മികച്ച പ്രതിപക്ഷത്തെയാണ് രണ്ട് പിണറായി സര്‍ക്കാരിനും ലഭിച്ചത്; സ്പീക്കറാകുമ്പോള്‍ നല്ലൊരു റഫറിയായിരിക്കും: എ.എന്‍. ഷംസീര്‍
Kerala News
മികച്ച പ്രതിപക്ഷത്തെയാണ് രണ്ട് പിണറായി സര്‍ക്കാരിനും ലഭിച്ചത്; സ്പീക്കറാകുമ്പോള്‍ നല്ലൊരു റഫറിയായിരിക്കും: എ.എന്‍. ഷംസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th September 2022, 10:01 am

കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ രണ്ട് ടേമുകളിലും മികച്ച പ്രതിപക്ഷത്തെയാണ് ലഭിച്ചതെന്ന പ്രതികരണവുമായി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി എ.എന്‍. ഷംസീര്‍. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന തന്റെ ഉത്തരവാദിത്തം ഏറ്റവും മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്ന് എ.എന്‍. ഷംസീര്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളിലും സഭയ്ക്കകത്ത് എം.എല്‍.എയുമായുമുള്ള തന്റെ പ്രകടനത്തെയും മാത്രം വിലയിരുത്തി സ്പീക്കറായാല്‍ എങ്ങനെയുണ്ടാകുമെന്ന കാര്യത്തില്‍ മുന്‍വിധികളുണ്ടാകരുതെന്നും എ.എന്‍. ഷംസീര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നല്‍കിയ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷംസീര്‍.

‘ഫ്‌ളോറിനകത്ത് പരസ്പരം അടി കൂടിയാലും അതുകഴിഞ്ഞ് ഞങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിക്കാറുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും നല്ല പ്രതിപക്ഷനിര തന്നെയാണ് കേരളത്തിലുണ്ടായിട്ടുള്ളത്. അതേസമയം ഭരണകക്ഷിയും ശക്തമാണ്. പ്രതിപക്ഷത്തെ പ്രതിരോധിക്കാനും കടന്നാക്രമിക്കാനും കഴിയുന്ന കരുത്ത് ഭരണകക്ഷിക്കുണ്ട്.

ചാനല്‍ മുറിക്കകത്ത് ഞങ്ങള്‍ പലപ്പോഴും ഒറ്റയ്ക്കാണ്. അതുകൊണ്ട് വലിയ രീതിയില്‍ കടന്നാക്രമിച്ച് സംസാരിക്കേണ്ടി വരും. പക്ഷെ സ്പീക്കറാകുമ്പോള്‍ റഫറിയാണല്ലോ. അവിടെ ഭരണപക്ഷവും പ്രതിപക്ഷവും പറയുന്ന വാദങ്ങളെ ഒരു നിശബ്ദ നിരീക്ഷകനായി നിന്ന് കേള്‍ക്കുകയും കാണുകയുമേ എനിക്ക് ചെയ്യാനുള്ളു. രണ്ട് പക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. അത് നല്ല നിലയില്‍ തന്നെ ചെയ്യും.

സ്പീക്കര്‍ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടപ്പോള്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വിളിച്ചിരുന്നു. സഭ മികച്ച രീതിയില്‍ കൊണ്ടുപോകുന്നതിനുമുള്ള എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡോണ്ട് ജഡ്ജ് എ ബുക്ക് ബൈ ഇറ്റസ് കവര്‍ എന്ന പ്രയോഗമുണ്ടല്ലോ. അതുപോലെയാണ് ഇക്കാര്യവും.
ഇത്രയും കാലം സി.പി.ഐ.എമ്മിന് വേണ്ടി മിഡ് ഫീല്‍ഡില്‍ നിന്ന് കളിക്കുക എന്നതായിരുന്നു എന്റെ കടമ. ആ മിഡ് ഫീല്‍ഡില്‍ നിന്ന് റഫറിയുടെ റോളാണ് നല്‍കിയിരിക്കുന്നത്. ഞാന്‍ നല്ല റഫറിയാകാന്‍ പരിശ്രമിക്കും.

അതേസമയം രാഷ്ട്രീയം പറയാതെ മുന്നോട്ടു പോകാനാകില്ല. എന്നാല്‍ സഭയ്ക്കകത്ത് കക്ഷി രാഷ്ട്രീയം പറയില്ല. എന്നാല്‍ ജനാധിപത്യം അപകടം നേരിടുന്നതുപോലെയുള്ള രാഷ്ട്രീയം പറയേണ്ട ഘട്ടത്തില്‍ അത് പറയും,’ ഷംസീര്‍ പറഞ്ഞു.

കോടിയേരിയുടെ ആരോഗ്യനിലയെ കുറിച്ചും ഷംസീര്‍ അഭിമുഖത്തില്‍ സംസാരിച്ചു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച കോടിയേരി മകനെ പോലെയാണ് തന്നെ കോടിയേരി കണ്ടിരുന്നതെന്നും ഷംസീര്‍ പറഞ്ഞു. ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന കോടിയേരിയെ കഴിഞ്ഞ ദിവസം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

‘കോടിയേരിയുടെ അസുഖം വ്യക്തിപരമായി അലട്ടുന്നുണ്ട്. അദ്ദേഹം മകനെ പോലെയാണ് എന്നെ കരുതിയിട്ടുള്ളത്. ഉപദേശിക്കേണ്ട സമയത്ത് ഉപദേശിച്ചും ശാസിക്കേണ്ട സമയത്ത് ശാസിച്ചുമാണ് അദ്ദേഹം കൂടെ നിന്നിട്ടുള്ളത്. എന്നെ പൊതുപ്രവര്‍ത്തകനായി രൂപപ്പെടുത്തുന്നതില്‍ കോടിയേരി വലിയ പങ്കുവഹിച്ചിട്ടുണ്ട്.  അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,’ ഷംസീര്‍ പറഞ്ഞു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എമ്മിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനില്‍ക്കുകയും മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന്‍ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നതും എ.എന്‍. ഷംസീര്‍ സ്പീക്കര്‍ പദവിയിലേക്കെത്തുന്നതും. എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ സ്വയം ഭരണവകുപ്പും എക്‌സൈസും മുന്‍ സ്പീക്കറായിരുന്ന എം.ബി. രാജേഷിനെ ഏല്‍പ്പിക്കുകയായിരുന്നു.

Content Highlight: A N Shamseer about opposition and speaker position