നാല് ഇന്റര്‍വെല്‍ ബ്ലോക്കുള്ള ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത ചിത്രം, ഇന്നും ആളുകളുടെ ഫേവറെറ്റ്: എ.ആര്‍. മുരുകദോസ്
Indian Cinema
നാല് ഇന്റര്‍വെല്‍ ബ്ലോക്കുള്ള ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത ചിത്രം, ഇന്നും ആളുകളുടെ ഫേവറെറ്റ്: എ.ആര്‍. മുരുകദോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th August 2025, 3:19 pm

തമിഴ് സിനിമയുടെ ഗതി മാറ്റിയ സംവിധായകരില്‍ എക്കാലവും മുന്നില്‍ നില്‍ക്കുന്നയാളാണ് എ.ആര്‍. മുരുകദോസ്. കഴിഞ്ഞ കുറച്ച് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും വമ്പന്‍ തിരിച്ചുവരവ് നടത്താനുള്ള കെല്പ് ഇപ്പോഴും അദ്ദേഹത്തിനുണ്ട്. ചെയ്ത സിനിമകളെല്ലാം ഇന്നും പലരുടെയും ഫേവറെറ്റാണ്.

സൂര്യയെ നായകനാക്കി മുരുകദോസ് ഒരുക്കിയ ചിത്രമാണ് ഗജിനി. ഇരുവരുടെയും കരിയറില്‍ വലിയം ഇംപാക്ടുണ്ടാക്കിയ ചിത്രം വന്‍ വിജയമായിരുന്നു. തമിഴില്‍ അധികം കണ്ടുശീലിച്ചിട്ടില്ലാത്ത കഥ പ്രേക്ഷകര്‍ സ്വീകരിച്ചു. നാല് ഇന്റര്‍വെല്‍ ബ്ലോക്കുള്ള സിനിമ എന്ന രീതിയിലാണ് താന്‍ ഗജിനിയെ സമീപിച്ചതെന്ന് പറയുകയാണ് മുരുകദോസ്.

കുട്ടിക്കാലത്ത് വായിച്ച നോവലില്‍ ആദ്യത്തെ ചാപ്റ്ററില്‍ ഒരു കഥാപാത്രത്തെക്കുറിച്ചും അടുത്ത ചാപ്റ്ററില്‍ മറ്റൊരു കഥാപാത്രത്തെക്കുറിച്ചും പറയുന്ന രീതി തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ആ രീതിയാണ് താന്‍ ഗജിനി എന്ന ചിത്രത്തിനായി ഉപയോഗിച്ചതെന്നും നാല് കഥകള്‍ തന്റെയുള്ളില്‍ ഉണ്ടായിരുന്നെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ദീന റിലീസായ ശേഷം എന്റെ സിനിമകളിലെ ഇന്റര്‍വെല്‍ സീന്‍ നന്നായിട്ടുണ്ടെന്ന് പലരും പറഞ്ഞു. അടുത്തത് എന്താകുമെന്ന ക്യൂരിയോസിറ്റിയിലാണ് ആ സിനിമകളില്‍ ഇന്റര്‍വെല്‍ ബ്ലോക്ക് വരുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്. എനിക്ക് അത് വലിയ പ്രചോദനമായി. അടുത്ത സിനിമയില്‍ കുറച്ചധികം ക്യൂരിയോസിറ്റി ഉണ്ടാക്കമെന്ന ചിന്തയിലാണ് നാല് ഇന്റര്‍വല്‍ എന്ന ഐഡിയ കൊണ്ടുവന്നത്.

ഒരു ലവ് ട്രാക്ക്, അതിന്റെ അവസാനം വില്ലന്‍ നായികയെ കൊല്ലുന്നു. നായകനെ സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടുന്ന ഒരാള്‍ പിന്നീട് അയാളെ ചതിക്കുകയും ഒടുവില്‍ തെറ്റ് തിരുത്തുകയും ചെയ്യുന്ന മറ്റൊരു ട്രാക്ക്. വില്ലനെ കൊല്ലാന്‍ നടക്കുന്ന നായകന്‍ എന്നിങ്ങനെയുള്ള ട്രാക്കുകള്‍ ചേര്‍ന്ന് ഒരൊറ്റ കഥയാക്കി മാറ്റി. അത് ഇടവിട്ട് ഇടവിട്ട് കാണിച്ചത് പ്രേക്ഷകര്‍ക്ക് വര്‍ക്കായി,’ മുരുകദോസ് പറയുന്നു.

കെ. ബാലചന്ദറിന്റെ റയില്‍ സ്‌നേഹം എന്ന സീരിയല്‍ ഇതേ പാറ്റേണിലാണ് കഥ പറയുന്നതെന്നും അതേ രീതിയാണ് താനും ഫോളോ ചെയ്യുന്നതെന്നും മുരുകദോസ് കൂട്ടിച്ചേര്‍ത്തു. ഇന്നും ആളുകള്‍ ഗജിനിയെക്കുറിച്ച് സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു എ.ആര്‍. മുരുകദോസ്.

Content Highlight: A R Murugadoss explains the writing process of Ghajini movie