കോട്ടയം: സംസ്ഥാനത്ത് ക്രൈസ്തവ മേഖലയില്‍ നിന്ന് ബി.ജെ.പി അനുകൂലമായ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാന്‍ ജോര്‍ജ്. ജെ. മാത്യുവാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കുക.
കേരള ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. കോട്ടയത്ത് ഇന്ന് ഫാര്‍മേഴ്‌സ് ഫെഡറേഷന്റെ സംഘടന സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. ഈ സമ്മേളനത്തില്‍ വെച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് ന്യൂസ് മലയാളം 24*7 റിപ്പോര്‍ട്ട് ചെയ്തത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ക്രൈസ്തവ വിഭാഗത്തിനിടയിലെ ബി.ജെ.പിയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണ് പുതിയ പാര്‍ട്ടികൊണ്ട് ഉദ്ദേശിക്കുന്നത്. കോട്ടയം ആസ്ഥാനമായാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുക. ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ ബി.ഡി.ജെ.എസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കും.
മുമ്പ് ക്രിസ്തീയ സംഘടനയായ കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പിയുടെ സഖ്യകക്ഷിയായാവും പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പണ്ട് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ സഭകള്‍ പറയുന്ന നിലപാടില്‍ ഉറച്ചുനിന്നിരുന്നെന്നും എന്നാല്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം അതില്‍ മാറ്റം വന്നുവെന്ന് പറഞ്ഞ് കെവിന്‍ പീറ്റര്‍ ബി.ജെ.പി.യെയും അവരുടെ സഖ്യകക്ഷികളെയും പിന്തുണയ്ക്കുക എന്ന തുറന്ന സമീപനമാണ് നിലവില്‍ ക്രിസ്ത്യാനികള്‍ക്കുള്ളതെന്നും അവകാശപ്പെട്ടിരുന്നു.
കേരള കോണ്‍ഗ്രസിനെ ഒരു ക്രിസ്ത്യന്‍ പാര്‍ട്ടിയായി കാസ കണ്ടിരുന്നെങ്കിലും നിലവില്‍ അവര്‍ക്ക് പഴയ ശക്തി ഇല്ലെന്നും കെവിന്‍ പീറ്റര്‍ അഭിപ്രായപ്പെട്ടു. അവര്‍ക്ക് സമുദായത്തിനിടയിലുള്ള സ്വാധീനം കുറഞ്ഞെന്നും ഈ വിടവ് നികത്താന്‍ കാസയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് സാധിക്കുമെന്നും കെവിന്‍ പീറ്റര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടി രൂപീകരണത്തിന്റെ മറ്റ് വാര്‍ത്തകള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
Content Highlight: A new pro-BJP Christian party is reportedly coming into being in Kottayam