ഹിന്ദി സിനിമ ചെയ്യുമ്പോള്‍ സ്വയം വികലാംഗനെപ്പോലെയാണ് തോന്നിയത്: എ.ആര്‍. മുരുകദോസ്
Indian Cinema
ഹിന്ദി സിനിമ ചെയ്യുമ്പോള്‍ സ്വയം വികലാംഗനെപ്പോലെയാണ് തോന്നിയത്: എ.ആര്‍. മുരുകദോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th July 2025, 7:38 pm

ഒരുകാലത്ത് തമിഴിലെ മുന്‍നിര സംവിധായകനായിരുന്നു എ.ആര്‍. മുരുകദോസ്. എന്നാല്‍ കഴിഞ്ഞ കുറച്ച് സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടാതെ പോയിരുന്നു. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ നായകനാക്കി മുരുകദോസ് ഒരുക്കിയ സിക്കന്ദര്‍ വന്‍ പരാജയമായി മാറുകയും ചെയ്തു. ഇപ്പോഴിതാ അന്യഭാഷയിലെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് എ.ആര്‍. മുരുകദോസ്.

എപ്പോഴും സ്വന്തം ഭാഷയില്‍ സിനിമ ചെയ്യുമ്പോഴാണ് തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യമുള്ളതുപോലെ തോന്നാറുള്ളതെന്ന് മുരുകദോസ് പറയുന്നു. സ്വന്തം ഭാഷയിലെ ട്രെന്‍ഡുകള്‍ക്കനുസരിച്ചുള്ള ഡയലോഗുകള്‍ സ്‌ക്രിപ്റ്റില്‍ ചേര്‍ത്താല്‍ വര്‍ക്കാകുമെന്ന കോണ്‍ഫിഡന്‍സുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു മുരുകദോസ്.

‘ഹിന്ദിയില്‍ സിനിമ ചെയ്യുമ്പോള്‍ ഹാന്‍ഡികാപ്ഡായാണ് സ്വയം തോന്നുക. കാരണം, എനിക്ക് ആ ഭാഷയുടെ ആത്മാവ് അറിയില്ല. നമ്മള്‍ ഇവിടെ കഥ മാത്രം പറയുന്നു. അവര്‍ അതിനനുസരിച്ച് സ്‌ക്രീന്‍പ്ലേയും ഡയലോഗും തയാറാക്കാന്‍ സഹായിക്കും. അതില്‍ എന്റേതായിട്ടുള്ള ഒരു കോണ്‍ട്രിബ്യൂഷന്‍ നടത്താനാകില്ല.

ആര്‍ട്ടിസ്റ്റുകളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോള്‍ അവരില്‍ നിന്ന് കൂടുതലായി നമുക്ക് ഒന്നും നേടിയെടുക്കാനാകില്ല. സ്‌പോട്ടില്‍ ഇംപ്രൊവൈസ് ചെയ്യുന്ന ചില കാര്യങ്ങളുണ്ടാകുമല്ലോ. അത് ആ ഭാഷയില്‍ എത്രകണ്ട് വര്‍ക്കാകുമെന്ന് ഉറപ്പ് പറയാന്‍ നമുക്കാകില്ല. ഇവിടെയാണെങ്കില്‍ നമുക്ക് അതിനെക്കുറിച്ച് ഐഡിയയുണ്ടാകുമല്ലോ,’ എ.ആര്‍. മുരുകദോസ് പറഞ്ഞു.

തമിഴുമായി കുറച്ചൊക്കെ അടുത്ത് നില്‍ക്കുന്നതിനാല്‍ തെലുങ്കില്‍ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഹിന്ദിയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും സ്‌ക്രിപ്റ്റ് വായിച്ചാലും അതിന്റെ മീറ്റര്‍ മാത്രമേ മനസിലാകുള്ളൂവെന്നും മുരുകദോസ് കൂട്ടിച്ചേര്‍ത്തു. തമിഴില്‍ സിനിമ ചെയ്യുന്നതുപോലെ കംഫര്‍ട്ട് മറ്റൊന്നിലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ഇപ്പോള്‍ തമിഴില്‍ ഒരു സിനിമ ചെയ്യാന്‍ തോന്നിയാല്‍ അതില്‍ എന്തൊക്കെ കാര്യങ്ങള്‍ ചേര്‍ക്കാനാകുമെന്ന കാര്യത്തില്‍ ഒരു ഐഡിയയുണ്ടാകും. എന്നാല്‍ ഹിന്ദി പോലെ യാതൊരു ഐഡിയയുമില്ലാത്ത ഭാഷയില്‍ ആളുകള്‍ എന്ത് ചിന്തിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഐഡിയയില്ല,’ അദ്ദേഹം പറയുന്നു.

ശിവകാര്‍ത്തികേയനെ നായകനാക്കി മുരുകദോസ് സംവിധാനം ചെയ്യുന്ന മദ്രാസി റിലീസിന് തയാറെടുക്കുകയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. കന്നഡ താരം രുക്മിണി വസന്താണ് നായിക. വിദ്യുത് ജംവാള്‍ വില്ലനായെത്തുന്ന ചിത്രത്തില്‍ മലയാളി താരം ബിജു മേനോനും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: A R Murugadoss about the failure of Sikander movie