കെ റെയിലിന് ബദലായി മൂന്നാമതൊരു റെയില്‍വേ ലൈന്‍; ആവശ്യവുമായി ബി.ജെ.പി നേതാക്കള്‍ റെയില്‍വേ മന്ത്രിയെ കാണും
Kerala News
കെ റെയിലിന് ബദലായി മൂന്നാമതൊരു റെയില്‍വേ ലൈന്‍; ആവശ്യവുമായി ബി.ജെ.പി നേതാക്കള്‍ റെയില്‍വേ മന്ത്രിയെ കാണും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th July 2022, 2:42 pm

തിരുവനന്തപുരം: കെ റെയിലിന് പകരം മൂന്നാമതൊരു റെയില്‍വേ ലൈന്‍ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍. നേതാക്കള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും.

കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് ബി.ജെ.പി. നേതാക്കള്‍ ഇന്ന് ഉച്ചകഴിഞ്ഞ് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലാണ് കേരളത്തിലെ ബി.ജെ.പി നേതൃത്വം. കേരളത്തിന്റെ വികസനത്തിനെതിരാണ് ബി.ജെ.പി എന്ന പ്രചാരണത്തെ മറികടക്കാന്‍ കൂടിയാണ് പ്രതിനിധി സംഘം ദല്‍ഹിയില്‍ എത്തിയിട്ടുളളത്.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം നിലവിലുള്ള റെയില്‍വേ ട്രാക്കിന് സമാന്തരമായി മൂന്നാം ലൈന്‍ കേരളത്തിന് അനുവദിക്കണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെടും.

അതേസമയം, നേമം ടെര്‍മിനല്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവെക്കും. നേമം ടെര്‍മിനല്‍ പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്‍മാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ പിന്മാറ്റം ബി.ജെ.പിയെ രാഷ്ട്രീയമായി ബാധിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം.

‘കെ റെയില്‍ എന്ന പേരില്‍ റെയില്‍വേ വകുപ്പിന്റെ മുമ്പാകെ കൊടുത്തിരിക്കുന്ന പദ്ധതി സാമ്പത്തികമായി നടപ്പിലാക്കാന്‍ പറ്റുന്നതല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ വേഗത കൂടിയ തീവണ്ടികള്‍ ഓടിക്കാനുള്ള സംവിധാനമുണ്ടാകണം. അതിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും’ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: A third line as an alternative to the K Rail; BJP leaders will meet the Railway Minister with the demand