മലപ്പുറം: റാപ്പര്‍ വേടന്റെ (ഹിരണ്‍ദാസ് മുരളി) പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബി.ജെ.പി അനുകൂല സിന്‍ഡിക്കേറ്റ് അംഗം. സിലബസില്‍ നിന്ന് വേടന്റെ പാട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗം എ.കെ. അനുരാജാണ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് വൈസ് ചാൻസിലർ പി. രവീന്ദ്രന് അനുരാജ് കത്തി നല്‍കി.
കലയിലൂം പഠനത്തിലുമൊക്കെ മഹത്തായ പാത സൃഷ്ടിച്ചിട്ടുള്ള ഭാരതീയസംസ്‌കാരത്തെ അറിഞ്ഞോ അറിയാതെയോ വെല്ലുവിളിക്കുന്ന ശൈലി ഹിരണ്‍ദാസിന്റെ പാട്ടുകളിലും നിലപാടുകളിലും പ്രകടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എ.കെ. അനുരാജിന്റെ പരാതി.
വേടന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്, അയാള്‍ ജീവിതത്തില്‍ പിന്‍തുടരുന്ന അനുകരണീയമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുമെന്നാണ് പരാതിയില്‍ പറയുന്നു. വേടന്റെ പല വീഡിയോകളും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതാണെന്നും സിന്‍ഡിക്കേറ്റ് അംഗം പറഞ്ഞു. വേടനെതിരായ കേസുകള്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
ഒന്നിലധികം കേസുകള്‍ നേരിടുന്ന വ്യക്തിയും കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താന്‍ വരുംതലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സമ്മതിച്ചിട്ടുമുള്ള വേടന്റെ പാട്ട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്നും അനുരാജ് പറഞ്ഞു.
വേടന്റെ രചന പഠിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തയ്യാറാകുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് പകരുമെന്നുറപ്പാണ്. അത്യന്തം ഖേദകരമായ തീരുമാനം പിന്‍വലിക്കണമെന്നും വേടന്റെ രചനകള്‍ക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ കാമ്പുറ്റ രചനകള്‍ പാഠഭാഗമാക്കണമെന്നും എ.കെ. അനുരാജ് ആവശ്യപ്പെട്ടു.
അതേസമയം കാലിക്കറ്റ് സര്‍വകലാശാലയിലെ ബി.എ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്.
അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യ പഠനമാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.
Content Highlight: A pro-BJP syndicate member has filed a complaint with the Calicut University VC demanding that the decision to include the vedan’s song in the curriculum be withdrawn