സംഘാടകന്റെ അറസ്റ്റിന് ശേഷവും മെക്‌സിക്കോയില്‍ യു.എസ് അതിര്‍ത്തിയിലേക്ക് കുടിയേറ്റ മാര്‍ച്ച്
World
സംഘാടകന്റെ അറസ്റ്റിന് ശേഷവും മെക്‌സിക്കോയില്‍ യു.എസ് അതിര്‍ത്തിയിലേക്ക് കുടിയേറ്റ മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th August 2025, 1:09 pm

വാഷിങ്ടണ്‍: മെക്സിക്കോയിലൂടെ യു.എസ് അതിര്‍ത്തിയിലേക്ക് നടന്ന കുടിയേറ്റക്കാരുടെ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

തെക്കന്‍ മെക്സിക്കോയില്‍ വെച്ചാണ് ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗ്സ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ചിയാപാസിലെ തപാച്ചുലയില്‍ വെച്ചായിരുന്നു ലൂയിസ് ഗാര്‍സിയ വില്ലാഗ്രനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് ശേഷവും നൂറ് കണക്കിന് കുടിയേറ്റക്കാര്‍ മാര്‍ച്ച് നടത്തി.

നിയമപരമായ കുടിയേറ്റ പദവി ലഭിക്കുന്നതിന് തടസമാകുന്ന തരത്തിലുള്ള നയങ്ങളില്‍ പ്രതിഷേധിച്ചാണ് തെക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ ചിയാപാസില്‍ നിന്ന് യു.എസ് അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടന്നത്.

മെക്‌സിക്കോയിലെ കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ നേരിടുന്ന കാലതാമസവും നിയമപരമായ കുടിയേറ്റ പദവി നേടുന്നതിനുള്ള മറ്റ് തടസ്സങ്ങളും ശ്രദ്ധയില്‍പ്പെടുത്തുകയെന്നതായിരുന്നു മാര്‍ച്ചിന്റെ ലക്ഷ്യം.

ഗ്വാട്ടിമാലയ്ക്കടുത്തുള്ള അതിര്‍ത്തി നഗരമായ തപാചുലയില്‍ നിന്നാണ് ബുധനാഴ്ച മാര്‍ച്ച് ആരംഭിച്ചത്, ഏകദേശം 300 കുടിയേറ്റക്കാരും, അഭയാര്‍ത്ഥികളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

ഗാര്‍സിയ വില്ലാഗ്രനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും അദ്ദേഹത്തിനെതിരെ സംഘടിത കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും എന്‍.ജി.ഒയായ പീപ്പിള്‍ വിത്ത് ഔട്ട് ബോഡേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഗാര്‍സിയ വില്ലാഗ്രനെ ഫെഡറല്‍ ഏജന്റുമാര്‍ കസ്റ്റഡിയിലെടുത്തത്.

അതേസമയം ഇദ്ദേഹത്തിന്റെ കസ്റ്റഡി സ്ഥിരീകരിക്കാനോ കുറ്റപത്രം സമര്‍പ്പിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നും സംഘടന പറഞ്ഞു.
മനുഷ്യക്കടത്ത് ആരോപിച്ചാണ് വില്ലാഗ്രനെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

ബുധനാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം ലൂയിസിനെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.

മനുഷ്യക്കടത്തിന്റെ ഭാഗമായതില്‍ ഗാര്‍സിയ വില്ലാഗ്രനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഗാര്‍സിയ വില്ലാഗ്രന്‍ ആക്ടിവിസ്റ്റ് അല്ലെന്നും നേരത്തെ തന്നെ ഗാര്‍സിയ വില്ലാഗ്രനെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തനകനായ ലൂയിസ് വില്ലാഗ്രന്റെ തടങ്കല്‍ തീര്‍ത്തും അന്യായമാണെന്നും നീതിക്ക് നേരെയുള്ള ആക്രമണമാണ് ഇതെന്നും സംഘടനയുടെ ഡയറക്ടറായ ഇറിനോ മുജിക്ക പറഞ്ഞു.

ലൂയിസ് ചെയ്ത ഒരേയൊരു കുറ്റകൃത്യം സമ്പത്തോ ശബ്ദമോ ഇല്ലാത്തവരെ പിന്തുണച്ചതാണ്. അവര്‍ക്ക് ഒപ്പം നിന്നു എന്നതാണ്. അദ്ദേഹം വിളിച്ചുപറയുന്ന ചില സത്യങ്ങള്‍ ചിലരെ അലട്ടി. മനുഷ്യാവകാശ പ്രവര്‍ത്തകരെ കുറ്റവാളികളാക്കുന്നത് ഇനിയെങ്കിലും നിര്‍ത്തുക’ അദ്ദേഹം പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ നിരവധി കുടിയേറ്റക്കാരാണ് മെക്‌സിക്കോയുടെ തെക്കന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിച്ച് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. പല രീതിയിലുള്ള ചൂഷണത്തിനും കുടിയേറ്റക്കാര്‍ ഇരയാകേണ്ട അവസ്ഥയും ഉണ്ടായിരുന്നു.

ജനുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും അധികാരമേറ്റതിനുശേഷം, യു.എസിന്റെ വടക്കേയറ്റത്തേക്കുള്ള കുടിയേറ്റത്തില്‍ കുറവ് വന്നിരുന്നു.

ട്രംപിന്റെ നയങ്ങളായിരുന്നു അതിര്‍ത്തിയിലെ കുടിയേറ്റത്തെ മന്ദഗതിയിലാക്കിയത്. ജൂണില്‍, യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുമായി 9,306 ലേറെ ഏറ്റുമുട്ടലുകള്‍ ഉണ്ടായി.

രാജ്യത്തിന്റെ തെക്ക് ഭാഗത്ത്, യു.എസ് അതിര്‍ത്തിയില്‍ നിന്ന് കുടിയേറ്റക്കാരെ അകറ്റാന്‍ ശ്രമിക്കുന്ന മെക്‌സിക്കന്‍ നയങ്ങള്‍ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. രേഖകളില്ലെന്ന പേരില്‍ അഭയാര്‍ത്ഥികളെ അമേരിക്കയുടെ അതിര്‍ത്തിയില്‍ നിന്ന് അകറ്റി നിര്‍ത്തന്‍ മെക്‌സിക്കോ ശ്രമിച്ചിരുന്നു.

തീരുവ ഭീഷണി ഉള്‍പ്പെടെ, യു.എസിലേക്കുള്ള കുടിയേറ്റം തടയാന്‍ ട്രംപ് ഭരണകൂടം മെക്‌സിക്കോയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.

മാര്‍ച്ചിന് തൊട്ടുമുന്‍പായി ഗാര്‍സിയ വില്ലാഗ്രനെ അറസ്റ്റ് ചെയ്തത് കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും മാര്‍ച്ചില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ബുധനാഴ്ച മാര്‍ച്ചില്‍ പങ്കെടുത്ത കത്തോലിക്കാ പുരോഹിതനായ ഹെയ്മാന്‍ വാസ്‌ക്വെസും ഗാര്‍സിയ വില്ലാഗ്രാന്റെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു. അറസ്റ്റ് അന്യായമായിരുന്നെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കുടിയേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിലനില്‍ക്കുന്ന അവ്യക്തതയാണ് അറസ്റ്റ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റക്കാര്‍ക്കും അഭയം തേടുന്നവര്‍ക്കും നിയമപരമായ പദവി നേടുന്നത് എളുപ്പമാക്കുക, അതുവഴി അത്തരം പ്രതിഷേധങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: A migrant march in Mexico continues despite scrutiny of organiser’s arrest