മദ്രാസിന്റെ മൊസാര്‍ട്ട് എന്ന് അറിയപ്പെടുന്ന എ.ആര്‍ റഹ്‌മാനാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കൊറിയോഗ്രാഫര്‍ ജാനി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ഫോട്ടോ പലരുടെയും വിമര്‍ശനത്തിന് ഇരയായി. പെദ്ദി എന്ന ചിത്രത്തിന്റെ സോങ് റെക്കോഡിങ്ങിനിടെ എ.ആര്‍. റഹ്‌മാനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ജാനി പങ്കുവെച്ചത്.
ഇതിന് പിന്നാലെ പലരും എ.ആര്‍. റഹ്‌മാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ഒരാളോടൊപ്പം എന്തിനാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും പലരും ചോദിക്കുന്നു. എ.ആര്‍. റഹ്‌മാനെപ്പോലെ ഒരു വലിയ വ്യക്തിയില്‍ നിന്ന് ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
പോക്‌സോ കേസില്‍ പ്രതിയായ ഒരാളോടൊപ്പം വര്‍ക്ക് ചെയ്യുന്നതിലൂടെ എ.ആര്‍. റഹ്‌മാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും ആളുകള്‍ക്ക് എന്ത് സന്ദേശമാണ് നല്കുന്നതെന്നും പല പോസ്റ്റുകളിലും ആളുകള്‍ ചോദിക്കുന്നുണ്ട്. ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ എ.ആര്‍. റഹ്‌മാന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
2024ലാണ് അസിസ്റ്റന്റായ പെണ്‍കുട്ടിയെ ആറ് വര്‍ഷമായി ജാനി ഉപദ്രവിക്കുന്നുവെന്ന പരാതി ഉയര്‍ന്നത്. 21കാരിയായ കൊറിയോഗ്രാഫറെ 16ാം വയസ് മുതല്‍ ജാനി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് ജാനിയെ ഹൈദരബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 14 ദിവസത്തേക്ക് റിമാന്‍ഡില്‍ പോയ ജാനി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.
ഇത്തരമൊരു പശ്ചാത്തലമുള്ള ജാനിയോടൊപ്പം ഒരുമിച്ച് വര്‍ക്ക് ചെയ്തതിന്റെ പേരിലാണ് റഹ്‌മാന്‍ വിമര്‍ശനം നേരിടുന്നത്. മുമ്പ് വൈരമുത്തുവിന് നേരെ മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം റഹ്‌മാന്‍ അയാളോടൊപ്പം വര്‍ക്ക് ചെയ്തിരുന്നില്ല. താന്‍ സംഗീതം നല്കുന്ന സിനിമകളില്‍ വൈരമുത്തുവില്ലെന്ന് ഉറപ്പാക്കുകയും ചെയ്തയാളായിരുന്നു എ.ആര്‍. റഹ്‌മാന്‍.
വൈരമുത്തുവിനെതിരെ പരാതി ഉന്നയിച്ച ചിന്മയിയെ തമിഴ് സിനിമ ഒന്നടങ്കം ബാന്‍ ചെയ്തപ്പോള്‍ തന്റെ സിനിമകളുടെ ഹിന്ദി, തെലുങ്ക് വേര്‍ഷനുകളില്‍ ചിന്മയിക്ക് റഹ്‌മാന്‍ അവസരം നല്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ അദ്ദേഹം എങ്ങനെയാകും പ്രതികരിക്കുകയെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: A R Rahman’s new photo with Jani Master getting criticized