നനുത്ത മഴയും കുളിരുന്ന കോടമഞ്ഞും; ഗവി കാണാതെ പോകരുത്
Travel Info
നനുത്ത മഴയും കുളിരുന്ന കോടമഞ്ഞും; ഗവി കാണാതെ പോകരുത്
ന്യൂസ് ഡെസ്‌ക്
Thursday, 27th June 2019, 1:09 pm
ഒരു സിനിമയില്‍ കണ്ട് തീര്‍ക്കാവുന്നതിനപ്പുറമാണ് ഗവി നമ്മള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. വിദേശികളെയും യാത്രയെ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി.

ഇനി ഒരു യാത്ര പ്ലാന്‍ ചെയ്യുന്നെങ്കില്‍ അത് മഞ്ഞും മഴയും , കാറ്റും കോടമഞ്ഞും പുതച്ചുറങ്ങുന്ന ഗവിയിലേക്കാവട്ടെ. കണ്ണിനെ കുളിരണിയിക്കുന്ന, കാടിന്റെ വന്യതയറിഞ്ഞൊരു കിടിലന്‍ യാത്രയാണ് ഗവി സമ്മാനിക്കുക, ഗവിയെന്ന് കേട്ടാല്‍ പലര്‍ക്കും ഓര്‍മ്മ വരിക ഓര്‍ഡിനറിയെന്ന മനോഹര ചിത്രമായിരിക്കും. ഗവി യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനറിയെന്ന ചിത്രവും സഹായകമായിട്ടുണ്ട്.

ഒരു സിനിമയില്‍ കണ്ട് തീര്‍ക്കാവുന്നതിനപ്പുറമാണ് ഗവി നമ്മള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. വിദേശികളെയും യാത്രയെ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് തണുപ്പില്‍ പുതച്ചുറങ്ങുന്ന ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലില്‍ പോലും രാത്രിയില്‍ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്.പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള പ്രദേശം കൂടിയാണിത്. ജീവിതത്തില്‍ ഒരിക്കലും മറക്കാത്തൊരു യാത്രയായിരിക്കും ഒരു ഗവി യാത്ര നിങ്ങള്‍ക്കായി കരുതിവെക്കുക.

 

മഴക്കാലത്ത് ഗവി അതീവ മനോഹരിയാകും, ജൂണെത്തിയതോടെ സ്വതവേയുള്ള മഞ്ഞും തണുപ്പും വര്‍ധിക്കുകയും അതിനോടൊപ്പം സഞ്ചാരികളുടെ ഒഴുക്കു കൂടിവരികയും ചെയ്തുകൊണ്ടിരിക്കുന്നു. മഴക്കാലമെത്തിയോടെ മഞ്ഞില്‍ പൊതിഞ്ഞ പുലര്‍കാലങ്ങളും കോടമഞ്ഞരിച്ചിറങ്ങുന്ന വൈകുന്നേരങ്ങളെയും ഗവി സഞ്ചാരികള്‍ക്ക് മാത്രമായി കാത്തുവെച്ചിരിക്കുന്നു.

എന്തിനേറെ പറയണം കാടിനെ മനസറിഞ്ഞൊന്ന് അറിയാനും കാണാനും എന്നതിലപ്പുറം ഒരു കാടിന്റെ ഏറ്റവും ആഴത്തിലുള്ള വികാരവും അനുഭൂതികളും വരെ സ്വന്തമാക്കാന്‍ കേരളത്തിലെ ഏറ്റവും പറ്റിയ ഇടങ്ങളിലൊന്നാണ് ഗവിയെന്ന് നിസംശയം പറയാം. രാവിലെ 8.30 മുതല്‍ 11 വരെ വാഹനങ്ങള്‍ കടത്തി വിടും. വൈദ്യുതി ബോര്‍ഡിന്റെ മൂഴിയാര്‍ നാല്‍പ്പത്, കൊച്ചുപമ്പകന്റീനുകളില്‍ ഭക്ഷണം ലഭിക്കും. ഗവിക്കു സമീപം കെഎഫ്ഡിസിയുടെ സ്റ്റാളുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഭക്ഷണം ലഭിക്കും. ഓണ്‍ ലൈന്‍ ബുക്ക് ചെയ്യുന്നതിനുള്ള സൈറ്റ്. https://gavikakkionline.com എന്നതാണ് .

 

 

ഗവിയില്‍ പുല്‍മേടുകളാല്‍ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് മറ്റൊരു കിടിലന്‍ പ്രത്യേകത. അതുപോലതന്നെ കേരളത്തില്‍ ആന,കടുവ,പുലി,കരടി തുടങ്ങിയ ജൈവ വൈവിധ്യങ്ങളെ ഒരുമിച്ച് കാണാന്‍ കഴിയുന്ന അപൂര്‍വ്വം ചില വന പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ് ഗവി. കിലോമീറ്ററുകളോളം നീളത്തില്‍ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളില്‍ പലര്‍ക്കും ഒരു നവ്യാനുഭവമാകും. ആനക്കൂട്ടങ്ങള്‍ക്ക് പുറമേ നീലഗിരി താര്‍ എന്ന വരയാട്, സിംഹവാലന്‍ കുരങ്ങ് എന്നിവ കാട്ടില്‍ വിഹരിക്കുന്നു. ഇവയൊക്കെ ഒരുക്കുന്ന കാഴ്ച്ച കണ്ടറിയുക തന്നെ വേണം.

കൗതുകം പകരുന്ന മലമുഴക്കി വേഴാമ്പലും ചിത്രശലഭക്കൂട്ടങ്ങളും വേറെ.കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ കാടിനുള്ളിലെ ടെന്റില്‍ താമസിക്കാനും അവസരമുണ്ട്.ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്വരകളും എക്കോ പോയിന്റുകളും പുല്‍മേടുകളുമൊക്കെയായി ഗവി സഞ്ചാരികളെ മാടിവിളിക്കുമെന്നുറപ്പാണ്

 

തണുപ്പരിച്ചിറങ്ങുന്ന ഗവിയിലെ നദീ തടങ്ങളിലൂടെയുള്ള യാത്രകള്‍, ബോട്ടിംഗ്, ജംഗിള്‍ സഫാരി എന്നിവ മനോഹരമായ ഒരു ദിനം നിങ്ങള്‍ക്ക് സമ്മാനിക്കും എന്നതില്‍ സംശയം വേണ്ട. കാനന കാഴ്ച്ചകളും കണ്ട് സന്തോഷത്തിന്റെ നിറുകയിലേക്കെത്തിക്കാന്‍ ഗവി യാത്ര മാത്രം മതി, സഞ്ചാരികള്‍ക്ക് എല്ലാ വിധ സുരക്ഷയും നല്‍കി കൊണ്ട് വനപാലകരും കൂടെ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. വനം വകുപ്പിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ഗവി. ശബരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച എട്ട് തടാകങ്ങളില്‍ ഒന്ന് ഗവിക്ക് സ്വന്തം. നിഗൂഡതകളും , കോടമഞ്ഞിന്റെ തണുപ്പുമായി ഗവി തന്റെ സഞ്ചാരികളെയും കാത്തിരിക്കുന്നു .