മിസൈല്‍ ആക്രമണം?; ഹോര്‍മുസിന് സമീപം തീപിടിച്ച കപ്പലിലെ 24 ഇന്ത്യക്കാരെ പുറത്തെത്തിച്ചു
World
മിസൈല്‍ ആക്രമണം?; ഹോര്‍മുസിന് സമീപം തീപിടിച്ച കപ്പലിലെ 24 ഇന്ത്യക്കാരെ പുറത്തെത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th June 2026, 7:09 pm

മസ്‌കത്ത്: ഒമാന്‍ തീരത്തിന് സമീപം 24 ഇന്ത്യക്കാരുമായി യാത്ര ചെയ്യുകയായിരുന്ന എം.ടി. മാട്രിവെക്‌സ് എന്ന എണ്ണക്കപ്പലിന് തീപിടിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സമുദ്രമേഖലയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കപ്പലില്‍ തീപ്പിടിത്തമുണ്ടായത്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് സംഭവം. മിസൈല്‍ ആക്രമണത്തെത്തുടര്‍ന്നാണ് തീ പിടിച്ചതെന്ന് കപ്പലിലെ ജിവനക്കാരിലൊരാള്‍ ശബ്ദ സന്ദേശത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചെന്നാണ് പ്രാഥമിക വിവരം. ആകെ 24 ഇന്ത്യക്കാര്‍ മാത്രമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരമെന്ന് ഷിപ്പിങ് മന്ത്രാലയം ഡയരക്ടര്‍ ഓപേഷ് കുമാര്‍ ശര്‍മ അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണം കാരണമാണോ കപ്പല്‍ കത്തിയതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തില്‍ മുഴുവന്‍ വിവരവും തേടിക്കൊണ്ടിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയവുമായി ഈ വിഷയത്തില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കപ്പലിലുണ്ടായിരുന്നവരുടെ അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് അപകട വിവരം പുറത്തറിയുന്നത്. കപ്പലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോര്‍വേഡ് സീമാന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ ഒമാന്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി ഈ പോസ്റ്റിനോട് പ്രതികരിച്ചിരുന്നു.

അപകടത്തിന്റെ വീഡിയോയും ഫോര്‍വേഡ് സീമാന്‍സ് യൂണിയന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. തീപ്പിടത്തില്‍ കപ്പലില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായെന്നും മുങ്ങാന്‍ സാധ്യതയുണ്ടെന്നും കപ്പലില്‍ നിന്നുള്ള അപായ സന്ദേശത്തില്‍ പറയുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മിസൈല്‍ ആക്രമണം കാരണമാണ് കപ്പലില്‍ തീപ്പിടിച്ചതെന്ന് ഒരു ക്രൂ മെമ്പര്‍ ശബ്ദ സന്ദേശത്തില്‍ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങളുടെ ഇന്ത്യന്‍ റൂമിലേക്ക് യു.എസ് നേവി മിസൈല്‍ ആക്രമണം നടത്തി. താഴെ ദ്വാരങ്ങളുണ്ട്. കപ്പലില്‍ തീ പിടിച്ചിരിക്കുകയാണ്. ഞങ്ങളെ സഹായിക്കൂ,’ എന്നും ശബ്ദ സന്ദേശത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ലൈഫ് ബോട്ടുകള്‍ക്ക് തീപിടിച്ചതായും സന്ദേശത്തില്‍ പറയുന്നു.

ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് പൂര്‍ണമായും പുറത്ത് കടന്ന ശേഷമാണ് കപ്പലിലെ തീപ്പിടത്തമെന്നാണ് വിവരം. ഗള്‍ഫ് ഓഫ് ഒമാന്റെ തെക്കന്‍ മേഖലയില്‍ ഒമാന്‍ കിഴക്കന്‍ തീരത്തോടടുത്തായിരുന്നു അപകട സമയത്ത് കപ്പലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം നടക്കുമ്പോള്‍ കപ്പലില്‍ ചരക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ കാര്‍വാര്‍ തുറമുഖത്ത് നിന്ന് ഒമാനിലെ ദുഖ്മ് തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പലെന്നാണ് വെസല്‍ ട്രാക്കിങ് ഡാറ്റ വ്യക്തമാക്കുന്നത്.

കപ്പലിലുണ്ടായിരുന്നവരെ പരിക്കുകളൊന്നും കൂടാതെ രക്ഷിക്കാന്‍ സാധിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ഹെലികോപ്റ്റുപയോഗിച്ച് രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫോര്‍വേഡ് സീമാന്‍സ് യൂണിയന്‍ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

Content Highlight: A tanker carrying 24 Indian crew members caught fire near Oman Cost