നീതിയെ പരിഹസിക്കുന്നത്; ഉമർഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യം നിഷേധിച്ച വിധിയിൽ സി.പി.ഐ.എം
India
നീതിയെ പരിഹസിക്കുന്നത്; ഉമർഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യം നിഷേധിച്ച വിധിയിൽ സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th September 2025, 9:42 am

ന്യൂദൽഹി: വിചാരണ കൂടാതെ അഞ്ച് വർഷമായി ജയിലിൽ കിടക്കുന്ന ഉമർഖാലിദ്, ഷർജിൽ ഇമാം എന്നിവരടക്കം 10 പേർക്ക് ജാമ്യം നിഷേധിച്ച ദൽഹി ഹൈക്കോടതി വിധിയെ അപലപിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളപ്പെടുന്നതെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരിയിൽ ദൽഹിയിൽ നടന്ന വർഗീയ കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അഞ്ച് വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ് ഇവർ.

അക്രമരാഷ്ട്രീയത്തെ കൂട്ടുപിടിച്ച് മുസ്‌ലിം രാഷ്ട്ര നിർമാണത്തിന് ശ്രമിച്ചു. മുസ്‌ലിം ആഭിമുഖ്യ ഗ്രൂപ്പുകൾ, തീവ്ര സംഘടനകൾ, ഇടത് അരാജകവാദികൾ എന്നിവരെ കൂട്ടുപിടിച്ച് കലാപത്തിന് ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് ഉമർ ഖാലിദിനെതിരെ പൊലീസ് ആരോപിച്ചത്. ഷർജിൽ ഇമാം ഖാലിദ് ഉൾപ്പെടെയുള്ളവർക്കായിട്ടാണ് പ്രവർത്തിച്ചതെന്നും ഷാഹീൻ ബാഗിൽ അടക്കം റോഡ് ഉപരോധിച്ചുള്ള സമരത്തിന് പിന്നിൽ ഷർജിലാണെന്നും പൊലീസ് ആരോപിച്ചിരുന്നു. ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ ചൊവ്വാഴ്ച അപേക്ഷ തള്ളുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി ഇവർക്കെതിരായ കുറ്റപത്രം സമർപിപ്പിച്ചിട്ടില്ലെന്നും ദൽഹി ഹൈക്കോടതിയുടെ വിധി നീതിയെ പരിഹസിക്കുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

‘ദൽഹി ഹൈക്കോടതിയുടെ തീരുമാനം നീതിയെ പരിഹസിക്കുന്നതാണ്. ജാമ്യം അനുവദിക്കുക എന്നത് നിയമമാണ്, ജാമ്യം അനുവദിക്കാതിരിക്കുന്നത് ചട്ടത്തിന്റെ ലംഘനമാണ്’ പ്രസ്താവനയിൽ പറയുന്നു.

ഒരു കുറ്റവും തെളിയിക്കപ്പെടാതെ അഞ്ച് വർഷത്തിലേറെയായി ഇവർ ജയിലിൽ കിടക്കുമ്പോൾ അതേ ദൽഹി വർഗീയ കലാപത്തിന് തിരി കൊളുത്തിയ കപിൽ മിശ്ര, അനുരാഗ് താക്കൂർ തുടങ്ങിയ ബി.ജെ.പി നേതാക്കൾ സ്വതന്ത്രരായി നടക്കുന്നുവെന്നും പി.ബി വിമർശിച്ചു.

മാലേഗാവ് ബോംബ് സ്ഫോടനക്കേസിൽ പ്രഗ്യ സിങ്, കേണൽ പ്രസാദ് പുരോഹിത് എന്നിവർ ഉൾപ്പടെയുള്ള പ്രതികളെ കുറ്റവിമുക്തനാക്കി. ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയവരെ അഞ്ച് വർഷത്തിലേറെയായി ജയിലിൽ പാർപ്പിച്ചിരിക്കുന്നു. ഇത് നിമയത്തിന്റെ വൈരുധ്യമാണെന്നും പി.ബി ചൂണ്ടിക്കാട്ടി.

Content Highlight: A mockery of justice; CPI(M) on the verdict denying bail to Umar Khalid and Sharjeel Imam