഹം പറഞ്ഞു.

അഭൂതപൂര്‍വമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രധാന്യം നല്‍കിയത്.

കഴിഞ്ഞ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷയ്ക്കും സമൂഹ മുന്നേറ്റത്തിനും പരിഗണന നല്‍കി. ഈ സര്‍ക്കാര്‍ കേരളത്തിന്റെ സമഗ്രമായ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു.

കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഉറച്ച പിന്തുണ വളരെയേറെ വ്യക്തമാക്കപ്പെട്ടു. ഈ രാഷ്ട്രീയ മുന്നേറ്റത്തിന് ദേശീയമായും വളരെ പ്രസക്തിയുണ്ട്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ബി.ജെ.പി നടത്തുന്ന ഭരണ രീതി ശ്രദ്ധിക്കേണ്ടതാണ്. ഒരു ഭാഗത്ത് ആഗോള വല്‍ക്കരണത്തിന്റെ സാമ്പത്തിക നയങ്ങളെ നടപ്പിലാക്കുന്നു. സാധാരണക്കാരെ സംരക്ഷിക്കുന്നേയില്ല.

വിജയം ഇടതുപക്ഷ ചരിത്രത്തിലെ നാഴികക്കല്ലാണ്. യു.ഡി.എഫ് കടുത്ത നിരാശയിലേക്ക് വീണിരിക്കുന്നു. വിമോചന സമരത്തിന് അണിനിരന്നതു പോലെ എല്ലാ വര്‍ഗീയ ശക്തികളെയും ഒരുമിച്ച് ഐക്യപ്പെടുത്താനും ഏകോപിപ്പിക്കാനുമാണ് യു.ഡി.എഫ് പരിശ്രമിച്ചത്. 1957ല്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. അതുപോലെ ഇന്നും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും വിജയരാഘവന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A Vijayaraghavan about LDF victory