എ. പത്മകുമാറിനെ വെട്ടി; ആറന്മുള മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടു
Kerala
എ. പത്മകുമാറിനെ വെട്ടി; ആറന്മുള മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടു
രാഗേന്ദു. പി.ആര്‍
Sunday, 15th March 2026, 9:43 pm

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയും മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ എ. പത്മകുമാറിനെതിരെ നടപടി.

ആറന്മുള മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പത്മകുമാറിനെ മാറ്റി. പകരം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഓമല്ലൂര്‍ ശങ്കരന് ചുമതല നല്‍കി.

ജില്ലാ കമ്മിറ്റിയില്‍ നിന്നും പത്മകുമാറിനെ നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് നാളെ (തിങ്കള്‍) ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് എ. പത്മകുമാറിനെതിരെ സി.പി.ഐ.എം നടപടിയെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലാ കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പത്മകുമാറിനെ ഒഴിവാക്കിയിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പത്മകുമാറിനെ ഒഴിവാക്കാന്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്മകുമാറിന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമായിരിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപാളി കേസിലും ദ്വാരപാലക കേസിലും എ. പത്മകുമാര്‍ പ്രതിയാണ്. എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് പത്മകുമാര്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായതും ജയില്‍വാസം അനുഭവിച്ചതും.

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പത്മകുമാര്‍ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് വിശദീകരണം നല്‍കിയിരുന്നു. തപാല്‍ മുഖേനയാണ് സി.പി.ഐ.എം പത്മകുമാറിന്റെ വിശദീകരണം തേടിയത്.

2025 നവംബര്‍ 20നാണ് കട്ടിളപാളി കേസില്‍ എ. പത്മ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ റിമാന്‍ഡിലിക്കെ ദ്വാരപാലക കേസിലും എസ്.ഐ.ടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മാര്‍ച്ച് 31നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

Content Highlight: A. Padmakumar lost Aranmula constituency LDF convener position

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.