പാലക്കാട്: പാലക്കാട് ജില്ലയില്‍ അടുത്തിടെ ഉണ്ടായ സ്‌ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മൂത്താന്‍തറ വ്യാസവിദ്യാപീഠം സ്‌കൂളിന് സമീപത്തും പുതുനഗരത്തെ വീട്ടിലെ സ്‌ഫോടനവുമാണ് പ്രത്യേകസംഘം അന്വേഷിക്കുക.
ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.
പുതുനഗരത്തില്‍ പൊട്ടിയത് പന്നിപടക്കമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വനംവകുപ്പും അന്വേഷണം നടത്തും. നിലവില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് വനം വകുപ്പും മൊഴി എടുത്തേക്കും.
നിലവില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, എക്‌സ്‌പ്ലോസീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാകും. ക്വാറിയില്‍ സ്‌ഫോടക വസ്തുക്കള്‍ വരുന്നതിന്റെ വിവരങ്ങളും ശേഖരിക്കും.
കഴിഞ്ഞ മാസം 26ന് കോയമ്പത്തൂരില്‍ നിന്ന് തീവ്രവാദ വരുദ്ധ സേന ജലാറ്റിന്‍ സ്റ്റിക് പിടികൂടിയിരുന്നു. കേരളത്തിലേക്ക് വരുന്ന ലോറിയില്‍ നിന്നാണ് പിടികൂടിയത്. ഇതിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കും.
കല്ലേക്കാട് സുരേഷിന്റെ വീട്ടില്‍ നടന്ന പൊലീസ് പരിശോധനയില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. സംഭവത്തോടനുബന്ധിച്ച് 24 ഇലക്ട്രിക് ഡിറ്റനേറ്റര്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളാണ് പൊലീസ് കല്ലേക്കാട് നിന്ന് കണ്ടെത്തിയത്.
നിയമപരമായ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇലക്ട്രിക് ഡിറ്റനേറ്റര്‍ അടക്കമുള്ള സ്‌ഫോടന വസ്തുക്കള്‍ കൈവശം വെക്കാന്‍ സാധിക്കുകയുള്ളൂ. പാറമടയില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് ഇലക്ട്രിക് ഡിറ്റനേറ്റര്‍.
സംഭവത്തെ തുടര്‍ന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു പ്രതികരിച്ചിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ശേഖരിച്ചുവച്ച ബോംബുകള്‍ ആണെന്ന് സുരേഷ് ബാബു നേരത്തെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
Content Highlight: A special team will be appointed to investigate the recent explosions in Palakkad district