മതന്യൂനപക്ഷങ്ങള്‍ വിശ്വസിക്കുന്നത് പാണക്കാട് തങ്ങളെയല്ല, പിണറായി വിജയനെ; മുഖ്യമന്ത്രി ത്യാഗത്തിന്റെയും സഹനത്തിന്റെയും ഉല്‍പ്പന്നം: എ.എന്‍. ഷംസീര്‍
Kerala News
മതന്യൂനപക്ഷങ്ങള്‍ വിശ്വസിക്കുന്നത് പാണക്കാട് തങ്ങളെയല്ല, പിണറായി വിജയനെ; മുഖ്യമന്ത്രി ത്യാഗത്തിന്റെയും സഹനത്തിന്റെയും ഉല്‍പ്പന്നം: എ.എന്‍. ഷംസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th June 2022, 3:09 pm

തിരുവനന്തപുരം: പ്രതിപക്ഷം ഇസ്‌ലാമോഫോബിയയുടെ വക്താക്കളാകുന്നുവെന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ. സ്വര്‍ക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖുര്‍ആന്‍, ബിരിയാണിച്ചെമ്പ് എന്നിവയെല്ലാം ഇസ്‌ലാമോഫോബിയക്കായിയാണ് ഉപയോഗിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ വിശ്വസിക്കുന്ന മുഖം പാണക്കാട് തങ്ങളുടേതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റേതാണെന്നും ഷംസീര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് നിയമസഭയിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഷംസീര്‍. ഇടതുപക്ഷ രാഷ്ട്രീയത്തേയും അതിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനേയും തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്. പിണറായിയെന്ന രാഷ്ട്രീയ നേതാവ് ത്യാഗത്തിന്റെ സഹനത്തിന്റെയും ഉല്‍പ്പന്നമാണ്. ഭരണപക്ഷത്തിനെതിരായ പ്രചരണങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ വക്കീലായ അഡ്വ. കൃഷ്ണരാജ് വര്‍ഗീയ ഭ്രാന്തനാണ്. മുഖ്യമന്ത്രിയെ പ്രതിപക്ഷം നിരന്തരം വേട്ടയാടുന്നു. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ജനം രണ്ടാമതും മുഖ്യമന്ത്രിയായി തെരഞ്ഞടുത്തയാളാണ് പിണറായി വിജിയനെന്നത് പ്രതിപക്ഷം ഓര്‍ക്കണം. അഹങ്കാരത്തിന് കയ്യും കാലുംവെച്ച നേതാവായി പ്രതിപക്ഷനേതാവ് മാറിയെന്നും ഷംസീര്‍ പറഞ്ഞു.

സ്വപ്ന സുരേഷ് എന്ന അവതാരം എങ്ങനെയാണ് സെക്രട്ടേറിയറ്റിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോയെന്നായിരുന്നു സഭയില്‍ സംസാരിച്ച
മാത്യു കുഴല്‍നാടന്റെ ചോദ്യം.

ബാഗ് മറന്നുവെക്കുന്നത് സ്വാഭാവികമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി യു.എ.ഇയില്‍ ആയിരിക്കുമ്പോള്‍ ബാഗ് മറന്നെങ്കില്‍ അത് കൊടുത്തയക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ത്രാണിയില്ലേയെന്നും എന്തിനാണ് നയതന്ത്രചാനല്‍ ഉപയോഗിച്ചതെന്നും കുഴല്‍നാടന്‍ ചോദിച്ചു. ക്ലിഫ് ഹൗസില്‍ സ്വപ്ന നിത്യ സന്ദര്‍ശകയാണെന്ന കാര്യം മുഖ്യമന്ത്രിക്ക് നിഷേധിക്കാന്‍ കഴിയമോയെന്നും അദ്ദേഹം ചോദിച്ചു. ഒരു സി.പി.ഐ.എം നേതാവിനോ എം.എല്‍.എക്കുമോ ഇല്ലാത്ത പ്രിവിലേജ് സ്വപ്നയ്ക്ക് നല്‍കിയിരുന്നില്ലേയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

സ്വര്‍ണക്കടത്ത് വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ കാരണം അസഹിഷ്ണുതയാണെന്ന് വി. ജോയ് എം.എല്‍.എ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരില്ലെന്നാണ് പ്രതിപക്ഷം പ്രതീക്ഷിച്ചത്. വീണ്ടും വന്നതിലുള്ള അസഹിഷ്ണുതയാണ് അവര്‍ക്കെന്നും വി. ജോയ് കൂട്ടിച്ചേര്‍ത്തു.